kozhikode local

വിഷ്ണുമംഗലം പുഴ വറ്റുന്നു ; നാട് വരള്‍ച്ചയില്‍



വടകര: വടകര നഗരത്തിന്റെ വടക്കു-പടിഞ്ഞാറന്‍ മേഖലയും ഒഞ്ചിയം, അഴിയൂര്‍, ഏറാമല, പുറമേരി പഞ്ചായത്തുകളും കുടിവെള്ളത്തിന് ആശ്രയിക്കുന്ന വിഷ്ണുമംഗലം പദ്ധതിയില്‍ വെള്ളത്തിന്റെ അളവ് ശുഷ്‌കമായതിനാല്‍ നാട് വരള്‍ച്ചയില്‍. വാണിമേല്‍ പുഴ വറ്റുന്ന സ്ഥിതിയിലേക്ക് എത്തിയതോടെ വടകര താലൂക്കിലെ വലിയൊരു പ്രദേശത്ത് ശുദ്ധജലം മുടങ്ങുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇന്നത്തെ സാഹചര്യത്തില്‍ ചുരുങ്ങിയ ദിവസത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂ. വിലങ്ങാട് മേഖലയില്‍ മഴ പെയ്തില്ലെങ്കില്‍ വിതരണം നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ് വാട്ടര്‍ അതോറിറ്റിക്കാര്‍ പറയുന്നത്. വരള്‍ച്ച രൂക്ഷമായതിനാല്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ പ്രധാനമായും വിഷ്ണുമംഗലം പദ്ധതിയുടെ ഭാഗമായ പുറമേരി പമ്പ് ഹൗസില്‍ നിന്നാണ് ശേഖരിക്കുന്നത്. ഇവിടെ നിന്നു ശുദ്ധീകരിച്ച ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ലോറികള്‍ വഴി ദിനംപ്രതി പലഭാഗത്തായി വിതരണം ചെയ്യുന്നത്. പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി താണാല്‍ ലോറിയിലെ വെള്ളവിതരണവും നിലക്കും. വിലങ്ങാട് മലയിലോ പുഴയുടെ സമീപപ്രദേശങ്ങളിലോ ശക്തമായ വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ ഇന്നത്തെ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കാവിലുംപാറ മേഖലയില്‍ അത്യാവശ്യം മഴ കിട്ടുന്നുണ്ടെങ്കിലും വിലങ്ങാട് പ്രദേശം വരണ്ടുണങ്ങിയ നിലയിലാണ്. 782 ടാപ്പുകളിലൂടെയും 9013 സര്‍വിസ് കണക്ഷനുകളിലൂടെയുമാണ് വിഷ്ണുമംഗലത്തെ കുടിവെള്ള വിതരണം നടക്കുന്നത്. ഈ പദ്ധതിയിലെ വെള്ളം നിലക്കുമെന്നത് നാട്ടുകാരെ പ്രയാസത്തിലാക്കുകയാണ്. വൈദ്യുതി മുടക്കം കാരണം ഒഞ്ചിയം ചോറോട് പദ്ധതിയുടെ പമ്പിങ് കൃത്യമായി നടക്കാത്ത സാഹചര്യവുണ്ട്്. മറ്റു പ്രാദേശിക കുടിവെള്ള പദ്ധതി കിണറുകളും വറ്റിയിരിക്കുകയാണ്. കുരിയാടി ഉള്‍പെടെയുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഒഴികെയുള്ള വടകര നഗരസഭയിലേക്ക് മറ്റൊരുപദ്ധതിയായ ഗുളികപ്പുഴയില്‍നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്. ഉപ്പുവെള്ളത്തിന്റെ പ്രശ്‌നം അനുഭവപ്പെടുന്നുണ്ടെങ്കിലും ഈ പദ്ധതിയില്‍ ഒരു പരിധിവരെ കാര്യക്ഷമമായി പമ്പിങ്് നടക്കുന്നുണ്ട്. വിഷ്ണുമംഗലം പദ്ധതിയില്‍ വെള്ളമില്ലാതെ വന്നാല്‍ കുരിയാടി ഭാഗത്തുള്ളവര്‍ക്ക് ഗുളികപ്പുഴ പദ്ധതി വഴിയുള്ള വെള്ളം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it