വിസ അനുവദിക്കുന്നതിന് കോഴ; കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

ജോധ്പൂര്‍: പാകിസ്താനി ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ദീര്‍ഘകാലം വിസ അനുവദിക്കുന്നതിനു കോഴ വാങ്ങിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനടക്കം നാലുപേരെ അഴിമതിവിരുദ്ധ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സീനിയര്‍ ഓഫിസ് അസിസ്റ്റന്റ് പി കെ മിശ്ര, അയാളുടെ ഏജന്റുമാരായ അശോക്, ഗോവിന്ദ്, ഭഗവാന്‍ റാം എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരം കിട്ടിയതനുസരിച്ച് നഗരപ്രാന്തത്തിലെ ഒരു ഹോട്ടലില്‍വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എസിബി അധികൃതര്‍ പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ കുന്തന്‍ലാലിനെ പിടികിട്ടാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പാകിസ്താനി കുടിയേറ്റക്കാരുടെ വിസ നീട്ടുന്നതിനും ദീര്‍ഘകാല വിസ നല്‍കുന്നതിനുമുള്ള അപേക്ഷകളില്‍ പ്രതികള്‍ പണത്തിനുവേണ്ടി മനപ്പൂര്‍വം നടപടി സ്വീകരിച്ചില്ലെന്നു ഡിഐജി (എസിബി) അജയ്പാല്‍ ലംബ അറിയിച്ചു. മിശ്രയുടെ ഏജന്റുമാര്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച പാകിസ്താനി കുടിയേറ്റക്കാരാണ്.
വിസാ അപേക്ഷകള്‍ വിദേശ രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്നു ജയ്പൂരിലെ സംസ്ഥാന ആഭ്യന്തരവകുപ്പിനാണ് അയക്കുന്നത്.
അവിടെ നിന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറും. എന്നാല്‍, ഏജന്റുമാര്‍ വഴി കോഴ കിട്ടിയില്ലെങ്കില്‍ മിശ്ര അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കാറില്ലെന്ന് ലംബ പറഞ്ഞു.
പാവപ്പെട്ട കുടിയേറ്റക്കാരില്‍ നിന്ന് അവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് 500 മുതല്‍ 2000 രൂപ വരെ കോഴയായി സ്വീകരിച്ചിട്ടുണ്ട്. ഏജന്റുമാരില്‍ നിന്നു പണം പിരിക്കാന്‍ മിശ്ര ജോധ്പൂരിലെത്തുക പതിവാണ്.
കഴിഞ്ഞ മൂന്നു വര്‍ഷമായി കോഴ സ്വീകരിച്ചുവരുകയാണ് മിശ്ര. കോഴ ശൃംഖലയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല.
കുടിയേറ്റക്കാരില്‍ നിന്നു കോഴ പിരിക്കുന്ന വന്‍ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ ഉന്നതതല അന്വേഷണം വേണെമന്നും കുടിയേറ്റ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന ലോക്‌സീമന്ത് സംഗ്തന്‍ എന്ന സംഘടനയുടെ അധ്യക്ഷന്‍ ഹിന്ദു സിങ് സോധ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it