വിശ്വാസനഷ്ടത്തിന്റെ പതിറ്റാണ്ട്

എന്‍ പി ചെക്കുട്ടി

2008 സപ്തംബറിലാണ് അമേരിക്കയിലെ കൂറ്റന്‍ ബാങ്കായ ലേമാന്‍ ബ്രദേഴ്‌സ് കൂപ്പുകുത്തിയത്. 1929ലെ ലോക സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഉണ്ടായ ഏറ്റവും കടുത്ത മുതലാളിത്ത പ്രതിസന്ധികളിലൊന്നാണ് 2008ല്‍ സംഭവിച്ചത്. കോടിക്കണക്കിനു സാധാരണക്കാരുടെ ജീവിതകാല സമ്പാദ്യമാണ് പൊലിഞ്ഞത്. കടബാധ്യത കേറി ലക്ഷക്കണക്കിന് ആളുകള്‍ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലായി. തൊഴിലില്ലായ്മ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
പ്രതിസന്ധിക്കു കാരണമാക്കിയത് സാമ്പത്തിക വികസനത്തെ സംബന്ധിച്ച അമിത പ്രതീക്ഷകളായിരുന്നു. വലതുപക്ഷ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളുടെ മുന്നേറ്റത്തിന്റെ കാലമാണ് 1980കള്‍ മുതല്‍ ലോകം ദര്‍ശിച്ചത്. ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചറും അമേരിക്കയില്‍ റൊണാള്‍ഡ് റീഗനും ഈ നയങ്ങളുടെ വക്താക്കളായിരുന്നു. ബ്രിട്ടനില്‍ സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ തച്ചുടച്ചത് താച്ചറുടെ ഭരണകാലത്താണ്. സര്‍ക്കാര്‍ പൊതുമേഖലയില്‍ നിന്നു പിന്‍വാങ്ങി. സ്വകാര്യമേഖലയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കി. ഈ നയങ്ങള്‍ മുതലാളിത്ത സാമ്പത്തിക വികസനത്തിനു കരുത്തേകി.
മറുവശത്ത് സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും കടുത്ത പ്രതിസന്ധി നേരിട്ടു. യൂറോപ്പിലും മറ്റു പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അപ്രത്യക്ഷമായി. തൊഴിലാളി സംഘടനകളില്‍ നിന്ന് അംഗങ്ങള്‍ കൊഴിഞ്ഞുപോയി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച ലോക ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അപചയത്തിന്റെ പ്രഖ്യാപനമായി. ഇടതുപക്ഷ രാഷ്ട്രീയവും സാമ്പത്തിക ദര്‍ശനവും അവഹേളിതമായി. 'ചരിത്രത്തിന്റെ അന്ത്യം' എന്നാണ് അമേരിക്കന്‍ ചിന്തകനായ ഫ്രാന്‍സിസ് ഫുകുയാമ ഈ പുതിയ കാലഘട്ടത്തെ വിശേഷിപ്പിച്ചത്.
പക്ഷേ, 21ാം നൂറ്റാണ്ട് അത് വെറും അമിത പ്രതീക്ഷയാണ് എന്ന കൃത്യമായ സൂചന നല്‍കി. അമേരിക്കയില്‍ ലോക വ്യാപാര സമുച്ചയത്തിനു നേരെ നടന്ന ആക്രമണം അതിന്റെ ലക്ഷണമായിരുന്നു. അതോടെ ലോക ചരിത്രത്തിലെ ഏറ്റുമുട്ടലുകളുടെ രൂപഭാവങ്ങള്‍ മാറി. ഭീകരതയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സായുധ കടന്നാക്രമണവുമാണ് പിന്നീട് കണ്ടത്. ഈ സംഘര്‍ഷവേളയിലും മുതലാളിത്തം അതിന്റെ ശക്തമായ മുന്നേറ്റത്തിലായിരുന്നു. ആഗോളവല്‍ക്കരണവും തൊഴില്‍രംഗത്തെ സംഘടനകളുടെ തകര്‍ച്ചയും ലോക വിപണിയുടെ ആവിര്‍ഭാവവും ഓഹരിവിപണിക്കു വലിയ കുതിപ്പു നല്‍കി. ഇത് അമിത പ്രതീക്ഷയാണ് ജനങ്ങളില്‍ അങ്കുരിപ്പിച്ചത്. അതിനാല്‍ കൂടുതല്‍ കടം വാങ്ങി കൂടുതല്‍ സുഖഭോഗങ്ങള്‍ എന്ന അവസ്ഥയില്‍ വികസിത ലോകം എത്തിച്ചേര്‍ന്നു.
2007ല്‍ തന്നെ വിപണിയില്‍ അസുഖകരമായ പ്രവണതയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓഹരിവിപണിയിലെ അനിയന്ത്രിതമായ കുതിപ്പ് ഒരുഭാഗത്ത്. കുമിളകളെപ്പോലെ ഉയര്‍ന്നുവന്ന ഡോട്ട്‌കോം കമ്പനികളില്‍ ദശലക്ഷക്കണക്കിനു ഡോളറാണ് നിക്ഷേപിക്കപ്പെട്ടത്. അതേപോലെ ഭവനവില കുതിച്ചുയര്‍ന്നു. വിലകള്‍ വീണ്ടും മേലോട്ടു കുതിക്കുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ ഓഹരികളും ഭവനങ്ങളും വാങ്ങിക്കൂട്ടി. കടം പെരുകി.
വിപണി തകര്‍ന്നതോടെ അതിഭീകരമായ അവസ്ഥയാണ് സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി അമേരിക്കന്‍ ബാങ്കുകള്‍ കടക്കെണിയില്‍പ്പെട്ടു. അമേരിക്കന്‍ ബാങ്കുകളുമായി കച്ചവടബന്ധത്തിലുള്ള മറ്റ് ആഗോള ബാങ്കുകളും പ്രതിസന്ധിയിലായി. തകര്‍ന്ന ബാങ്കുകളെ രക്ഷിക്കാനായി അമേരിക്കന്‍ ഭരണകൂടം രംഗത്തിറങ്ങി. കോടാനുകോടി ഡോളറാണ് ബാങ്കുകളുടെ തകര്‍ച്ച ഒഴിവാക്കാനായി ഫെഡറല്‍ റിസര്‍വ് ഒഴുക്കിയത്. ബാങ്കുകള്‍ രക്ഷപ്പെട്ടു; ബാങ്കുകളുടെ തലപ്പത്തിരുന്ന് സകല അതിക്രമങ്ങളും നടത്തിയ ജനവഞ്ചകരായ ചീഫ് എക്‌സിക്യൂട്ടീവുകളും രക്ഷപ്പെട്ടു.
1929ല്‍ തകര്‍ച്ച വന്നപ്പോള്‍ ബാങ്കുകളുടെ തലപ്പത്തിരുന്ന പല പ്രമുഖരുടെയും പണി പോയി; പലരും ജയിലിലായി. ഇത്തവണ അതൊന്നുമുണ്ടായില്ല. ഒരൊറ്റ ബാങ്ക് മേധാവി പോലും പ്രതിസന്ധിയുടെ പേരില്‍ നിയമ നടപടി നേരിടേണ്ടിവന്നില്ല. എന്നു മാത്രമല്ല, സേവനം അവസാനിപ്പിക്കുന്നതിനു ദശലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാര പാക്കേജുമായാണ് പുറത്തായവര്‍ പോലും സ്ഥലം കാലിയാക്കിയത്. അങ്ങനെ ജനങ്ങളുടെ നിക്ഷേപത്തെ ഓഹരിവിപണിയില്‍ കൊണ്ടുപോയി കത്തിച്ചവര്‍ക്ക് വിശ്രമകാല വിനോദത്തിനുള്ള സൗകര്യങ്ങളും ജനങ്ങളുടെ ചെലവില്‍ തന്നെ ഒരുക്കപ്പെട്ടു.
ഇപ്പോള്‍ അതിന്റെ കടുത്ത പ്രത്യാഘാതങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയരംഗത്ത് തീവ്രവലതുപക്ഷ നിലപാടുകാരുടെ ആധിപത്യവും മുന്നേറ്റവുമാണ് 2008നു ശേഷമുള്ള ഒരു പതിറ്റാണ്ടില്‍ സംഭവിച്ചത്. അമേരിക്കയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ കുടിയേറ്റവിരുദ്ധ നിലപാടുകാര്‍ക്ക് അപ്രമാദിത്വം ലഭിച്ചു. ന്യൂനപക്ഷ വിരോധവും മുസ്‌ലിം വിരോധവും കുടിയേറ്റ വിരുദ്ധ നിലപാടുകളുമായി കൂടിച്ചേര്‍ന്നതോടെ വളരെ വിജയകരമായ പുതിയൊരു രാഷ്ട്രീയ അജണ്ട പലര്‍ക്കും ലഭ്യമായി.
കുഴപ്പങ്ങള്‍ക്കു മുഴുവന്‍ കാരണക്കാര്‍ പുറത്തുനിന്നു വന്നവരാണ് എന്ന പ്രചാരവേലയാണ് വികസിത രാജ്യങ്ങളില്‍ അലയടിച്ചത്. അതേസമയം, പശ്ചിമേഷ്യയിലും അറബ് ലോകത്തും ആഫ്രിക്കയിലും യുദ്ധവും അധിനിവേശ ആക്രമണങ്ങളും കാരണം അഭയാര്‍ഥികളായ ദശലക്ഷങ്ങള്‍ പടിഞ്ഞാറോട്ട് പ്രയാണം ചെയ്യുന്നുണ്ടായിരുന്നു. അവരില്‍ പലരും സിറിയ, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഈ അവസ്ഥയാണ് തീവ്രവലതുപക്ഷ നവക്രൈസ്തവ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ മുന്നേറ്റം ലഭിക്കുന്ന സാഹചര്യം യൂറോപ്പിലും അമേരിക്കയിലും ഒരുക്കിയത്.
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയം ഈ വമ്പിച്ച രാഷ്ട്രീയ മാറ്റത്തിന്റെ ഏറ്റവും വലിയ പ്രകടനമായിരുന്നു. വളരെ പരസ്യമായ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളാണ് ട്രംപ് സ്വീകരിച്ചത്. അമേരിക്കയിലെ തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടുകളാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. അതേപോലുള്ള പ്രവണതകള്‍ ബ്രിട്ടനിലും ജര്‍മനിയിലും ഇറ്റലിയിലും ഫ്രാന്‍സിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഒക്കെ തലപൊക്കുകയുണ്ടായി.
ഫ്രാന്‍സില്‍ ഈ വിഭാഗം അധികാരം പിടിച്ചെടുക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അവര്‍ക്ക് അതിനു സാധ്യമായില്ല. പക്ഷേ, പോളണ്ടിലും ഹംഗറിയിലും അത്തരക്കാര്‍ ഭരണം കൈയടക്കുന്ന അവസ്ഥയുണ്ടായി. ജര്‍മനിയില്‍ തീവ്രവലതുപക്ഷ പ്രസ്ഥാനമായ എഎഫ്ഡി സമീപ തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം നടത്തി. ഇറ്റലിയിലും സ്വീഡനിലും മറ്റു പല രാജ്യങ്ങളിലും ഇതുതന്നെ അവസ്ഥ.
എന്താണ് ഈ കടുത്ത വലതുപക്ഷ മുന്നേറ്റത്തിനും ന്യൂനപക്ഷ വിരുദ്ധ-മുസ്‌ലിം വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ക്കും അടിത്തറ? പ്രധാന കാരണം 2008ലെ സാമ്പത്തിക തകര്‍ച്ചയും അത് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുമാണെന്ന് ഇപ്പോള്‍ പല പണ്ഡിതന്‍മാരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണകൂടത്തിലും ഭരണാധികാരികളിലുമുള്ള ജനങ്ങളുടെ വിശ്വാസം അടിസ്ഥാനപരമായി തകര്‍ക്കപ്പെട്ട ഒരു സംഭവവികാസമാണ് 2008ല്‍ സംഭവിച്ചത്. ഭരണകൂടവും ബാങ്കുകളും ഓഹരിവിപണിയിലെ വന്‍ സ്രാവുകളും എല്ലാം ചേര്‍ന്ന് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ജനങ്ങള്‍ കരുതി. അതിനാല്‍, ഭരണകക്ഷികള്‍ക്കും ഭരണനേതൃത്വങ്ങള്‍ക്കും സാമ്പ്രദായിക സമീപനങ്ങള്‍ക്കും എതിരായ ഒരു വലിയ മുന്നേറ്റമുണ്ടായി. വിദഗ്ധന്‍മാരെ ജനങ്ങള്‍ക്കു പുച്ഛമായി.
അതാണ് വെറും വാചകമടി കൊണ്ട് പ്രസിഡന്റ്പദം കൈയടക്കിയ ട്രംപിന്റെ വിജയം ചൂണ്ടിക്കാണിക്കുന്നത്. വാചകമടി കൊണ്ടുതന്നെയാണ് ഇന്ത്യയില്‍ നരേന്ദ്ര മോദി മുതല്‍ ഹംഗറിയില്‍ വിക്ടര്‍ ഒര്‍ബാന്‍ വരെയുള്ള തീവ്രവലതുപക്ഷ നേതാക്കള്‍ അധികാരത്തിലേറിയത്. ഇപ്പോള്‍ പ്രതിസന്ധിയുടെ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ സാമ്പത്തിക മേഖലയിലെ അരക്ഷിതാവസ്ഥയും രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ തീവ്രവലതുപക്ഷ-തീവ്ര ഇടതുപക്ഷ വ്യതിയാനങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരുകയാണ്.
ഓരോ സാമ്പത്തിക പ്രതിസന്ധിയും ഇത്തരത്തിലുള്ള ഗുരുതരമായ രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കുന്നുണ്ട്. മുതലാളിത്തത്തില്‍ അന്തര്‍ലീനമായ പ്രതിഭാസമാണ് പ്രതിസന്ധികള്‍. അതിനാല്‍ ഒരുപക്ഷേ, മുതലാളിത്തത്തെ അടിസ്ഥാനപരമായിത്തന്നെ പൊളിച്ചെഴുതാതെ ലോകത്ത് സമാധാനം സാധ്യമല്ലെന്ന നിഗമനത്തില്‍ നമ്മള്‍ എത്തേണ്ടിവരും.
Next Story

RELATED STORIES

Share it