വിസ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

ഗുരുവായൂര്‍: സൗദി അറേബ്യയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് യുവാക്കളില്‍ നിന്നു 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മലപ്പുറം എടരിക്കോട് നെല്ലിക്കാട്ടില്‍ അഖില്‍ ദാസ് (29) അറസ്റ്റില്‍. ഗുരുവായൂര്‍ ടെംപിള്‍ എസ്‌ഐ പി എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഗുരുവായൂരില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍ സ്വദേശി കാട്ടുങ്ങല്‍ സുബീഷ് തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടെംപിള്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. എസ്‌ഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം മൊബൈല്‍ ടവര്‍ ലൊക്കേഷനും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ചൊവ്വാഴ്ച സ്വകാര്യ ഓഡിറ്റോറിയത്തിനടുത്തു നിന്ന് തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍, പുതുക്കാട്, പീച്ചി മേഖലകളിലെ യുവാക്കളാണ് വിസ തട്ടിപ്പിനിരയായത്. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സമാനമായ രീതിയില്‍ വിസ തട്ടിപ്പും വാഹനതട്ടിപ്പും നടത്തിയതായി ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. പാലയൂരിലെ ഇയാളുടെ ഫഌറ്റില്‍ നിന്നു പാസ്‌പോര്‍ട്ടുകളും മെഡിക്കല്‍ റിപോര്‍ട്ടുകളും പോലിസ് കണ്ടെടുത്തു. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരില്‍ നിന്നു അഞ്ചു ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പ് നടത്തി നേടുന്ന പണം ആഡംബരജീവിതത്തിനാണു പ്രതി ഉപയോഗിച്ചിരുന്നത്.

Next Story

RELATED STORIES

Share it