Kollam Local

വിസാതട്ടിപ്പ്; പ്രതി കസ്റ്റഡിയില്‍

ശാസ്താംകോട്ട: കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി വിസാതട്ടിപ്പ് നടത്തിവന്ന യുവാവിനെ കിളിമാനൂര്‍ പോലിസ് അറസ്റ്റുചെയ്ത് ശാസ്താംകോട്ട പോലിസിന് കൈമാറി. കിളിമാനൂര്‍ പേരൂര്‍ ചന്ദ്രവിലാസത്തില്‍ സജയകുമാര്‍(34) ആണ് അറസ്റ്റിലായത്. ഭരണിക്കാവ് സ്വദേശി സജീവിന്റെ പരാതിയെതുടര്‍ന്നായിരുന്നു അറസ്റ്റ്. സജീവിന് സിംഗപ്പൂരില്‍ ജോലിക്ക് പോകാന്‍ നാലുലക്ഷം രൂപയ്ക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന പറഞ്ഞ് വിശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ അഡ്വാന്‍സായി വാങ്ങുകയും ചെയ്തു.
സൗത്ത് ഇന്‍ഡ്യന്‍ബാങ്കിന്റെ കിളിമാനൂര്‍ ശാഖവഴിയാണ് സജീവ് സജയകുമാറിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയത്. 60 ദിവസത്തിനകം വിസ നല്‍കാമെന്നായിരുന്നു വാഗ്ദാനം എങ്കിലും മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും വിസനല്‍കാന്‍ തയ്യാറായില്ല. കെസിടിമുക്ക് സ്വദേശിയായ ലെനിയാണ് സജീവിനെ സജയകുമാറിന് പരിചയപ്പെടുത്തിയത്. ആറരലക്ഷം രൂപയ്ക്ക് ലെനിയെ ഫ്രാന്‍സില്‍ വിടാമെന്ന് ധരിപ്പിച്ച ശേഷം പണം കൈപ്പറ്റുകയും പിന്നീട് വിസിറ്റിങ് വിസയില്‍ റഷ്യയിലേക്ക് അയക്കുകയും ചെയ്തു. ഇവിടെനിന്നും ഫ്രാന്‍സിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും വിസാ കാലവധി അവസാനിച്ചതിനാല്‍ ലെനി പുറത്തിറങ്ങാന്‍ കഴിയാതെ റഷ്യയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പറയപ്പെടുന്നു. കടപുഴ പഴയ ബസ്റ്റാന്റ് ദീപുമന്ദിരത്തില്‍ ദീപുവിനെ മലേഷ്യയിലേക്ക് വിടാമെന്ന് ധരിപ്പിച്ച് 1.46 ലക്ഷം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it