kasaragod local

വിഷമുക്ത പച്ചക്കറിക്കായി തങ്കയം മഹല്ല് കൈകോര്‍ക്കുന്നു

തൃക്കരിപ്പൂര്‍: സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ തങ്കയം മഹല്ല് കമ്മറ്റി മാതൃകയാകുന്നു. ഇസ്സത്തു ല്‍ ഇസ്‌ലാം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിഷമുക്ത ജൈവ പച്ചക്കറി ഗ്രാമം പദ്ധതിയാണ് നബിദിന പരിപാടികളോടനുബന്ധിച്ച് മുനീറുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്നത്.
100 ചതുരശ്ര അടി ഭൂമിയിലെങ്കിലും കൃഷി ചെയ്യണം എന്നതാണ് പ്രധാന വ്യവസ്ഥ. ചുരുങ്ങിയത് മൂന്നിനം പച്ചക്കറി കൃഷി ചെയ്യാം. ജൈവ വള പ്രയോഗവും പ്രകൃതിയെ ഹനിക്കാത്ത തരത്തിലുള്ള കീട നിയന്ത്രണ രീതികളും അവലംബിക്കാം.
രാസവളം ഉപയോഗിക്കുന്നതും നിരുല്‍സാഹപ്പെടുത്തിയിരുന്നു. വീട്ടുകാരുടെ സഹായത്തോടെയാണ് കുട്ടികള്‍ പച്ചക്കറി തോട്ടം ഒരുക്കിയത്. ചീര, പയര്‍, നരമ്പന്‍, വെണ്ട, കിഴങ്ങ്, കയ്പ തുടങ്ങിയവ കുട്ടികള്‍ നന്നായി പരിപാലിക്കുന്നു.
വലിയപറമ്പ കൃഷി ഓഫിസര്‍ അരവിന്ദന്‍ കൊട്ടാരത്തിലിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് കൃഷി വിലയിരുത്തി. സദര്‍ മുഅല്ലിം ലുഖ്മാന്‍ അസ്അദി, പിടിഎ പ്രസിഡന്റ് ടി എം സി ഇബ്രാഹിം, അധ്യാപകന്‍ ടി പി ഹാരിസ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടിയില്‍ സമ്മാനം വിതരണം ചെയ്യും.
Next Story

RELATED STORIES

Share it