World

വിഷവാതക ആക്രമണം: ആത്മീയ സംഘത്തലവന്റെ വധശിക്ഷ നടപ്പാക്കി

ടോക്കിയോ: 1995ലെ ടോക്കിയോ സബ്‌വേയിലെ സരിന്‍ വിഷവാതക ആക്രമണക്കേസുമായി ബന്ധപ്പെട്ട് ആത്മീയ സംഘത്തലവന്‍ ഷോകോ അസഹാരയുടെ (63)യും അനുയായികളുടെയും വധശിക്ഷ നടപ്പാക്കിയതായി റിപോര്‍ട്ട്. അസഹാരയുടെ വധശിക്ഷ നടപ്പാക്കിയതായി ജപ്പാന്‍ സര്‍ക്കാരിന്റെ വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ അനുയായികളുടെ വധശിക്ഷയെ പറ്റി സ്ഥിരീകരിച്ചിട്ടില്ല. ആറ് അനുയായികളെ തൂക്കിലേറ്റിയ കാര്യം മാധ്യമങ്ങളാണു വെളിപ്പെടുത്തിയത്.
ദൂംസ്‌ഡേയുടെ നേതൃത്വത്തില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ 27 പേരാണു കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 12 അനുയായികളെ ശിക്ഷിച്ചിട്ടുണ്ട്. 1995ല്‍ ഓം ഷിന്റിക്കോ അനുയായികള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ സരിന്‍ വിഷവാതകം നിറച്ച് ട്രെയിനില്‍ തുറന്നുവിടുകയായിരുന്നുവെന്നാണു കേസ്. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 6000ത്തോളം പേര്‍ രോഗബാധിതരാവുകയും ചെയ്തു. 1984ല്‍ ആണ് അസഹാര സംഘടന രൂപീകരിച്ചത്. ബൗദ്ധ ഹൈന്ദവ ദേവശാസ്ത്ര സങ്കല്‍പങ്ങള്‍ വിചിത്രമായി സംയോജിപ്പിക്കുന്ന വിശ്വാസസംഹിതയാണ് ഓം ഷിന്റിക്കോ.
പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദദാരികളെ ഇയാള്‍ അനുയായികളാക്കി. ജപ്പാനില്‍ 10,000ത്തോളം അനുയായികളും റഷ്യയില്‍ 30,000ത്തോളം അനുയായികളുമുണ്ടെന്നാണു സംഘടന അവകാശപ്പെടുന്നത്. സംഘടനയിലെ 2000ത്തോളം പേര്‍ പോലിസ് നിരീക്ഷണത്തിലാണ്.
Next Story

RELATED STORIES

Share it