വിശ്വസനീയമല്ലെന്ന് പ്രദേശവാസികള്‍ ; യമനിലെ മുകല്ലയില്‍ 800ലധികം അല്‍ഖാഇദ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് സൗദി

സന്‍ആ: യമനില്‍ അല്‍ ഖാഇദയുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ മുകല്ലയില്‍ യമന്‍ സൈന്യവും സൗദി സഖ്യസേനയും പ്രവേശിച്ചതായി റിപോര്‍ട്ട്. നഗരത്തിലെ 800ലധികം വരുന്ന അല്‍ഖാഇദ പ്രവര്‍ത്തകരെ സഖ്യസേന കൊലപ്പെടുത്തിയതായി സൗദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഒരു വര്‍ഷത്തിലധികമായി അല്‍ഖാഇദയുടെ നിയന്ത്രണത്തിലായിരുന്നു യമനിലെ തുറമുഖ നഗരങ്ങളിലൊന്നായ മുകല്ല. നഗരത്തിലെ തുറമുഖവും വിമാനത്താവളവും യമന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായി അവകാശവാദമുണ്ട്. 2000ത്തോളം വരുന്ന സൈനിക സംഘം ഞായറാഴ്ച നഗരത്തെ ലക്ഷ്യമാക്കി നീക്കം ആരംഭിച്ചിരുന്നു.
എന്നാല്‍, 800 അല്‍ഖാഇദ പ്രവര്‍ത്തകരെ സൈന്യം കൊലപ്പെടുത്തിയെന്ന അവകാശവാദം വിശ്വസനീയമല്ലെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. അല്‍ഖാഇദ നേരത്തേ തന്നെ മുകല്ലയില്‍ നിന്നു പിന്‍വാങ്ങിയിട്ടുണ്ടെന്നും നഗരത്തില്‍ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞതായി റിപോര്‍ട്ടിലുണ്ട്.
മരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് വിവരം. അതിനിടെ ഞായറാഴ്ച അല്‍ഖാഇദ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഏഴു സൈനികര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it