Ramadan Special

വിശ്വാസികളായ ജിന്നുകള്‍

വിശ്വാസികളായ ജിന്നുകള്‍
X
ramadan
ക്ഷി മൃഗാദികള്‍ ഉള്‍പ്പെടുന്ന ജന്തു ജാലങ്ങളെ കഴിച്ചാല്‍ മൂന്നു വിഭാഗം ജീവികളാണ് ഈ പ്രപഞ്ചത്തിലുളളത്.  മനുഷ്യരും മലക്കുകളും ജിന്നുകളും. ഇതില്‍ അല്ലാഹുവിന്റെ കല്പനകളനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിവും അധികാരവുമുളളവരാകുന്നു മലക്കുകള്‍. എന്നാല്‍ മനുഷ്യരെപ്പോലെത്തന്നെ സ്വതന്ത്രരായ സൃഷ്ടി വിഭാഗമാണ് ജിന്നുകള്‍. അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തീ കൊണ്ടാണ്. സാധാരണ ഗതിയില്‍ ജിന്നുകളെ മനുഷ്യര്‍ക്ക് കാണുക സാധ്യമല്ല. എന്നാല്‍ ജിന്നുകള്‍ക്ക് മനുഷ്യരെ യഥേഷ്ടം കാണാന്‍ സാധിക്കും.
അല്ലാഹുവിന്റെ കല്പനകള്‍ അനുസരിക്കാനും തളളിക്കളയാനും അവനില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുളള വിവേചനാധികാരം മനുഷ്യനെന്ന പോലെ ജിന്നുകള്‍ക്കുമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പു നാളില്‍ മനുഷ്യരെല്ലാം വിചാരണക്കായി ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ ജിന്നുകളും ഒരുമിച്ചു കൂട്ടപ്പെടുകയും വിചാരണ നേരിടേണ്ടി വരികയും ചെയ്യും.
ജിന്നുകളില്‍ അല്ലാഹുവിനെ ഭയപ്പെടുന്നവരും ധിക്കാരികളുമുണ്ട്. ധിക്കാരികളികളില്‍പ്പെട്ട ജിന്നാണ് ഇബലീസ് അഥവാ ചെകുത്താന്‍. ആദ്യത്തില്‍ ഏറെ ഭക്തിയുളളവനായിരുന്നു ഇബലീസ്. എന്നാല്‍ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലയില്‍ മലക്കുകളോടും ജിന്നുകളോടും മനുഷ്യനു സാഷ്ടാംഗം നമിക്കാന്‍ അല്ലാഹു കല്പിച്ചത് ഇബലീസിനിഷ്ടപ്പെട്ടില്ല. അഹങ്കാരിയായി മാറിയ ഇബലീസ് ദൈവകല്പന ധിക്കരിച്ചു. ശാപ ഗ്രസ്തനായി സ്വര്‍ഗത്തില്‍ നിന്നു ആട്ടിയകറ്റപ്പെട്ടവനാണ് ഇബലീസ്. അന്നു മുതല്‍ പ്രലോഭിച്ചും അനുനയിപ്പിച്ചും വഞ്ചിച്ചും മനുഷ്യനെ വഴികേടിലാക്കുമെന്ന് അല്ലാഹുവിനോട് ശപഥം ചെയ്തു ഇറങ്ങിത്തിരിച്ചതാണ് ഇബലീസും കൂട്ടാളികളും. എന്നാല്‍ എല്ലാ ജിന്നുകളും ഇബലീസിന്റെ കൂട്ടാളികളല്ല. ഉദാഹരണത്തിന് സുലൈമാന്‍ നബിയോടൊപ്പമുണ്ടായിരുന്ന ജിന്നുകള്‍ വിശ്വാസികളായിരുന്നു. അവര്‍ അദ്ദേഹത്തിനു വേണ്ടി കടലില്‍ മുങ്ങി മുത്തുകള്‍ ശേഖരിച്ചു.
ഇസലാമിനു മുമ്പും ശേഷവും ജിന്നുകളെ ആരാധിക്കുന്ന ജനവിഭാഗങ്ങളുണ്ടായിട്ടുണ്ട്. ആകാശ ലോകത്തു ചെന്നു അല്ലാഹുവിന്റെ അത്യുന്നത സഭയിലെ വാര്‍ത്തകള്‍ ശ്രവിക്കാന്‍ ശ്രമിക്കുന്ന സ്വഭാവമുണ്ടായിരുന്നു ചില ജിന്നുകള്‍ക്ക്. എന്നാല്‍ ഉപരിലോകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ തീജ്വാലകള്‍(അഗ്നി മിസൈലുകള്‍) കൊണ്ട് എറിയപ്പെട്ടിരുന്നു.
നബി(സ) ഒരിക്കല്‍ മക്കയിലെ പ്രശസ്തമായ ഉക്കാള് ചന്തയിലേക്ക് പോവുകയായിരുന്നു.നഖ്‌ല എന്ന സ്ഥലത്തെത്തിയപ്പോള്‍ പ്രവാചകന്‍ സുബ്ഹ് നമസ്‌കരിച്ചു. അതു വഴി കടന്നു പോകവെ പ്രവാചകന്റെ ഖുര്‍ആന്‍ പാരായണം ശ്രവിച്ച ഒരു സംഘം ജിന്നുകള്‍ അവിടെ തങ്ങി ആ പാരായണംപൂര്‍ണമായി സശ്രദ്ധം ശ്രവിച്ചു. അല്ലാഹുവിങ്കല്‍ നിന്നുളള സന്മാര്‍ഗ സന്ദേശമാണ് പ്രവാചകനില്‍ നിന്നും കേള്‍ക്കുന്നതെന്നു തിരിച്ചറിഞ്ഞ ആ സംഘം അപ്പോള്‍ തന്നെ അല്ലാഹുവിന്റെ പ്രവാചകനിലും അവന്റെ ഗ്രന്ഥത്തിലും വിശ്വസിക്കുകയും സ്വസമൂഹത്തില്‍ ചെന്ന് തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഭവം വെളിപ്പെടുത്തി കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു.
'(നബിയേ) താങ്കള്‍ പറയുക,ജിന്നുകളില്‍ നിന്നുളള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍(സ്വസമൂഹത്തില്‍ ചെന്ന്) പറഞ്ഞു:തീര്‍ച്ചയായും അദ്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. ആ ഖുര്‍ആന്‍ സന്‍മാര്‍ഗ ദര്‍ശിയാണ്. അതുകൊണ്ട് ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. മേലില്‍ ഞങ്ങളുടെ നാഥനില്‍ ഞങ്ങള്‍ ആരെയും പങ്കു ചേര്‍ക്കുകയില്ല. നമ്മുടെ രക്ഷിതാവിന്റെ മഹത്വം അത്യുന്നതമാകുന്നു.അവന്‍ ആരെയും സഹധര്‍മ്മിണിയോ സന്താനമോ ആക്കിയിട്ടില്ല. നമ്മിലുളള വിഡ്ഢികള്‍ അല്ലാഹുവിനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന ഏറെ സംഗതികള്‍ സത്യവിരുദ്ധമാകുന്നു. ജിന്നുകള്‍ക്കോ മനുഷ്യര്‍ക്കോ അല്ലാഹുവിന്റെ പേരില്‍ കളളം പറയാനാവില്ലെന്നാണല്ലോ നമ്മള്‍ കരുതിയത്. മനുഷ്യരില്‍ ചിലര്‍ ചില ജിന്നുകളോട് സഹായം തേടാറുണ്ടായിരുന്നു.അങ്ങനെയവര്‍ ജിന്നുകളുടെ ഗര്‍വ്വ് വര്‍ധിപ്പിച്ചു. നിങ്ങള്‍ ധരിച്ചതു പോലെ അല്ലാഹു ആരെയും ദൂതനായി അയക്കുകയില്ലെന്നായിരുന്നു അവരും ധരിച്ചിരുന്നത്. ഞങ്ങള്‍ ആകാശ ലോകത്ത് പരതി നോക്കിയപ്പോള്‍ അവിടം ശക്തന്‍മാരായ കാവല്‍ക്കാരാല്‍ നിറക്കപ്പെട്ടതായും തീ ജ്വാലകള്‍ വര്‍ഷിക്കുന്നതായും കണ്ടു.പണ്ട് കട്ടു കേള്‍ക്കുന്നതിനു വേണ്ടി ആകാശത്തിലെ ചില ഇരിപ്പിടങ്ങളില്‍ നാം ഇരിക്കാറുണ്ടായിരുന്നുവല്ലോ.എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും കട്ടുകേള്‍ക്കുകയാണെങ്കില്‍ തന്നെ കാത്തിരിക്കുന്ന തീ ജ്വാലയെ നേരിടേണ്ടി വരുന്നു.
ഭൂമിയിലുളളവരുടെ കാര്യത്തില്‍ തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിട്ടുളളത്,അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്നു നമ്മള്‍ക്കു മനസിലാകുന്നില്ല. നമ്മില്‍ കുറേ സദ്‌വൃത്തരുണ്ട്. കുറേ പേര്‍ അതിനു താഴെയാണ്. നമ്മള്‍ വിഭിന്ന മാര്‍ഗത്തില്‍ ചിതറിപ്പോയിരിക്കുന്നു.
ഭൂമിയില്‍ അല്ലാഹുവിനെ തോല്പിക്കാനോ അവനില്‍ നിന്ന് ഓടി രക്ഷപ്പെടാനോ സാധ്യമല്ലെന്ന് ഞങ്ങള്‍ക്കു ബോധ്യപ്പെട്ടിരുന്നു.സന്മാര്‍ഗ സന്ദേശം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു.അപ്പോള്‍ ഏതൊരുവന്‍ തന്റെ രക്ഷിതാവില്‍ വിശ്വസിക്കുന്നുവോ അവന്‍ അവകാശ നഷ്ടമോ അനീതിയോ ഭയപ്പെടേണ്ടതില്ല. നമ്മില്‍ ചിലര്‍ കീഴ്‌പ്പെട്ടവര്‍(മുസലിംകള്‍)ആകുന്നു. ചിലര്‍ സത്യത്തില്‍ നിന്നും വ്യതിചലിച്ചവരും. എന്നാല്‍ ആര്‍ കീഴവണങ്ങിയോ അത്തരക്കാര്‍ സന്മാര്‍ഗം അവലംബിച്ചിരിക്കുന്നു. സത്യത്തില്‍ നിന്ന് വ്യതിചലിച്ചവരോ, നരകത്തില്‍ ഇന്ധനമായിത്തീരുന്നു.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 72 സൂറ അല്‍ജിന്ന് 1--15)

മുന്‍ ലക്കങ്ങള്‍ താഴെ വായിക്കാം… 

മാതൃ സ്‌നേഹം മുട്ടു മടക്കിയ ആദര്‍ശ ധീരത


ഖുറൈശി പ്രമാണിമാരേക്കാള്‍ പ്രാമുഖ്യം വിശ്വാസിയായ അന്ധന്


അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം


ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ല


പരസ്യ പ്രബോധനത്തിന്റെ അലയൊലികള്‍


ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം

Next Story

RELATED STORIES

Share it