വിഷു: ശബരിമലയില്‍ വന്‍ തിരക്ക്

ശബരിമല: വിഷു ആഘോഷത്തിന് ശബരിമലയില്‍ വന്‍ തിരക്ക്. പതിനായിരക്കണക്കിന് അയ്യപ്പന്‍മാരാണ് ഇന്നലെ തന്നെ സന്നിധാനത്ത് എത്തിയത്. ശനിയും മേടം ഒന്നും ഒരേ ദിവസം വന്നതും തിരക്കിന് കാരണമായി. ശനിദര്‍ശനം ശബരിമലയില്‍ ഏറെ പുണ്യമായി ഭക്തര്‍ കരുതുന്നു. ശനിയാഴ്ച എത്തിയവര്‍ ഇന്ന് പുലര്‍ച്ചെ വിഷുക്കണിയും കണ്ടാണ് മലയിറങ്ങുന്നത്.
ഇന്നലെ വൈകീട്ട് തന്നെ വിഷുവിനുള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് പൂര്‍ത്തിയായിരുന്നു. ഓട്ടുരുളിയില്‍ അരിയും ഫലങ്ങളും വെള്ളരിയും പൊന്നും അലക്കിയ മുണ്ടും കണിക്കൊന്നപ്പൂക്കളും ഒരുക്കിവച്ചു നട അടച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് നട തുറന്ന് സ്വാമിയെ കണി കാണിച്ച ശേഷം ഭക്തര്‍ക്കുള്ള കണിദര്‍ശനമായി. തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരും മേല്‍ശാന്തി ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും നാണയങ്ങള്‍ വിഷുക്കൈനീട്ടമായി നല്‍കും.
വിഷു ആഘോഷത്തിന്റെ ഭാഗമായി സന്നിധാനത്ത് പടിപൂജ, ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടായി. വിഷു ആഘോഷം കഴിഞ്ഞ് 18ന് രാത്രി 10ന് നട അടയ്ക്കും.
Next Story

RELATED STORIES

Share it