വിസ്മരിക്കപ്പെടുന്ന മഹാവിപ്ലവം

ഇംതിഹാന്‍ ഒ അബ്ദുല്ല

റമദാന്‍ ഇരുപത്: മക്കാവിജയത്തിന്റെ 1431 ാംവാര്‍ഷികം

ഒട്ടു മിക്ക ജനസമൂഹങ്ങള്‍ക്കും പിന്നിട്ട നാള്‍വഴികള്‍ക്കിടയില്‍ നാഴികക്കലുകളായ സംഭവങ്ങളുടെ തങ്കലിപികളാല്‍ എഴുതപ്പെട്ട ചരിത്രമുണ്ടായിരിക്കും. അത്തരം ചരിത്രസന്ദര്‍ഭങ്ങളുടെ അനുസ്മരണം അതിജീവനോര്‍ജ്ജം പകരുന്നതും പ്രസ്തുത സമൂഹങ്ങള്‍ക്ക് ഇന്നിന്റെ പ്രതിസന്ധികളെ മറികടക്കാന്‍ കരുത്തു പകരുന്നവയുമാണ്. ഇസലാമിക സമൂഹത്തെ സംബന്ധിച്ചേടത്തോളം പ്രവാചകന്റെ ഇരുപത്തിമൂന്നു വര്‍ഷത്തെ സംഭവബഹുലമായ പ്രവാചകത്വജീവിതം തന്നെയാണ് ഈയിനത്തില്‍ പ്രഥമ പരിഗണയനയര്‍ഹിക്കുന്നത്. റമദാന്‍ മാസത്തില്‍ പ്രവാചകജീവിതത്തില്‍ അരങ്ങേറിയ രണ്ടു മഹാസംഭവങ്ങളാണ് ബദര്‍ യുദ്ധവും മക്കാവിജയവും. കേവലം രണ്ട് വര്‍ഷം മുമ്പ് മാത്രം അഭയാര്‍ത്ഥികളായി പലായനം ചെയ്ത ഒരു സംഘം അത്യധികം പരിമിതമായ വിഭവങ്ങളുമായി തങ്ങളെ ജന്മനാട്ടില്‍നിന്നാട്ടി ഓടിച്ച സര്‍വ്വായുധസജ്ജരായ, തങ്ങളേക്കാള്‍ മൂന്നിരട്ടി വരുന്ന ഒരു സൈന്യത്തെ അമ്പേ പരാജയപ്പെടുത്തി അവരിലെ വീരശൂരപരാക്രമികളെ വകവരുത്തിയ അഭൂതപൂര്‍വ്വമായ അത്യല്‍ഭുതത്തിന്റെ പേരാണ് ബദര്‍. ദൈവത്തിന്റെ സഹായവും സൃഷ്ടികളുടെ സമര്‍പ്പണവും മേളിച്ചപ്പോള്‍ സംഭവിച്ച അല്‍ഭുതം. ബദറില്‍ നാമ്പിട്ട ആ അദ്ഭുതത്തിന്റെ വിളവെടുപ്പായിരുന്നു ആറുവര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു റമദാനില്‍ മക്കയില്‍ അരങ്ങേറിയത്.

പ്രവാചകന്‍ മക്കകാരനായിരുന്നു. മറ്റേതൊരു ഖുറൈശിയേക്കാളും മക്കക്കാരനെന്നവകാശപ്പെടാന്‍ അര്‍ഹതയും അവകാശവുമുളള മക്കക്കാരന്‍. അദ്ദേഹത്തിന്റെ  പ്രപിതാക്കളായ ഖുസയ്യും ഹാശിമുമാണ് അന്നത്തെ മക്കാനഗരിയുടെ പ്രതാപത്തിന്റെ കാരണക്കാര്‍. പിതാമഹന്‍ അബ്ദുല്‍മുതലിബാണ് മക്കാനഗരിക്ക് വിസ്മൃതിയിലാണ്ടു പോയിരുന്ന വിശുദ്ധതീര്‍ത്ഥമായ സംസം വീണ്ടെടുത്തു നല്‍കിയത്. പ്രവാചകനും നാല്‍പതാം വയസ്സില്‍ പ്രവാചകത്വവാദമുന്നയിക്കുന്നതുവരെ മക്കാനിവാസികള്‍ക്ക് പ്രിയങ്കരനായിരുന്നു. അല്‍ അമീന്‍(വിശ്വസ്തന്‍) എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. ദരിദ്രനായ മുഹമ്മദിനെ ഖുറൈശികളിലെ വര്‍ത്തക പ്രമാണിയായ ഖദീജ വിവാഹം ചെയ്തപ്പോള്‍ മക്കക്കാര്‍ അതില്‍ ആക്ഷേപാര്‍ഹമായി ഒന്നും കാണാതിരുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റ വൈശിഷ്ട്യം കൊണ്ടായിരുന്നു. ഖുറൈശീപ്രമുഖനായിരുന്ന അബൂലഹബ് തന്റെ രണ്ടു ആണ്‍മക്കള്‍ക്കും ഇണകളെ കണ്ടെത്തിയതും മുഹമ്മദിന്റെ വീട്ടില്‍ നിന്നായിരുന്നു. നിര്‍ണായക വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ മാധ്യസ്തം മക്കക്കാര്‍ അംഗീകരിച്ചിരുന്നു.

അഖില പ്രപഞ്ചത്തിന്റെയും സൃഷ്ടാവാണെന്നു ഖുറൈശികളും അംഗീകരിക്കുന്ന അല്ലാഹു ഏകനാണെന്നും അവന് പങ്കുകാരനില്ലെന്നും താന്‍ അവന്റെ ദൂതനാണെന്നും പ്രഖ്യാപിച്ചതു മുതല്‍ക്കാണ് മക്കക്കാര്‍ക്ക് മുഹമ്മദ് ശത്രുവായത്. അദ്ദേഹത്തെ ഭ്രാന്തനെന്നും ആഭിചാരകനെന്നും ആക്ഷേപിച്ചത്. താന്‍ മനസ്സിലാക്കിയ സത്യം പ്രചരിപ്പിച്ചതിന്റെ പേരില്‍ മാത്രമായിരുന്നു അദ്ദേഹത്തെയും അനുയായികളെയും  മൂന്നു വര്‍ഷം മലഞ്ചെരുവില്‍ തടഞ്ഞുനിര്‍ത്തി സാമൂഹികബഹിഷ്‌കരണിനും വിധേയമാക്കിയിരുന്നത്. പിതൃവ്യനും ഖുറൈശീകാരണവരുമായ അബൂത്വാലിബിന്റെ സംരക്ഷണത്തിലായിരുന്നതിനാലാണ് അവര്‍ അദ്ദേഹത്തെ ആദ്യഘട്ടത്തില്‍ വകവരുത്താന്‍ ശ്രമിക്കാതിരുന്നത്. മറുവശത്ത് പ്രവാചകനു മക്ക ഏറെ പ്രിയപ്പെട്ടതായിരുന്നു. പലായനത്തിന്റെ വേളയില്‍ നിന്റെ ജനത എന്നെ പുറത്താക്കിയിരുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടുപോകുമായിരുന്നില്ലെന്ന് മക്കയെ നോക്കി പ്രവാചകന്‍ പറയുന്നുണ്ട്.

പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷം മക്കയില്‍  പ്രബോധന പ്രവര്‍ത്തനങ്ങളുമായി ഒരടി പോലും മുന്നോട്ടു പോകാനാവാത്ത അവസ്ഥ സംജാതമായതിനെ തുടര്‍ന്നാണ് പ്രവാചകന്‍ യസരിബിലേക്ക് ( പ്രവാചകന്റെ പലായനത്തിനു ശേഷം യസരിബ് പ്രവാചക നഗരി എന്നര്‍ത്ഥത്തില്‍ മദീനത്തുന്നബവി എന്ന പേരിലറിയപ്പെട്ടു.) പലായനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സ്വന്തം സ്ത്രീകളെയും സന്താനങ്ങളെയും സംരക്ഷിക്കുന്നതു പോലെ പ്രവാചകനെയും സംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് യസരിബില്‍ നിന്നു വിശ്വാസികളായി ഹജ്ജിനു വന്നവര്‍  പ്രവാചകനെയും അനുചരന്‍മാരെയും  യസിരിബിലേക്ക് ക്ഷണിച്ചു. മര്‍ദ്ദനത്തിന്റെ പീഡകളേറ്റു വാങ്ങി തളര്‍ന്ന തന്റെ അനുചരന്മാരോട് സ്വാതന്ത്യത്തിന്റെയും വിമോചനത്തിന്റെയും പുതിയ തുരുത്തിലേക്ക് പലായനം ചെയ്യാന്‍ പ്രവാചകന്‍ കല്‍പിച്ചു. ഒറ്റക്കും കൂട്ടായും വിശ്വാസികള്‍ യസരിബിലേക്ക് രഹസ്യമായി നീങ്ങിത്തുടങ്ങി. ഖുറൈശികളും വെറുതെയിരുന്നില്ല. കൊടിയ പീഡനങ്ങളും സാമൂഹിക ബഹിഷ്‌കരണം കൊണ്ടും അടിച്ചമര്‍ത്തി നിര്‍ത്തിയിരുന്ന ഈ പുതിയ പ്രസ്ഥാനത്തെ സ്വതന്ത്രമാക്കി വിട്ടാല്‍ അറേബ്യന്‍ ഉപദീപിലെ തങ്ങളുടെ മേധാവിത്തിനത് സമീപ ഭാവിയില്‍ തന്നെ ഭീഷണിയായിരിക്കുമെന്നവര്‍ മനസ്സിലാക്കി. പലായനം ചെയ്യുന്നവരെ കെണ്ടത്തി പിടികൂടി ഭീകര മര്‍ദ്ദനങ്ങളഴിച്ചു വിട്ടുകൊണ്ടിരുന്നു അവര്‍.  എങ്കിലും ഇരുളിന്റെ മറവില്‍ പാത്തും പതുങ്ങിയും വിശ്വാസികളില്‍ ഭൂരിഭാഗവും പലായനം ചെയ്തു. പ്രവാചകനും ഏതാനും അനുയായികളും മാത്രമാണ് ഇനി മക്കയില്‍ അവശേഷിക്കുന്നത്.  മുഹമ്മദ് നബി കൂടി യസരിബിലെത്തിയാല്‍ പുതിയ ശക്തിയെ മക്കക്കാര്‍ക്കൊരിക്കലും തകര്‍ക്കാന്‍ സാധിക്കുകയില്ലെന്ന് മാത്രമല്ല മക്കയുടെ സമ്പദ്‌വ്യവസ്ഥ വരെ തകരാറിലാവുമെന്നുറപ്പ്. പ്രവാചകന്റെ വീട് വളഞ്ഞ് അദ്ദേഹത്തെ വധിക്കാന്‍ തന്നെ അവര്‍ നിശ്ചയിച്ചു. വീടു വളഞ്ഞ ഖുറൈശികളുടെ കണ്ണു വെട്ടിച്ച് പ്രവാചകന്‍ പലായനം ചെയ്തു. എന്നിട്ടും ഖുറൈശികള്‍ അടങ്ങിയില്ല. മുഹമ്മദിനെ പിടിക്കുന്നവര്‍ക്ക് നൂറൊട്ടകം ഇനാം പ്രഖ്യാപിച്ചു. പക്ഷെ ദൈവാനുഗ്രഹത്താല്‍ പ്രവാചകന്‍ സുരക്ഷിതനായി മദീനയിലെത്തി.

മദീനയിലെത്തിയ പ്രവാചകനെയും മുസലിംകളെയും മദീനയിലും സ്വസ്ഥമായിരിക്കാന്‍ ഖുറൈശികള്‍ അനുവദിച്ചില്ല. ബദറിലും ഉഹദിലും ഖന്തക്കിലും അവര്‍ കിട്ടാവുന്ന എല്ലാവരെയും കൂട്ടി മുസലിംകളോടേറ്റുമുട്ടി. ഏറ്റവുമൊടുവില്‍ ഖുറൈശികളെപ്പോലെ തന്നെ മുസലിംകള്‍ക്കുമവകാശപ്പെട്ട വിശുദ്ധഗേഹത്തില്‍ ഉംറ നിര്‍വഹിക്കാനെത്തിയ പ്രവാചകനെയും കൂട്ടരെയും അവര്‍ തടഞ്ഞു വെച്ചു. ജാഹിലിയ്യ (അജ്ഞാത) വ്യവസ്ഥയില്‍ പോലും അത് ഗുരുതരമായ അപരാധമായിരുന്നു. പിന്നീട് ഹുദൈബിയായില്‍ സമാധാന ഉടമ്പടി ഒപ്പുവെച്ചതിന്റെ ഫലമായി പിറ്റേ വര്‍ഷമാണ് അവര്‍ക്ക് ഉംറ നിര്‍വഹിക്കാനായത്. പക്ഷെ പ്രവാചകന്‍ സ്വന്തം അനുയായികളുടെ അപ്രീതി പോലും വകവെക്കാതെ ഏറെ വിട്ടുവീഴ്ച്ചകള്‍ ചെയ്ത് ഒപ്പിട്ട ഹുദൈബിയാകരാര്‍ പോലും യഥാവിധി പാലിക്കാന്‍ തയ്യാറില്ലാതെ ഖുറൈശികള്‍ കരാര്‍ ലംഘിച്ചു.

ജാഹിലിയ്യാവ്യവസ്ഥയുടെ ഉപദ്രവം പൂര്‍ണമായും നീങ്ങണമെങ്കില്‍ മക്ക കീഴടക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് പ്രവാചകന് ബോധ്യപ്പെട്ടു. കാരണം ജാഹിലിയ്യ വ്യവസ്ഥയുടെ അതി പുരാതനമായ അച്ചുതണ്ട് തകര്‍ക്കപ്പെട്ടാലല്ലാതെ മക്കയിലും ആ വ്യവസ്ഥയോട്  വിധേയപ്പെട്ട് ജീവിക്കുന്ന പരിസര ഗോത്രങ്ങളെയും ഇസലാമിന്റെ കൊടിക്കൂറക്ക് കീഴില്‍ കൊണ്ടു വരിക സാധ്യമല്ല. മാത്രമല്ല ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി ഭൂമിയില്‍ ആദ്യമായി പടുത്തുയര്‍ത്തപ്പെട്ട മക്കയിലെ വിശുദ്ധഗേഹം ഖുറൈശികള്‍ അനേകം വിഗ്രഹങ്ങള്‍ സ്ഥാപിച്ച് കളങ്കപ്പെടുത്തിയിരിക്കുകയാണ്. ആ പരിശുദ്ധഗേഹത്തിന്റെ പവിത്രത വീണ്ടെടുത്ത് അവിടെ പ്രവാചകന്‍ ഇബ്‌റാഹീം ആഹ്വാനം ചെയ്ത യഥാര്‍ത്ഥ ഹജ്ജും ഉംറയും നടപ്പില്‍ വരുത്തുക പ്രവാചക ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമാണ്.

മുഴുവന്‍ മുസലിംകളോടും പ്രവാചകന്‍ യുദ്ധസജ്ജരാവാന്‍ കല്‍പിച്ചു. എന്നാല്‍ രക്തരഹിതമായ ഒരു കീഴടങ്ങല്‍ ആയിരുന്നു പ്രവാചകന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ തങ്ങള്‍ക്കു നേരെയുളള പടപുറപ്പാട് ഖുറൈശികള്‍ അറിയാതിരിക്കാന്‍ ആക്രമണ ലക്ഷ്യം പ്രവാചകന്‍ പരസ്യപ്പെടുത്തിയില്ല. മദീനക്ക് വെളിയിലുളള ഗോത്രങ്ങളടക്കം പതിനായിരം പേരടങ്ങുന്ന സൈന്യവുമായി  റമദാന്‍ പത്തിന് (ക്രി.ശേ 630 ജനുവരി ഒന്ന്) പ്രവാചകന്‍ പുറപ്പെട്ടു. മര്‍റുളളഹ്‌റാന്‍ എന്ന സ്ഥലത്ത് തമ്പടിച്ച സൈന്യത്തോട് പരന്നു നിന്ന് ഓരോരുത്തരോടും പ്രത്യേകം തീ കൂട്ടാന്‍ പ്രവാചകന്‍ കല്‍പിച്ചു. മുസലിം സൈനികസന്നാഹം പെരുപ്പിച്ച് കാണിച്ച് ഖുറൈശികളെ മാനസികമായി നിര്‍വീര്യരാക്കി ഏറ്റുമുട്ടല്‍ കൂടാതെ മക്ക കീഴടക്കുകയായിരുന്നു പ്രവാചകന്റെ ലക്ഷ്യം. വമ്പിച്ചൊരു സൈന്യം തങ്ങളെ കീഴ്‌പ്പെടുത്താന്‍ തൊട്ടരികിലെത്തിയ വിവരം ഖുറൈശികള്‍ അപ്പോള്‍ മാത്രമാണ് അറിയുന്നത്. അവര്‍ക്ക് യുദ്ധത്തിനൊരുങ്ങാനോ സമീപപ്രദേശങ്ങളില്‍ നിന്ന് സഹായമെത്തിക്കാനോ അവസരം ലഭിച്ചില്ല. ഖുറൈശി തലവനായ അബൂസുഫയാന്‍ രംഗനിരീക്ഷണത്തിനിറങ്ങിയപ്പോള്‍ കാവല്‍ക്കാരുടെ പിടിയിലകപ്പെട്ടു. പ്രവാചക പിതൃവ്യന്‍ അബ്ബാസ്ബ്‌നു അബ്ദുല്‍ മുത്വലിബ് അദ്ദേഹത്തെ പ്രവാചകന് മുമ്പാകെ ഹാജറാക്കി. അബ്ബാസിന്റെ പ്രേരണക്ക് വഴങ്ങി  അബൂസുഫയാന്‍ ഇസലാം സ്വീകരിച്ചു. പ്രവാചകന്റെ ബദ്ധവൈരിയായ, ഗത്യന്തരമില്ലാത്തത് കൊണ്ട്  മാത്രം ഏതാനും മിനിറ്റുകള്‍ മുമ്പ് മാത്രം ഇസലാം സ്വീകരിച്ച അബൂസുഫ്‌യാനെക്കുറിച്ച് 'അബൂസുഫയാന്‍ ആദരവ് ആഗ്രഹിക്കുന്ന വ്യക്തിയാണ് നബിയേ,അബൂസുഫയാന് എന്തെങ്കിലും നല്‍കിയാലും' എന്ന് അബ്ബാസ് പറഞ്ഞപ്പോള്‍ മസ്ജിദുല്‍ ഹറമിന് തുല്യമായ അഭയസ്ഥാനമായി അബൂസുഫയാന്റെ വീടിനെയും നബി പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു: 'ആര്‍ മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുന്നുവോ അവന് അഭയമുണ്ട്. അബൂസുഫയാന്റെ വീട്ടില്‍ തങ്ങുന്നവനും അഭയമുണ്ട്. ആയുധം കയ്യിലേന്താതെ സ്വന്തം വീട്ടില്‍ ഒതുങ്ങിനില്‍ക്കുന്നവനും അഭയമുണ്ട്. കൊടും കുറ്റവാളികള്‍ക്കൊഴികെ'. സമാധാനകാംക്ഷയും മക്കാഹറമിന്റെ പവിത്രത കാത്തു സൂക്ഷിക്കാനുളള വ്യഗ്രതയുമായിരുന്നു യാത്രയിലുടനീളം പ്രവാചകന്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മക്കാതാഴവരയുടെ പ്രവേശനകവാടത്തിനടുത്ത് അബൂസുഫ്‌യാനെ ബന്ധിയാക്കി നിര്‍ത്താന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. മുസലിം സൈന്യത്തിന്റെ ശക്തിയും വൈപുല്യവും അബൂസുഫ്‌യാന്‍ നേരില്‍ കണ്ട് മനസ്സിലാക്കി സ്വജനതയെ ഒരേറ്റുമുട്ടലിന് മുതിരുന്നതില്‍ നിന്നും പിന്തുരിപ്പിക്കാനായിരുന്നു ഇത്. സുശക്തവും സുഭദ്രവുമായ സൈനിക മാര്‍ച്ച് അബൂസുഫയാനെ ശരിക്കും ഞെട്ടിച്ചു. ഒരിക്കലും തങ്ങള്‍ക്കു നേരിടാനാവാത്ത ഒരു സൈന്യമാണ് മുമ്പിലുളളതെന്നും കീഴടങ്ങുകയല്ലാതെ നിര്‍വ്വാഹമില്ലെന്നും അബൂസുഫയാന്‍ ഖുറൈശികളെ അറിയിച്ചത് കാര്യങ്ങള്‍ എളുപ്പമാക്കി.

സാധാരണ യുദ്ധം ജയിച്ചു ശത്രുരാജ്യം കീഴടക്കിയ രാജാക്കന്‍മാര്‍ വിജയോന്മത്തരായി സകലതും തകര്‍ത്തു കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നു തളളിയാണ് അധിനിവിഷ്ട പ്രദേശത്തേക്ക് കടക്കാറുളളതെങ്കില്‍ പ്രവാചകന്‍ തന്റെ താടി സവാരി മൃഗത്തിന്റെ മുതുകില്‍ തട്ടുന്ന വിധം കുനിഞ്ഞു കൊണ്ടും ദൈവത്തെ മഹത്വപ്പെടുത്തിയും സ്തുതിച്ചുമായിരുന്നു  മക്കയിലേക്ക് പ്രവേശിച്ചത്. അന്ന് റമദാന്‍ ഇരുപത് വെളളിയാഴ്ചയായിരുന്നു. സൈന്യം വിവിധ വിഭാഗങ്ങളായി കൊണ്ടായിരുന്നു മക്കയിലേക്ക് മാര്‍ച്ച് ചെയ്തിരുന്നത്. സഅദ് ബിന്‍ ഉബാദ മദീന സൈനിക ദളത്തിന്റെ നേതാവായിരുന്നു. മക്കയും അവിടെയുളള ഇസലാമിന്റെ കൊടിയ ശത്രുക്കളും കീഴടങ്ങാന്‍ പോകുന്ന ആവേശത്തില്‍ സഅദ് വിളിച്ചു പറഞ്ഞു: ' ഇന്ന് ഘോരയുദ്ധത്തിന്റെ ദിവസമാണ്. കഅ്ബയുടെ പരിസരത്ത് യുദ്ധം ഹലാലാകുന്ന ദിവസം. ഈ വിവരം ശ്രവിച്ച പാടെ പ്രവാചകന്‍ സഅദില്‍ നിന്നും കൊടി തിരിച്ചു വാങ്ങി അദ്ദേഹത്തിന്റെ മകനെ ഏല്‍പിച്ചു കൊണ്ട് പറഞ്ഞു: ഇന്ന് കഅ്ബ മഹത്തപ്പെടുന്ന ദിവസമാണ്. വിട്ടു വീഴചയുടേയും സ്‌നേഹത്തിന്റെയും ദിവസം. ഖുറൈശികള്‍ ആദരിക്കപ്പെടുന്ന ദിനം'.

എന്നാല്‍ എത്ര തന്നെ സമാധാനകാക്ഷ ഉണ്ടായാലും അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊളളാത്ത, രക്തചൊരിച്ചിലും കുഴപ്പവും മാത്രം ആഗ്രഹിക്കുന്ന ഒരു ചെറിയ വിഭാഗം ഏതൊരു സമൂഹത്തിലുമുണ്ടാകുമല്ലോ. പ്രവാചകന്റെയും മുസലിംകളുടെയും കൊടിയ ശത്രുക്കളും യുവത്വത്തിന്റെ ആവേശത്തില്‍ ഉന്മത്തരുമായ ഇകരിമ,സഫവാന്‍,സുഹൈല്‍ തുടങ്ങിയവര്‍ മക്കയുടെ താഴഭാഗത്തു കൂടി ഖാലിദും കൂട്ടരും പ്രവേശിക്കുന്നതിനെ ചെറുക്കാന്‍ ശ്രമിച്ചു. ഞൊടിയിട കൊണ്ട് ഏറ്റുമുട്ടല്‍ അവസാനിച്ചു. ഖാലിദിന്റെ സൈന്യം ഏതാനും പേരെ വീഴ്ത്തി. ബാക്കിയുളളവര്‍ ജീവനും കൊണ്ടോടി.

വിശുദ്ധഗേഹത്തിനരികിലെത്തിയ പ്രവാചകന്‍ ഏകനായ സൃഷ്ടാവിനെ മാത്രം വണങ്ങാന്‍ പടുത്തുയര്‍ത്തപ്പെട്ട ദൈവഭവനത്തിന്റെ പവിത്രതക്ക് കളങ്കം വരുത്തിയിരുന്ന മുഴുവന്‍ വിഗ്രഹങ്ങളെയും നീക്കം ചെയ്ത് ശുദ്ധീകരിക്കാന്‍ കല്‍പിച്ചു. തകര്‍ന്നു കിടക്കുന്ന വിഗ്രഹങ്ങള്‍ക്കരില്‍ നിന്നു കൊണ്ട് പ്രവാചകന്‍ പ്രഖ്യാപിച്ചു'സത്യം ആഗതമായി. മിഥ്യ തകര്‍ന്നു. അസത്യം തകരേണ്ടതു തന്നെ'. അതിനു ശേഷം ബിലാലിനോട് കഅ്ബാലയത്തിന് മുകളില്‍ കയി ബാങ്ക് വിളിക്കാന്‍ കല്‍പിച്ചു. അല്ലാഹു അഹദ്(അല്ലാഹു ഏകനാകുന്നു) എന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ ഖുറൈശികളുടെ കൊടിയ മര്‍ദ്ദനങ്ങളേറ്റു വാങ്ങേണ്ടി വന്ന അതേ ബിലാല്‍ മുഴുവന്‍ ഖുറൈശിപ്രമാണിമാരെയും സാക്ഷി നിര്‍ത്തി മക്കയുടെ അന്തസ്സിന്റെ നിദാനമായ കഅ്ബാലയത്തിന്റെ ഉച്ചിയില്‍ കയറി നിന്ന് ദൈവത്തിന്റെ ഏകത്വം ഉദ്‌ഘോഷിച്ചു. പ്രവാചകന്‍ ഇപ്പോള്‍ മക്കയുടെ ഭരണാധികാരിയാണ്. രക്ഷിക്കാനും ശിക്ഷിക്കാനുമുളള സമ്പൂര്‍ണ അധികാരമുണ്ട്. മക്കാനിവാസികള്‍ മുഴുവന്‍ ഹറമില്‍ സന്നിഹിതരായിരിക്കുന്നു. എല്ലാവരും സംഭീതരാണ്. മുഹമ്മദിനെയും അനുയായികളെയും തങ്ങള്‍ ദ്രോഹിച്ചതിനു കണക്കില്ല. തങ്ങള്‍ ചെയ്ത കൊടുക്രൂരതകള്‍ക്ക് എന്ത് പ്രതികാര നടപടിയായിരിക്കും അദ്ദേഹം കൈകൊളളുക. കൂട്ടവധശിക്ഷയോ അംഗവിഛദനമോ എന്തായിരിന്നാലും കൈയുംകെട്ടി സ്വീകരിക്കുകയല്ലാതെ മറുത്തൊരു വാക്കു പോലും പറയാന്‍ നിര്‍വ്വാഹമില്ല. അപ്പോഴാണ് ലോകാവസാനം വരെയുളള സകല മനുഷ്യരെയും അല്‍ഭുതപ്പെടുത്തിയ കൊടുംകുറ്റവാളികളായ ചുരുക്കം ചിലരൊഴിച്ചുളള ആരുടെ മേലും യാതൊരു പ്രതികാര നടപടിയുമില്ലെന്ന പ്രവാചകന്റെ പ്രഖ്യാപനം വന്നത്. തുടര്‍ന്ന് ആദ്യമായി പ്രവാചകന്‍ നിരോധച്ചത് എല്ലാ തിന്മകളുടെയും മാതാവായ മദ്യത്തെയാണ്. ശേഷം കൂടിയിരുന്നവരോടായി പ്രഖ്യാപിച്ചു:

അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. അവനൊരു പങ്കുകാരനുമില്ല. അവന്‍ തന്റെ അടിമയെ സഹായിച്ചു. എല്ലാ ശത്രുക്കളെയും തോല്‍പിച്ചു. അവന്‍ വാഗ്ദാനം പാലിച്ചു. ഇന്ന് എല്ലാ ദുരഭിമാനങ്ങളും അഹങ്കാരങ്ങളും രക്തപ്പകകളും  പലിശ മുതലുകളും എന്റെ കാലുകള്‍ക്ക് കീഴില്‍ ചവിട്ടിത്തേക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, കഅ്ബയുടെ പരിപാലനവും കുടിവെളളവിതരണവും ഇതില്‍ പെടുന്നതല്ല. ഖുറൈശികളേ, ജാഹിലിയത്തിന്റെ എല്ലാ അഹംഭാവങ്ങളും കുലമഹിമകളും അല്ലാഹു അവസാനിപ്പിച്ചിരിക്കുന്നു. എല്ലാ മനുഷ്യരും ആദമിന്റെ മക്കളാണ്. ആദമാകട്ടെ മണ്ണില്‍ നിന്നും. തുടര്‍ന്ന് പ്രവാചകന്‍ സൂറ അല്‍ഹുജറാത്തിലെ ' മനുഷ്യരേ,നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്.അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയുളളവനാണ്,തീര്‍ച്ച. അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. അല്ലാഹുവിന്റെ അനുമതിയും തൃപ്തിയുമില്ലാതെ മക്ക അധീനപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അല്ലാഹുവിന്റെ കോപത്തിനിരയാകുമെന്ന് മക്കയുമായി ബന്ധപ്പെട്ട് അറബികള്‍ക്കിടയില്‍ നേരത്തേയുളള വിശ്വാസമാണ്. കഅ്ബ തകര്‍ക്കാന്‍ ആനപ്പടയുമായി വന്ന അബറഹത്തിന്റെ ദാരുണാന്ത്യം കൂടിയായതോടെ ആ വിശ്വാസം രൂഢമൂലമായി. മക്ക കീഴടക്കിയ പ്രവാചകന്‍ കഅ്ബയിലെ വിഗ്ഹങ്ങളെ നീക്കി ശുദ്ധീകരിച്ചിട്ടും ആപത്തുകളൊന്നുമില്ലാതെ നില്‍ക്കുന്നത് മുഹമ്മദ് സത്യപ്രവാചകന്‍ തന്നെയാണെന്ന ധാരണ അറേബ്യന്‍ ഉപദീപില്‍ ശക്തമാക്കി.

ബദര്‍ അനുസ്മരണം മുസലിം സമൂഹം പാരമ്പര്യമായി വ്യത്യസ്തരീതികളില്‍ വര്‍ഷാവര്‍ഷം നടത്തുന്നതിനാലും  ബദര്‍പടപ്പാട്ട് പോലുളള നിരവധി കൃതികള്‍ വഴിയും ബദര്‍ രണാങ്കണവും യുദ്ധരംഗങ്ങളും ജീവസ്സുറ്റ ഓര്‍മ്മകളായി മുസലിം മനസ്സുകളില്‍ പച്ചപിടിച്ച് നില്‍ക്കുന്നു. എന്നാല്‍ മക്കാ വിജയം പോലെ ഇസലാമിക ചരിത്രത്തില്‍ വളരെ സുപ്രധാനമായ ഒരു സംഭവത്തെ വേണ്ടരീതിയില്‍ അനുസ്മരിക്കുന്നതിലും ലോക ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ആ രക്തരഹിത വിപ്ലവത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊളളുന്നതിലും അതിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലും അക്ഷന്തവ്യമായ അനാസ്ഥയാണ് സമുദായം പുലര്‍ത്തുന്നത്. പലര്‍ക്കും മക്കാവിജയം നടന്നത് റമദാനിലാണെന്ന് പോലുമറിയില്ലെന്നതാണ് വാസ്തവം. സമുദായത്തിനെതിരെ അനുദിനം  ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന വംശീയഉന്മൂലന അട്ടഹാസങ്ങള്‍ക്കെതിരില്‍ കനത്ത ചെറുത്തു നില്‍പുകളും പോരാട്ടങ്ങളും ആവശ്യമായ ഒരു ഘട്ടത്തില്‍ കര്‍മശാസ്ത്ര നൂലാമാലകള്‍ മാറ്റിവെച്ച് ഇത്തരം ചരിത്രമുഹൂര്‍ത്തങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്താനുളള മാര്‍ഗങ്ങള്‍ നാം കണ്ടെത്തേണ്ടിയിരിക്കുന്നു.
Next Story

RELATED STORIES

Share it