വിഷമദ്യം കഴിച്ച് മരിച്ചെന്ന ആക്ഷേപം: കള്ളുഷാപ്പ് പൂട്ടി

കല്‍പ്പറ്റ: വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് ആദിവാസി മധ്യവയസ്‌കന്‍ മരിച്ചെന്ന പരാതിയില്‍ എക്‌സൈസ് വകുപ്പ് കള്ളുഷാപ്പ് താല്‍ക്കാലികമായി പൂട്ടി. വെങ്ങപ്പള്ളി തെക്കുംതറ മരമൂല കോളനിയിലെ ഗോപി (53) ആണ് മരിച്ചത്. ഷാപ്പിലെ കള്ള് കുടിച്ചതിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന നാലു പേരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ മൂന്നു പേര്‍ ആശുപത്രി വിട്ടു.
വ്യാജകള്ള് കഴിച്ചുവെന്നു സംശയിക്കുന്ന തരത്തില്‍ ഗോപിയെ കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പൊതുവഴിയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതിനിടെ, നിര്‍ജലീകരണവും ഹൃദയാഘാതവുമായിരിക്കാം മരണകാരണമെന്നാണു പ്രാഥമിക പരിശോധനയ്ക്കു ശേഷം പോലിസ് നല്‍കുന്ന സൂചന.
ശാന്തയാണ് ഗോപിയുടെ ഭാര്യ. സുനിത, അനിത, അനു, രാജന്‍ എന്നിവര്‍ മക്കളാണ്. കള്ളുഷാപ്പിനെതിരേ നാട്ടുകാര്‍ക്കിടയിലും കോളനിവാസികള്‍ക്കിടയിലും വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ഷാപ്പില്‍ വിതരണം ചെയ്യുന്നത് വ്യാജ കള്ളാണെന്ന് ഇവര്‍ ആരോപിക്കുന്നു.
കള്ളുഷാപ്പ് സ്ഥിരമായി അടച്ചുപൂട്ടുന്നതുവരെ പ്രക്ഷോഭം ആരംഭിക്കാനാണു നാട്ടുകാരുടെ തീരുമാനം.
Next Story

RELATED STORIES

Share it