Flash News

വിഷ്ണുനാഥിനെച്ചൊല്ലി തര്‍ക്കം തുടരുന്നു



കൊച്ചി/തിരുവനന്തപുരം: കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ പി സി വിഷ്ണുനാഥിന്റെ പേരിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. പട്ടികയില്‍ നിന്നു വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് എ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷ്ണുനാഥിനെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എഐസിസി സെക്രട്ടറിയാണ് വിഷ്ണുനാഥെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെപിസിസി പട്ടികയില്‍നിന്നു തന്നെ ഒഴിവാക്കിയോയെന്ന് അറിയില്ലെന്നു വിഷ്ണുനാഥ് പ്രതികരിച്ചു. പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തണമോ എന്നു തീരുമാനിക്കാന്‍ ഉന്നത നേതാക്കളുണ്ട്. 24 വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ ഏഴുകോണ്‍ ബ്ലോക്കില്‍നിന്നുള്ള കെപിസിസി അംഗമാണെന്നും വിഷ്ണുനാഥ് പറഞ്ഞു. അതേസമയം, കെപിസിസി പട്ടികയില്‍ പി സി വിഷ്ണുനാഥിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ അനാവശ്യമാണെന്നു വി ഡി സതീശന്‍ എംഎല്‍എ. കെപിസിസിയുടെ അന്തിമപട്ടികയില്‍ ഇടംനേടാന്‍ എന്തുകൊണ്ടും യോഗ്യനായ നേതാവാണ് വിഷ്ണുനാഥ്. കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ച് എംഎല്‍എ വരെയായ വ്യക്തിയെ കെപിസിസി പട്ടികയില്‍ നിന്നു മാറ്റി  നിര്‍ത്തുന്നത് അനൗചിത്യമാണ്. ഭാവിയില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ് വിഷ്ണുനാഥ് എന്നും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി അംഗത്വത്തിനുള്ള പട്ടികയെ സംബന്ധിച്ചു കാര്യമായ തര്‍ക്കങ്ങളില്ല. 282 പേരെയാണ് കെപിസിസി ഹൈക്കമാന്‍ഡിനയച്ച ലിസ്റ്റിലുള്ളത്. ഇതില്‍ 20 പേരുടെ കാര്യത്തില്‍ മാത്രമാണ് ചെറിയ തര്‍ക്കങ്ങളുള്ളത്.  കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടി പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ലിസ്റ്റായിരിക്കും അന്തിമമായി ഹൈക്കമാന്‍ഡ് അംഗീകരിക്കുകയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കെപിസിസി പട്ടികയില്‍ സമവായമുണ്ടാവുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ നിശ്ചയിക്കണമെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു. പട്ടികയില്‍ ഇനിയൊരു തിരുത്തല്‍ വരുത്താന്‍ തയ്യാറല്ല. ഹൈക്കമാന്‍ഡിനു സ്വന്തം ഇഷ്ടപ്രകാരം ഇനി മാറ്റങ്ങള്‍ വരുത്താമെന്നും നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിരുത്തലുകള്‍ നടത്തിയിട്ടും പരാതി തീരാത്ത സാഹചര്യത്തിലാണ് കെപിസിസി നിലപാട് കടുപ്പിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചും പരാതികള്‍ പരിഹരിച്ചുമാണ് പട്ടിക പുതുക്കിയത്. പരാതി ഉന്നയിച്ചവര്‍ നിര്‍ദേശിച്ച പരമാവധി പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ഹരെ ഒഴിവാക്കി അനര്‍ഹരായവരെ ഉള്‍പ്പെടുത്തണമെന്ന ചിലരുടെ പിടിവാശി ഇനി അംഗീകരിക്കാനാവില്ലെന്നും കെപിസിസി നേതൃത്വം അറിയിച്ചിട്ടുണ്ട്്.
Next Story

RELATED STORIES

Share it