ernakulam local

വിഷുക്കൈനീട്ടമായി സുമനസുകളുടെ സഹായത്താല്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങി

വൈപ്പിന്‍: സുമനസുകളുടെ സഹായത്താല്‍ നിര്‍ധന കുടുംബത്തിന് സ്വസ്ഥമായി അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടൊരുങ്ങി.
പുതുവൈപ്പ് ബെല്‍ബോ റോഡിലുള്ള പരേതനായ ശിവജിയുടെ ഭാര്യ ഉദയക്കും മക്കള്‍ക്കും ഈ വരുന്ന വിഷു പുതിയ വീട്ടില്‍വച്ച് ആഘോഷിക്കാം. ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത വീടിന്റെ ദയനീയ ചിത്രം കണ്ട പ്രവാസികളുടെ സന്‍മനസാണ് ഇവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്നത്.
ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുന്ന ഇളയ മകന്‍ നിഖി—ലിന് 4 വയസ്സുള്ളപ്പോഴാണ് കക്കവാരല്‍ തൊഴിലാളിയായ ശിവജി മൂത്തമകള്‍ പ്രീതിയെയും ഭാര്യ ഉദയയേയും തനിച്ചാക്കി മരണത്തിന് കീഴടങ്ങിയത്. പിന്നീട് ഹൃദ്‌രോഗിയായ ഭാര്യ വീട്ടുജോലിചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ജീവിത പ്രാരാബ്ദത്തിനടിയില്‍ സ്‌നേഹമതിലില്‍ തീര്‍ത്തവീടിന്റെ മേല്‍ക്കൂരയും, തറയും ഏതു സമയത്തും തകര്‍ന്നുവീഴാനുള്ള അവസ്ഥയിലായിരുന്നു. വിവാഹ പ്രായമെത്തിയ മകള്‍ കൂടി താമസിക്കുന്ന വീട്ടില്‍ ടോയ്‌ലറ്റ് ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ട സൗത്ത് മാലിപ്പുറം റീഹാബിലിറ്റേഷന്‍ പ്രൊജക്ട് (സ്മാര്‍ട്ട്) പ്രവര്‍ത്തകര്‍ ടോയ്‌ലറ്റ് നിര്‍മിച്ചു നല്‍കുന്നതിനായാണ് ഇവരുടെ വീട്ടിലെത്തിയത്.
എന്നാല്‍ വീടിന്റെ ദയനീയാവസ്ഥ കണ്ട് വീട് പുനര്‍നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
കുടുംബത്തിന്റെ ദയനീയാവസ്ഥയും മറ്റും സ്മാര്‍ട്ട് പ്രൊജക്ട് ഡയറക്ടര്‍ എംഎം സഫുവാന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിങ്ങിലൂടെയാണ് പലരുടെയും ശ്രദ്ധയില്‍പെട്ടത്.
പിന്നീട് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സഹായം കുടുംബത്തിനുലഭിച്ചു. പ്രവാസികളായ ഡോക്ടര്‍ ദമ്പതികളുടെ ഓഫറാണ് ആദ്യം ലഭിച്ചത്. ബസ് തൊഴിലാളികള്‍ അടക്കമുള്ളവര്‍ നല്‍കിയ ചെറിയ തുകകള്‍ ഇതിന്റെ മുതല്‍ക്കൂട്ടായി.
നിര്‍മാണാരംഭത്തിന് നിശ്ചയിച്ച തിയ്യതിക്ക് രണ്ടുദിവസം മുമ്പ് ജീര്‍ണിച്ച വീട് നിലം പൊത്തി.
സ്മാര്‍ട്ട് പ്രൊജക്ട് പ്രവര്‍ത്തകരായ സി ആര്‍ വലിയുദ്ദീന്‍, കെ കെ ഔറംഗസീബ് എന്നിവര്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
പുതുവൈപ്പ് ബെല്‍ബോ റോഡിലുള്ള പുതുവീടിന്റെ മുറ്റത്ത് നടന്ന ലളിതമായ ചടങ്ങില്‍ സ്മാര്‍ട്ട് പ്രൊജക്ട് ഡയറക്ടര്‍ സഫുവാന്‍ എടവനക്കാട് അധ്യക്ഷതവഹിച്ചു. ജ്യോതിവാസ് പറവൂര്‍ വീട്ടമ്മയായ ഉദയക്ക് വീടിന്റെ താക്കോല്‍ കൈമാറി. വാര്‍ഡ് മെംബര്‍ ചിത്ര മഹേഷ്, ഐ എ ഷംസുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it