Religion

വിശുദ്ധ ഭവനത്തിന്റെ മധ്യസ്ഥന്‍

ഇംതിഹാന്‍ ഒ അബ്ദുല്ല
അറേബ്യയില്‍ അക്കൊല്ലത്തെ വര്‍ഷം കനത്തതായിരുന്നു. ചെങ്കുത്തായ മലനിരകളുടെ താഴവരയില്‍ സ്ഥിതിചെയ്യുന്ന മക്കാപട്ടണത്തിന് വര്‍ഷപാതം ഏല്‍പിച്ച ആഘാതം നിസ്സാരമായിരുന്നില്ല. മലനിരകളില്‍ നിന്ന് ഒലിച്ചിറങ്ങിയ കല്ലും മണ്ണും ചെളിയും നിറഞ്ഞ വെളളം വിശുദ്ധ കഅ്ബാലയത്തിനും പരിസരത്തെ ഭവനങ്ങള്‍ കേടുപാടുകള്‍ വരുത്തി. അക്കാലത്ത് വിശുദ്ധ ഗേഹത്തിന്റെ ഉയരം ആറടിയാണ്. മേല്‍ക്കൂരയുമില്ല. അതിനാല്‍ മഴ കുതിര്‍ന്ന് ചുവരുകള്‍ നിലം പൊത്താറായിരിക്കുന്നു.
വിശുദ്ധ ഗേഹം പുതുക്കി പണിയല്‍ അനിവാര്യമാണെന്ന് ഖുറൈശികള്‍ക്ക് ബോധ്യപ്പെട്ടു. മക്കയ്ക്ക് അതിന്റെ പവിത്രത പ്രദാനം ചെയ്യുന്ന അല്ലാഹുവിന്റെ ഗേഹം പുതുക്കി പണിയാന്‍ അവര്‍ ഒരുക്കവുമാണ്. എന്നാല്‍  പുതുക്കി പണിയമെങ്കില്‍ വിശുദ്ധ ഗേഹത്തിന്റെ നിലവിലുളള ചുവരുകള്‍ പൊളിച്ചു മാറ്റണം. പക്ഷെ വിശുദ്ധഗേഹം അത് പുനര്‍ നിര്‍മ്മിക്കാനാണെങ്കിലും പൊളിക്കാന്‍ കൈവെക്കാന്‍ ധൈര്യമുളളവരാരുമില്ല മക്കയില്‍. ജനങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശുദ്ധ ഗേഹം തച്ചുതകര്‍ക്കാന്‍ വേണ്ടി ഉദ്യുക്തനായി മക്കയിലേക്ക് ആനപ്പടയുമായി വന്ന യമനിലെ ഭരണാധികാരി അബ്‌റഹത്തിന്റെയും കൂട്ടരുടെയും ദാരുണാന്ത്യം അവര്‍ കണ്ണുകൊണ്ട് കണ്ടതാണല്ലോ. അബ്‌റഹത്തും കൂട്ടരും താവളമടിച്ചിരുന്ന മക്കക്കടുത്ത മുഖാമിസിന്റെ  ആകാശത്തേക്ക് എവിടെ നിന്നെന്നറിയാതെ എത്തിയ അബാബീല്‍ പക്ഷികള്‍ കുഞ്ഞു തീക്കട്ടകള്‍ വര്‍ഷിച്ചപ്പോള്‍ അവരുടെ ദേഹങ്ങളില്‍ നിന്നും മാംസം ഉരുകിയൊലിച്ച് അടര്‍ന്നു വീണ സംഭവം അവര്‍ എങ്ങനെ മറക്കാനാണ്. കഅ്ബ തകര്‍ക്കാന്‍ വന്ന അബ്രഹത്തിനോട് അന്ന് അബ്ദുല്‍മുത്തലിബ് പറഞ്ഞവാക്കുകള്‍ അവരുടെ കാതുകളില്‍ ഇന്നും മുഴങ്ങുന്നുണ്ട്. ഖുറൈശികളുടെ നേതാവും കഅ്ബയുടെ പരിപാലകനുമെന്ന  നിലയില്‍ അബറഹത്ത് വിളിപ്പിച്ചതായിരുന്നു അബ്ദുല്‍ മുത്തലിബിനെ. അബ്‌റഹത്തിന്റെ താവളത്തിലെത്തിയ അബ്ദുല്‍ മുത്തലിബ് കഅ്ബയുടെ കാര്യം പരാമര്‍ശിക്കുക പോലും ചെയ്യാതെ അബ്‌റഹത്ത് പിടിച്ചെടുത്ത തന്റെ ഒട്ടകങ്ങളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു. അബ്ദുല്‍മുത്തലിബിനെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ വലിയ മതിപ്പ് തോന്നിയിരുന്ന അബ്‌റഹത്ത് അന്തം വിട്ടുപോയി. തലമുറകളായി തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ, ഖുറൈശികളുടെ പേരും പെരുമക്കും ആധാരമായ വിശുദ്ധ ഗേഹത്തേക്കാള്‍ ഇയാള്‍ വിലകല്‍പിക്കുന്നത് ഏതാനും ഒട്ടകങ്ങള്‍ക്കോ. പുഛത്തോടെ തന്റെ മനോഗതം അബ്‌റഹത്ത് അബ്ദുല്‍മുത്വലിബിനോട് തുറന്നു പറഞ്ഞു. ശാന്തമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.' ഒട്ടകങ്ങളുടെ ഉടമസ്ഥന്‍ ഞാനാണ്. അവയുടെ സംരക്ഷണം ഞാന്‍ തനിയെ ഉറപ്പുവരുത്തിയേ തീരൂ. കഅ്ബയുടെ ഉടമസ്ഥന്‍ അല്ലാഹുവാണ്. അതിന്റെ സംരക്ഷണം അവന്‍ ഉറപ്പുവരുത്തിക്കൊളളും.' അബ്ദുല്‍മുത്തലിബ് പ്രവചിച്ചതു പോലെ കഅ്ബയെ അല്ലാഹു സംരക്ഷിച്ചു. പില്‍ക്കാലക്കാര്‍ക്ക് മുഴുവന്‍ പാഠമെന്നോണം അബ്‌റഹത്തിനെ അവന്‍ നാമാവശേഷമാക്കി. കഅ്ബയുടെ നാഥന്റെ അജയ്യത തെളിയിക്കപ്പെട്ട ആ സംഭവം അറബികള്‍ ഒരിക്കലും മറക്കുകയില്ല. അതിനു ശേഷം അറബികളുടെ കാലഗണന പോലും ആനക്കലഹത്തിന് മുമ്പും ശേഷവുമെന്നാണ്.
പക്ഷെ ആനക്കലഹത്തിന്റെ സാഹചര്യമല്ല ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. അല്ലാഹുവിന്റെ ഭവനത്തെ തകര്‍ക്കാനോ ഇകഴ്ത്താനോ അല്ല ഇപ്പോള്‍ പൊളിക്കേണ്ടത്. മറിച്ച്,വിശുദ്ധ ഗേഹത്തിന്റെ നിലനില്‍പും ഭദ്രതയും ഉറപ്പു വരുത്താനാണ്. ദൈവകോപം ഭയന്ന്  അറച്ചു നിന്നാല്‍ക്കാവുന്ന സാഹചര്യമല്ല. ഇനിയൊരു കാറ്റിനെയോ മഴയേയോ അതിജീവിക്കാനുളള കരുത്ത് വിശുദ്ധ ഗേഹത്തിനില്ല. മന്ദിരം തകര്‍ന്നാല്‍ അതോടെ ഖുറൈശികളുടെ അന്തസ്സും തകര്‍ന്നടിയും.
അവസാനം രണ്ടും കല്‍പിച്ച് കഅ്ബ പുനര്‍നിര്‍മ്മാണം ആരംഭിക്കാന്‍ ഖുറൈശികള്‍ തീരുമാനിച്ചു. അതിനായി ഫണ്ട് ശേഖരണവും ആരംഭിച്ചു. പക്ഷെ ഉത്തമമായ മാര്‍ഗത്തിലൂടെ നേടിയതല്ലാത്ത ധനം ദൈവികമന്ദിരത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ വേശ്യയുടേയോ പലിശ ഇടപാടുകാരന്റെയോ ധനം സ്വീകരിക്കുന്നതല്ലെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. കഅ്ബയുടെ നാലു ചുവരുകള്‍ പൊളിക്കാന്‍ നാലു ഗോത്രങ്ങളെ ചുമതലപ്പെടുത്തി. പക്ഷെ ആര്‍ക്കും പ്രവൃത്തി തുടങ്ങാനുളള ധൈര്യമില്ല. ദൈവിക കോപം ഭയന്ന് അറച്ചു നില്‍ക്കുകയാണ് എല്ലാവരും. ഒടുവില്‍ മഖ്‌സൂം ഗോത്ര തലവനായ വലീദുബ്‌നു മുഗീറ ധൈര്യം അവലംബിച്ചു കൊണ്ട് കഅ്ബക്ക് മുകളില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ചോദിച്ചു: ജനങ്ങളേ, ഹറമിന്റെ ആളുകളേ, അല്ലാഹുവിന്റെ ഭവനത്തിന്റെ അയല്‍വാസികളേ നമ്മള്‍ കഅ്ബാശരീഫ് പൊളിക്കുന്നത് ന• ഉദ്ദേശിച്ചു കൊണ്ടോ അതോ കുഴപ്പമുണ്ടാക്കാനോ? നമ്മള്‍ ന•യും ദൈവപ്രീതിയുമാണ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ വിളിച്ചു പറഞ്ഞു.  എങ്കില്‍ സല്‍ക്കര്‍മകാരികളെ നശിപ്പിക്കുകയില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് വലീദ് പിക്കാസെടുത്ത് കഅ്ബയുടെ ചുമര്‍ പൊളിക്കാനാരംഭിച്ചു. അല്ലാഹുവേ, നീ ഞങ്ങളോട് കോപിക്കരുതേ, ഇതിലൂടെ നിന്റെ വിശുദ്ധ ഭവനത്തിന്റെ ന•യല്ലാതെ മറ്റൊന്നും ഞങ്ങളുദ്ദേശിക്കുന്നില്ല. എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു വലീദ് ജോലി തുടര്‍ന്നത്. ജനങ്ങള്‍ വലീദിന്റെ പ്രവൃത്തി നോക്കി നിന്നു. വൈകുന്നേരം വരെ വലീദ് ജോലി ചെയ്തു. വലീദിന് ദൈവകോപം സംഭവിച്ചോ എന്നറിയാന്‍ ജനങ്ങള്‍ നേരം പുലരുന്നത് വരെ കാത്തിരുന്നു. വലീദ് യാതൊരു കുഴപ്പവും സംഭവിക്കാതെ പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും കഅ്ബാങ്കണത്തിലെത്തിയപ്പോഴാണ് ജനങ്ങള്‍ക്ക് വലീദ് ചെയ്യുന്നത് ശരിയാണെന്ന ബോധം വന്നത്. അതോടെ അവരെല്ലാവരും ധൈര്യസമേതം കഅ്ബ പൊളിക്കുന്നതില്‍ പങ്കുചേര്‍ന്നു.
കഅ്ബാശരീഫിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഹജറുല്‍ അസ്വദ് തിരിച്ചു വെക്കേണ്ട സമയമായി. സ്വാഭാവികമായും വിശുദ്ധ ഗേഹത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ ശിലയായതിനാല്‍ അതാരാണ് പുനസ്ഥാപിക്കേണ്ടത് എന്ന കാര്യത്തില്‍ വിവിധ ഗോത്രങ്ങള്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്ത് രക്തചൊരിച്ചിലിന്റെ വക്കോളമെത്തി. പുനസ്ഥാപനാവകാശത്തിനു വേണ്ടി അബുദ്ദാര്‍-അദ്ദിയ്യ്  വംശങ്ങള്‍ പരസ്പരം മരണം വരെ പോരാടുമെന്ന്  പ്രതിജ്ഞയെടുത്തു.  അബുദ്ദാറുകാര്‍ കൈകള്‍ രക്തം നിറച്ച താലത്തില്‍ മുക്കി പ്രതിജ്ഞ ചെയ്തത് സംഭവത്തിന്റെ വൈകാരികത വര്‍ധിപ്പിച്ചു.
സാമൂഹിക വ്യവസ്ഥ എത്ര ദുഷിച്ചാലും അവരില്‍ വിവേകമതികളായ ചിലരെങ്കിലും അവശേഷിക്കുമല്ലോ. ചുറ്റുപാടുമുളളവര്‍ എത്ര പ്രകോപിതരായാലും അവര്‍ സമചിത്തത കൈവെടിയുകയില്ല. അത്തരക്കാരില്‍ പെട്ട ഒരാളായിരുന്നു വയോവൃദ്ധനായിരുന്ന അബൂഉമയ്യ ബിന്‍ മുഗീറ അല്‍ മഖ്‌സൂമി. അദ്ദേഹം ചെറിയ കുന്നിനു മുകളില്‍ കയറി വിളിച്ചു പറഞ്ഞു: ജനങ്ങളേ,നിങ്ങള്‍ ഒന്നിച്ചു നില്‍ക്കുക. വിശുദ്ധഗേഹത്തിന്റെയും അല്ലാഹുവിന്റെ ഹറമിന്റെയും പവിത്രത നശിപ്പിക്കാതിരിക്കുക. മഹത്തായ ഒരു ഉദ്യമത്തിനിറങ്ങിയ നിങ്ങള്‍ അല്ലാഹുവിന്റെ കോപത്തിനിരയാകാതിരിക്കുവിന്‍. അബൂഉമയ്യയുടെ വാക്കുകള്‍ സംഘര്‍ഷത്തിന് അയവു വരുത്തി. ഇനി ഹറമിലേക്ക് കടന്നു വരുന്ന വ്യക്തിയെ മധ്യസ്ഥനായി നിശ്ചയിക്കാമെന്ന് ഐക്യകണ്‌ഠേന തീരുമാനിക്കപ്പെട്ടു.
എല്ലാ കണ്ണുകളും  ഹറമിലേക്കുളള പ്രവേശനകവാടത്തിലേക്കുറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്, ആരാണ് കടന്ന് വരുന്നത് എന്നറിയാന്‍. അയാളുടെ തീരുമാനം തങ്ങള്‍ക്കനുകൂലമാവണേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. അപ്പോഴതാ, ദൂരേ നിന്നും ഒരാള്‍ വരുന്നു. ആകാംക്ഷയോടു കൂടി എല്ലാവരും ഉറ്റുനോക്കി ആരാണതെന്ന്. മുഹമ്മദ്! അല്‍ അമീന്‍. തങ്ങളുടെ സര്‍വ്വസമ്മത നേതാവായിരുന്ന അബ്ദുല്‍ മുത്തലിബിന്റെ പേരക്കുട്ടി. കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി അദ്ദേഹം തങ്ങളുടെ കൂടെയുണ്ട്. അന്യായമായ ഒരു വാക്കോ പ്രവൃത്തിയോ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായതായി അവര്‍ക്കാര്‍ക്കും അനുഭവമില്ല. സര്‍വ്വോപരി നല്ല ബുദ്ധിമാനും പക്വമതിയുമാണ് അദ്ദേഹം. ഇതിലും നല്ല ഒരു മധ്യസ്ഥനെ ലഭിക്കാനില്ല. അവര്‍ ദൈവത്തെ സ്തുതിച്ചു.
മുഹമ്മദ് വന്നപ്പോള്‍ ഖുറൈശികള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കഅ്ബയുടെ പരിപാലനത്തിലും തീര്‍ത്ഥാടകര്‍ക്കുളള സേവനത്തിലും തങ്ങളുടെ പാരമ്പര്യവും അതുകൊണ്ട്  ഹജറുല്‍ അസവദ് എടുത്തുവെക്കാനുളള   അര്‍ഹതയെയും കുറിച്ച് ഓരോ ഗോത്രവും ശക്തമായ വാദങ്ങളും ന്യായങ്ങളും നിരത്തി. എല്ലാവര്‍ക്കും അവവരുടേതായ ന്യായീകരണങ്ങളുണ്ട്. ആരെയും തളളാനും പിണക്കാനും വയ്യ. ഹജറുല്‍ അസവദിന്റെ പുനസ്ഥാപനാവകാശം ഏത് വിഭാഗത്തിന് നല്‍കിയാലും രക്തചൊരിച്ചിലായിരിക്കും ഫലം. എന്തു ചെയ്യും. മുഹമ്മദ് ആലോചിച്ചു.
അല്പനേരത്തെ ആലോചനക്കു ശേഷം ഒരു വിരി കൊണ്ടുവരാന്‍ മുഹമ്മദ് നിര്‍ദ്ദേശിച്ചു. നിലത്തു വിരിച്ച വിരിയിലേക്ക് അദ്ദേഹം സ്വയം തന്നെ ആ കറുത്ത ശിലയെടുത്തു വെച്ചു. ശേഷം എല്ലാ ഗോത്രപ്രതിനിധികളോടും ഒന്നിച്ച് വിരിപ്പ് പൊക്കാനാവശ്യപ്പെട്ടു. യഥാസ്ഥാനത്തെത്തിയപ്പോള്‍ മുഹമ്മദ് തന്നെ അതെടുത്ത് കഅ്ബയില്‍ പ്രതിഷ്ഠിച്ചു. ആര്‍ക്കും ഒരെതിര്‍പ്പുമില്ല,പരാതിയുമില്ല. എല്ലാവരും സംതൃപതര്‍. കഅ്ബയുടെ പുനര്‍ നിര്‍മ്മാണം ഭംഗിയായി പൂര്‍ത്തീകരിക്കപ്പെട്ടു.
Next Story

RELATED STORIES

Share it