wayanad local

വിഷരഹിത പച്ചക്കറി ഉല്‍പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് ചന്തകള്‍ തുടങ്ങി

കല്‍പ്പറ്റ: വിഷരഹിത പച്ചക്കറി ഉല്‍പന്നങ്ങള്‍, മായം ചേര്‍ക്കാത്ത ഭക്ഷ്യോല്‍പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ എന്നിവയുമായി കുടുംബശ്രീ ക്രിസ്മസ് ചന്തകള്‍ തുടങ്ങി. സിഡിഎസ് തലത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് ചന്ത നടക്കുന്നത്. പനമരത്ത് നടക്കുന്ന ചന്ത നാളെ സമാപിക്കും.
കുടുംബശ്രീ ഉല്‍പന്നങ്ങളുടെ സ്വീകാര്യതയും പങ്കാളിത്തവും വൈവിധ്യവും ആവശ്യവും കണക്കിലെടുത്താണ് ചന്തകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. കുടുംബശ്രീ ചന്തകളില്‍ വിവിധയിനം അരികള്‍, ജൈവ പച്ചക്കറികള്‍, ചക്ക ഉല്‍പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍, ജിവിതശൈലീ രോഗനിര്‍ണയത്തിനായി സാന്ത്വനം കൗണ്ടര്‍, അപ്പാരല്‍ പാര്‍ക്ക് ഉല്‍പന്നങ്ങള്‍, മാറ്റ് ഉല്‍പന്നങ്ങള്‍, വിവിധ തുണിയുല്‍പന്നങ്ങള്‍, ബ്രാന്റ് ചെയ്ത ഹോം ഷോപ്പ് ഉല്‍പന്നങ്ങള്‍, കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിവിധയിനം പച്ചക്കറികളും ചന്തകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും. പ്രിയദര്‍ശിനി ചായപ്പൊടി ചന്തകളില്‍ വില്‍പന നടത്തും.
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ മാത്രമായിരിക്കും വില്‍പന നടത്തുക. ജില്ലയിലെ മുഴുവന്‍ ചെറുകിട സംരംഭങ്ങള്‍, സംഘകൃഷി ഗ്രൂപ്പുകള്‍, സമഗ്ര യൂനിറ്റുകള്‍, വിവിധ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ ക്രിസ്മസ് ചന്തയിലെത്തിക്കും.
ചന്തകളില്‍ ശുചിത്വം, അച്ചടക്കം എന്നിവ പ്രത്യേകം ശ്രദ്ധിക്കും.
പനമരം ഗവ. എല്‍പി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന ക്രിസ്മസ് ചന്ത പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഖമറുന്നീസ, അംഗങ്ങളായ സൗദത്ത് ഉസ്മാന്‍, ലിസി പത്രോസ്, മാര്‍ട്ടിന്‍, എം എ ചാക്കോ, സുലൈഖ സെയ്ത്, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ പി ജയചന്ദ്രന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധ വേലായുധന്‍, സിഡിഎസ് മെംബര്‍ സെക്രട്ടറി രാധാകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it