Ramadan Special

വിശുദ്ധി തേടുന്ന മാസം

വിശുദ്ധി തേടുന്ന മാസം
X

പുറത്തൊരു മുഖം, അകത്ത് മറ്റൊരു രൂപം- മനുഷ്യന്റെ മാത്രം പ്രത്യേകതയാണത്. ഗുണപരവും അല്ലാത്തതുമായ വശങ്ങളുണ്ട് ഈ സ്വഭാവത്തിന്. അകത്തുള്ള ദുഃഖം പ്രസന്നത കൊണ്ടു മറച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നവര്‍; ദാരിദ്ര്യം പ്രകടമാക്കാത്തവര്‍; അന്യരുടെ കുറവുകളും രഹസ്യങ്ങളും വെളിപ്പെടുത്താത്തവര്‍. അതെല്ലാം രഹസ്യങ്ങളിലെ നന്മയാണ്. പക്ഷേ, ഈ നന്മയെയല്ല ഇരട്ടമുഖങ്ങള്‍ പൊതുവെ പ്രതിനിധാനം ചെയ്യുന്നത്. ഭക്തിയുടെ ആള്‍രൂപങ്ങളായി പ്രത്യക്ഷപ്പെടുകയും സ്വന്തം ജീവിതത്തില്‍ പ്രാഥമിക സദാചാരം പോലും നിലനിര്‍ത്താന്‍ കഴിയാതെ വരുകയും ചെയ്യുന്നവര്‍ക്ക് സാമൂഹിക വെല്ലുവിളികള്‍ക്കു മുന്നില്‍ അവസരവാദികളാവാനേ കഴിയൂ.

ലോകം അഴിഞ്ഞാടുന്നു. ആയുധശക്തികള്‍ ഒരുഭാഗത്ത്; വെറുപ്പിന്റെ ശക്തികള്‍ മറ്റൊരു ഭാഗത്ത്. സുഖഭോഗ സംസ്‌കാരത്തിന് ഇടമുണ്ടാക്കിയെടുക്കാനുള്ള പലതരം പദ്ധതികള്‍ ജനങ്ങള്‍ക്ക് ഇട്ടുകൊടുക്കുകയും അതു നല്‍കുന്ന വിസ്മൃതിക്കിടയില്‍ വിഭവങ്ങള്‍ കൈയടക്കുകയും ചെയ്യുകയാണ് മുതലാളിത്തശക്തികള്‍. സമൂഹം എങ്ങോട്ടാണോ ഒഴുകുന്നത് അങ്ങോട്ടൊഴുകാന്‍ മിടുക്കു കാണിക്കുന്നവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന് ഈ അപകടം തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല.

ഇതിനിടയിലേക്ക് നോമ്പ് കടന്നുവരുന്നു. പരിശുദ്ധിയുടെ മാസത്തിലേക്കാണല്ലോ നാം പ്രവേശിക്കുന്നത്. പുണ്യം നേടാനുള്ള ഉല്‍സാഹത്തിലാണ് വിശ്വാസികള്‍. ത്യാഗസ്വഭാവമുള്ള കര്‍മങ്ങളാണ് ഇനി ഒരു മാസം ചെയ്തുതീര്‍ക്കാനുള്ളത്. അതോടെ ജീവിതം ശുദ്ധമാവുമെന്ന് നാം വിശ്വസിക്കുന്നു. ദേഹേച്ഛകളെക്കുറിച്ച് ഏറെ പറയുകയും കേള്‍ക്കുകയും ചെയ്യുന്ന സമയം കൂടിയാണ് ഇത്. അതുപോലെ തന്നെ മറ്റൊരു ഇച്ഛയെക്കുറിച്ചും ഖുര്‍ആന്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നതു കാണുക:

''പറയുക വേദക്കാരേ, നിങ്ങളുടെ മതത്തില്‍ നിങ്ങള്‍ സത്യംവിട്ടു കളിക്കരുത്. സമൂഹത്തിന്റെ ഇച്ഛകള്‍ക്കു പിറകെ പോവുകയും ചെയ്യരുത്. മുമ്പുതന്നെ മാര്‍ഗഭ്രംശം സംഭവിക്കുകയും അനേകം പേരെ അങ്ങനെയാക്കുകയും ചെയ്തവരാണ് അവര്‍. ശരിയായ പാതയില്‍ നിന്ന് അവര്‍ അകന്നുപോയി''- (ഖു: 5:77).

നല്ലതും ചീത്തയും വേര്‍തിരിക്കുന്നതിന് സമൂഹത്തിന്റെ സ്വഭാവം അളവുകോലായി സ്വീകരിക്കരുത് എന്നു വ്യക്തമാക്കുകയാണ് അല്ലാഹു. അധികാരകേന്ദ്രങ്ങളോടുള്ള ഭയം നിറഞ്ഞ വിധേയത്വം; അതല്ലെങ്കില്‍ അവിടെ നിന്നു ലഭിക്കുന്ന താല്‍ക്കാലിക നേട്ടം- ഇവ രണ്ടുമാണ് മനുഷ്യരെ പൊതുവെ സ്വാധീനിക്കുന്നത്. ഒഴുക്കിനൊപ്പം സഞ്ചരിക്കാനാണ് അധികപേരും ഇഷ്ടപ്പെടുക. പക്ഷേ, ഒരു കാര്യം മറക്കരുത്. വസ്തുതകളെ കുഴിച്ചുമൂടുന്നതിലൂടെ സംഭവിക്കുന്ന മൂല്യത്തകര്‍ച്ചയ്ക്കു പിന്നീട് കനത്ത വില നല്‍കേണ്ടിവരും. നല്ലതിനു വേണ്ടി നിലകൊള്ളുകയും ദുഷ്ടതകള്‍ തടയുകയും ചെയ്യുന്നത് വിശ്വാസികളുടെ പ്രഥമ കടമയായി അല്ലാഹു നിശ്ചയിച്ചത് അതിന്റെ അപകടസാധ്യത കാണാതെയാവില്ലല്ലോ.
സമ്പത്തും അധികാരവും ആത്മീയതയും അടങ്ങുന്ന കൂട്ടുകെട്ട് സമൂഹത്തിനുമേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ അവിടെ ധര്‍മവും നീതിയും നന്മയും സഹജീവിസ്‌നേഹവും നിലനില്‍ക്കില്ല. കൃത്രിമ മാര്‍ഗങ്ങളിലൂടെ ജനമനസ്സുകളെ കീഴ്‌പ്പെടുത്തി നായകപരിവേഷം നേടുന്ന ഈ ശക്തികളുടെ തന്ത്രം സമൂഹത്തില്‍ വേഗത്തില്‍ വിലപ്പോവും. ഭയവും വീരാരാധനയും ഇവര്‍ ആയുധമായി ഉപയോഗിക്കുന്നു. അടിമത്തത്തിനു കീഴില്‍ തണല്‍ കണ്ടെത്തുന്ന പ്രവണത മനുഷ്യരില്‍ പൊതുവെ കാണാറുള്ളതാണ്. അവിടെ നിന്ന് മാറുന്നത് അപകടമായി അവര്‍ക്കു തോന്നുകയും ചെയ്യും. വരേണ്യവര്‍ഗം പിടിമുറുക്കുമ്പോള്‍ ഇരകളില്‍ വലിയൊരു വിഭാഗം അധികാരക്കസേരയോടൊപ്പം ചേരുന്നതിന്റെ മനശ്ശാസ്ത്രം മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു കാര്യത്തില്‍ സംശയമില്ല. സമൂഹത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി തെറ്റുകള്‍ക്കെതിരേ കണ്ണടയ്ക്കുന്നത് വഴിതെറ്റിയ സഞ്ചാരമാണ്; അല്ലാഹുവില്‍ നിന്നുള്ള അകന്നുപോക്കാണ്.

ജീവിതത്തിന്റെ മാലിന്യങ്ങള്‍ക്ക് രണ്ടു സ്വഭാവമുണ്ട്. തന്നില്‍ മാത്രം ഒതുങ്ങുന്ന തെറ്റുകളാണ് അതിലൊന്ന്. സംഭവിച്ചതില്‍ പശ്ചാത്തപിക്കുകയും അല്ലാഹുവിനോട് മാപ്പു ചോദിക്കുകയും ചെയ്താല്‍ അതു കഴുകിക്കളയാന്‍ സാധിച്ചേക്കും. പക്ഷേ, അധിക തെറ്റുകള്‍ക്കും തുടര്‍സ്വഭാവമാണുള്ളത്. അതിന്റെ വേരുകള്‍ മറ്റുള്ളവരുടെ അവകാശങ്ങളില്‍ സ്പര്‍ശിച്ചുനില്‍ക്കുന്നുണ്ടാവും. മോഷ്ടിച്ചെടുത്ത പണമോ സമ്പത്തോ ഒരാള്‍ അതിന്റെ അവകാശിക്കു തിരിച്ചുനല്‍കാത്ത കാലം മുഴുവന്‍ അയാള്‍ മോഷ്ടാവ് തന്നെയാണ്. തട്ടിപ്പും വെട്ടിപ്പും അഴിമതിയും നടത്തി നേടിയെടുത്തത് മാലിന്യമാണ്. അത് ഉപേക്ഷിച്ചു ശുദ്ധി നേടാതെ പ്രാര്‍ഥനകളും അനുഷ്ഠാനങ്ങളും ഫലംചെയ്യുകയില്ല. പ്രവാചകന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക:
''ഉന്നതനായ ദൈവം ശുദ്ധനാണ്. ശുദ്ധിയില്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയുമില്ല. തന്റെ ദൂതന്മാരോട് എന്താണോ അവന്‍ കല്‍പിച്ചത് അതു തന്നെയാണ് വിശ്വാസികളോടും കല്‍പിച്ചത്.'' അല്ലാഹു പറഞ്ഞു: ''ദൈവദൂതരേ, നല്ലത് ഭക്ഷിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക.'' തുടര്‍ന്നും അല്ലാഹു പറഞ്ഞു: ''സത്യവിശ്വാസികളേ, നിങ്ങള്‍ക്കു നാം തന്നതില്‍ നല്ലതു ഭക്ഷിക്കുക.'' പിന്നീട് ഒരു വ്യക്തിയെ പ്രവാചകന്‍ അനുസ്മരിച്ചു. ദീര്‍ഘദൂരം യാത്ര ചെയ്തിരിക്കുന്നു അയാള്‍. മുടി ജടപിടിച്ചിരിക്കുന്നു. വസ്ത്രം പൊടി പുരണ്ടിരിക്കുന്നു. രണ്ടു കൈകളും ആകാശത്തേക്കുയര്‍ത്തി അയാള്‍ വിളിക്കുകയാണ്, 'എന്റെ നാഥാ, എന്റെ നാഥാ.' എന്നാല്‍, അര്‍ഹതയില്ലാത്തതില്‍ നിന്നാണ് അയാള്‍ ഭക്ഷണം കഴിക്കുന്നത്; അര്‍ഹതയില്ലാത്തതില്‍ നിന്നാണ് അയാള്‍ കുടിക്കുന്നത്; അര്‍ഹതയില്ലാത്തതില്‍ നിന്നാണ് അയാള്‍ വസ്ത്രം ധരിക്കുന്നത്. അര്‍ഹതയില്ലാത്തതില്‍ ഊട്ടപ്പെട്ടിരിക്കുന്നു അയാള്‍. എങ്ങനെയാണ് അല്ലാഹു അയാള്‍ക്ക് ഉത്തരം നല്‍കുക?

പരിശുദ്ധിയും പുണ്യവും നേടാനായി പൊതുവെ നടക്കുന്ന ശ്രമങ്ങളും അവയുടെ നിരര്‍ഥകതയും ചിത്രീകരിക്കുകയാണ് പ്രവാചകന്‍ ഇവിടെ. കഷ്ടപ്പെട്ട് ദീര്‍ഘദൂരം തീര്‍ത്ഥാടനം ചെയ്തിരിക്കുന്നു ഒരാള്‍. ശരീരം ക്ഷീണിച്ചിരിക്കുന്നു. മുടിയും വസ്ത്രവും മുഷിഞ്ഞിരിക്കുന്നു. ഭക്ത്യാദരപൂര്‍വം ആകാശത്തേക്ക് കൈകളുയര്‍ത്തി അയാള്‍ അല്ലാഹുവിനെ വിളിക്കുകയാണ്. ആപാദചൂഢം ഭക്തി പ്രകടമാണ് അയാളില്‍. പക്ഷേ, അതു ലക്ഷ്യത്തിലെത്തുന്നില്ല. പുറത്തു കണ്ട കാര്യങ്ങളല്ല അല്ലാഹു ശ്രദ്ധിച്ചത്. ഈ കാണിക്കുന്ന ഭക്തി യഥാര്‍ഥ ജീവിതത്തിലില്ല. അയാളുടെ സിരകളില്‍ ഒഴുകുന്നത് അര്‍ഹതയില്ലാതെ സമ്പാദിച്ചത്. മാംസപേശികളെ പോഷിപ്പിച്ചതും അതുതന്നെ. തൊലിപ്പുറം മറയ്ക്കുന്ന വസ്ത്രങ്ങളും അനര്‍ഹമായ വഴികളിലൂടെ നേടിയത്. അല്ലാഹുവിനു മുന്നില്‍ അയാള്‍ കാഴ്ചവയ്ക്കുന്നത് അതാണ്. പുറത്തു കാണുന്ന ഭക്തിയും ആദരവും അല്ലാഹുവിനെ സ്വാധീനിക്കുന്നില്ല. രക്തബന്ധുവിനോട് അതല്ലെങ്കില്‍ അയല്‍ക്കാരനോട് അതുമല്ലെങ്കില്‍ അന്യനോടു കാണിച്ച വഞ്ചനയാണ് അയാളില്‍ അല്ലാഹു വായിക്കുന്നത്. മറ്റെല്ലാം അവിടെ അപ്രസക്തമാവുന്നു. മാലിന്യങ്ങള്‍ മൂടിവച്ചുള്ള ഭക്തിപ്രകടനം അല്ലാഹുവിനു വേണ്ട. നിരര്‍ഥകമായ അഭ്യാസങ്ങള്‍ മാത്രമായേ അത് എണ്ണപ്പെടുകയുള്ളൂ.
നോമ്പ് വ്യക്തിപരമായ അനുഷ്ഠാനമാണ്.

സ്വകാര്യതയില്‍ തന്നെയാണ് അതു രൂപംകൊള്ളേണ്ടത്. മനസ്സിന്റെയും ശരീരത്തിന്റെയും താല്‍പര്യങ്ങള്‍ നിയന്ത്രിക്കപ്പെടുന്നിടത്ത് ദൈവബോധം ശക്തിപ്പെടും; വ്യക്തിത്വം വളരും; മനുഷ്യവികാസത്തിനു വാതില്‍ തുറക്കും. ഇരുലോകത്തും വിജയം ഉറയ്ക്കുകയും ചെയ്യും. ദേഹേച്ഛയും ഇച്ഛാശക്തിയും ഒരുമിച്ചുകൂടുകയില്ല. ഒന്നില്ലാതാവുമ്പോള്‍ മറ്റേത് വളരുകയാണ് ചെയ്യുന്നത്. നോമ്പുകാലത്തെ നിയന്ത്രണം സ്ഥായിയായ സ്വഭാവമാറ്റത്തിനു കൂടി കാരണമാവണം. മനസ്സില്‍ അങ്ങനെയൊരു ഉദ്ദേശ്യം സൂക്ഷിച്ചാലേ അതു നടക്കൂ. അങ്ങനെ ചെയ്യുന്നത് നോമ്പിന്റെ ചൈതന്യത്തിനും ഉദ്ദേശ്യശുദ്ധിക്കും എതിരാണ് എന്ന ധാരണ വേണ്ട. വിവാഹം കഴിക്കാന്‍ തല്‍ക്കാലം കഴിയില്ല എന്നു കണ്ട വ്യക്തിയോട് നോമ്പ് നോല്‍ക്കാന്‍ പ്രവാചകന്‍ ഉപദേശിച്ച കാര്യം ഓര്‍ക്കുക. നോമ്പിന്റെ പ്രതിഫലവും പുണ്യവും നേടാന്‍ മാത്രമായിരുന്നില്ലല്ലോ ഈ നിര്‍ദേശം. മനസ്സും ശരീരവും നിയന്ത്രണവിധേയമാവാന്‍ കൂടിയായിരുന്നു അത്.                           ി
Next Story

RELATED STORIES

Share it