Interview

വിശുദ്ധരാഷ്ടവും വിശുദ്ധ പശുവും

വിശുദ്ധരാഷ്ടവും വിശുദ്ധ പശുവും
X
റഫീഖ് റമദാന്‍

(ഫാഷിസ്റ്റുകള്‍ ഗോവധനിരോധനവുമായി മുന്നോട്ടുവരുന്നത് പശുവിനോടുള്ള സ്‌നേഹം കൊണ്ടോ മതവിശ്വാസം മൂലമോ അല്ല. വ്യത്യസ്തമായി ജീവിക്കുന്നവരോടുള്ള വെറുപ്പാണ് അവര്‍ക്കുള്ളത്. പശുവിനെ പൂജിക്കാത്തവര്‍ക്കിടയില്‍ ഗോവധം അടിച്ചേല്‍പിക്കരുതെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്.
രാജ്യം നേരിടുന്ന ഭീഷണികളെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത ഇടതുപക്ഷ ബുദ്ധിജീവി കെ.ഇ.എന്‍ കുഞ്ഞഹമ്മദ്)

ken

 

(ടീപോയിയില്‍ കിടക്കുന്ന പുസ്തകം ചൂണ്ടി) ഇത് ഗോവധ നിരോധനത്തിനെതിരായ പുസ്തകമാണല്ലോ?
അതെ. ചിന്ത പബ്ലിക്കേഷന്‍സിന്റെ fight with Fascism പരമ്പരയിലെ ആദ്യ പുസ്തകം. അതിന്റെ ജനറല്‍ എഡിറ്റര്‍
കൂടിയാണ് ഞാന്‍.

 
പേരു കൊള്ളാമല്ലോ. ഫാഷിസം അടുക്കളയിലും ആഹാരത്തിലും?
ഒരു ജനത എന്ത് ഭക്ഷിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്. ഭക്ഷണം എത്തിച്ചുകൊടുക്കുകയാണ് സര്‍ക്കാറിന്റെ ജോലി. നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ള മനുഷ്യന്റെ സ്വാതന്ത്ര്യമാണത്. ഇത് ഗോപൂജയുടെ പ്രശ്‌നമല്ല. മൗലികാവകാശ പ്രശ്‌നമാണ്. നാളെ നിങ്ങള്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നത് ഭക്ഷിക്കണം എന്നു പറയുന്നിടത്തെത്തും കാര്യങ്ങള്‍. അപ്പോള്‍ പ്രതിരോധിക്കാനായേക്കില്ല.
സ്വാതന്ത്ര്യം ഒരു സ്ഥലത്ത് കിളിര്‍ക്കുന്ന ചെടിയല്ല. മലയാളത്തില്‍ 'ഊട്ടിയുറപ്പിക്കുക' എന്ന ഭാഷാപ്രയോഗമുണ്ടല്ലോ. അതാണ് സൗഹൃദസ്രോതസ്സില്‍ ഒന്ന്. അന്നം പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാവുന്ന സൗഹൃദമാണത്. അത് അത്ര ചെറുതല്ല.


എന്തുകൊണ്ടാണ് ഫാഷിസ്റ്റുകള്‍ ഗോവധ നിരോധനവുമായി മുന്നോട്ടുവരുന്നത്?
ഇത് പശുവിനോടുള്ള സ്‌നേഹമല്ല. മതവിശ്വാസ വിഷയമല്ല. വ്യത്യസ്തമായി ജീവിക്കുന്നവരോടുള്ള വെറുപ്പാണ്. വേട്ടയ്ക്കിടെയാണ് ജന്തു-മനുഷ്യ ബന്ധം രൂപപ്പെടുന്നത്. പശു കാട്ടില്‍നിന്ന് സ്വയം തൊഴുത്തിലേക്കു വരുകയല്ല. മനുഷ്യന്‍ പിടിച്ചു കൊണ്ടുവന്ന് അതിനെ വളര്‍ത്തുന്നു. പാലും മാംസവും ഉപയോഗിക്കുന്നു.

ഗാന്ധിജി ഗോവധത്തിന് എതിരായിരുന്നില്ലേ?
മഹാത്മാഗാന്ധി ഗോവധത്തിന് എതിരായിരുന്നു. ഗോമാതാവിനെ പെറ്റമ്മയെക്കാള്‍ സ്‌നേഹിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ പശുവിനെ പൂജിക്കാത്തവര്‍ക്കിടയില്‍ ഗോവധം അടിച്ചേല്‍പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പശു നമുക്ക് പാല്‍ തരുന്നു എന്നത് ശരിയല്ല. ഇത് ഗുണ്ടാപിരിവാണ്. പാലും മാംസവും ഒരേ പ്രക്രിയയിലൂടെ രൂപപ്പെടുന്നതാണ്. പാലെടുക്കാമെങ്കില്‍ മാംസവും എടുക്കാം.

മാംസാഹാരം ഭക്ഷിക്കുന്നവരെ രണ്ടാംതരക്കാരായി കാണുന്ന ഒരവസ്ഥയുണ്ട് ഇന്ത്യയില്‍. അത് പാടില്ല. വയലാറിന്റെ 'ആയിശ' എന്ന കഥയില്‍ അന്ത്രുമാന്‍ എന്ന അറവുകാരനുണ്ട്. അറവുകാരന്‍ ഭീകരനായി ചിത്രീകരിക്കപ്പെടുന്നു. വാസ്തവത്തില്‍ അതൊരു തൊഴിലാണ്. എല്ലാവരും വെറുക്കുന്നുണ്ടല്ലോ പിശാചിനെ. പിശാച് എന്ന വാക്കിന് മലയാളത്തില്‍ മാംസഭുക്ക് എന്ന് അര്‍ഥമുണ്ട്. ഇതെങ്ങനെ വന്നു. ഇംഗ്ലീഷില്‍ ഡെവിളിന് ഇങ്ങനെയൊരു അര്‍ഥമില്ല. ഇത് മാംസഭുക്കുകളോടുള്ള വെറുപ്പില്‍ നിന്നുണ്ടായതാണ്. ഇന്ത്യക്കാരുടെ പിശാച് കറുത്തതും മാംസഭുക്കുമാണ്! പടിഞ്ഞാറന്‍ പിശാച് പക്ഷേ മാംസഭുക്കല്ല. എന്നാലോ നമ്മുടെ പിശാചിനെ പോലെ അതും കറുത്തിട്ടാണ്.













 മഹാത്മാ ഗാന്ധി ഗോവധത്തിന് എതിരായിരുന്നു. ഗോമാതാവിനെ പെറ്റമ്മയെക്കാള്‍ സ്‌നേഹിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ പശുവിനെ പൂജിക്കാത്തവര്‍ക്കിടയില്‍ ഗോവധം അടിച്ചേല്‍പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പശു നമുക്ക് പാല്‍ തരുന്നു എന്നത് ശരിയല്ല. ഇത് ഗുണ്ടാപിരിവാണ്. പാലും മാംസവും ഒരേ പ്രക്രിയയിലൂടെ രൂപപ്പെടുന്നതാണ്. പാലെടുക്കാമെങ്കില്‍ മാംസവും എടുക്കാം.








ഇന്ന് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്?
1863ല്‍ എബ്രഹാം ലിങ്കന്‍ ജനാധിപത്യത്തെ Democracy is the government of the people, by the people, for the people എന്ന് വിശദീകരിച്ച സമയത്ത് തന്നെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. റിപബ്ലിക്കിന്റെ സിംഹാസനത്തില്‍ എന്ന് കോര്‍പറേറ്റുകള്‍ കയറിയിരിക്കാന്‍ തുടങ്ങുന്നുവോ അന്ന് റിപബ്ലിക്കിന്റെ അന്ത്യമായിരിക്കുമെന്ന്. ഇന്ന് തിരഞ്ഞെടുപ്പിന് കോര്‍പറേറ്റുകള്‍ പണം ഒഴുക്കുക മാത്രമല്ല, പാര്‍ലമെന്റിനകത്ത് കോര്‍പറേറ്റ് പ്രതിനിധികള്‍ ഉള്ള അവസ്ഥയാണ്. ഇതാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. റിലയന്‍സേ നിനക്കുവേണ്ടി, അദാനീ നിനക്കുവേണ്ടി എന്ന രീതിയില്‍.

ഇതിനെതിരായ പ്രതിഷേധം മറികടക്കാനാണ് പശുവിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇന്ന് 'പൊതു' എന്നത് പിഴച്ചതും 'സ്വകാര്യം' ശ്രേഷ്ഠവും ആക്കിയാണ് പ്രചാരണങ്ങള്‍.  

ഫാഷിസവും  കോര്‍പറേറ്റുകളുമായുള്ള
ബന്ധം?

ഫാഷിസം മൂലധനശക്തികളുടെ സര്‍വാധിപത്യമാണ്. ഫൈനാന്‍സ് മൂലധനത്തിന്റെ നഗ്നമായ ഏകാധിപത്യമാണ് അതെന്ന് ദിമിത്രോവ്. അതിനു മുന്നില്‍ മനുഷ്യസമൂഹം മുട്ടുകുത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി കൂടിയാണ് വംശഹത്യ നടത്തുന്നതും ഭക്ഷണ, ആരാധന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതും.

മാനവികതയെ ഭക്ഷിച്ചാണ് കോര്‍പറേറ്റുകള്‍ വളരുന്നത്. മൂലധനത്തെക്കുറിച്ച് കാള്‍ മാര്‍ക്്‌സ് പറഞ്ഞത് കൃത്യമാണ്:

'വേണ്ടത്ര ലാഭം ലഭിക്കുമെങ്കില്‍ മൂലധനം ഏതു സാഹസത്തിനും തയ്യാറാകും. 10 ശതമാനം ലാഭം ഉറപ്പുണ്ടെങ്കില്‍ അത് എവിടെയും വ്യാപിക്കും. 20 ശതമാനം അതിന്റെ ആര്‍ത്തി വര്‍ധിപ്പിക്കും. 50 ശതമാനമാണ് ലാഭമെങ്കില്‍ എന്ത് സാഹസത്തിനും തയ്യാറാകും. 100 ശതമാനമാണ് ലാഭം കിട്ടുന്നതെങ്കില്‍ എല്ലാ മാനുഷിക നിയമങ്ങളേയും ചവിട്ടിമെതിക്കാന്‍ അത് കരുത്തുകാട്ടും. 300 ശതമാനം ലാഭം ലഭിക്കുമെങ്കില്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ എന്ത് കുറ്റകൃത്യവും ചെയ്യാന്‍ അതിനു കഴിയും. സ്വന്തം ഉടമയെ പോലും വേണ്ടിവന്നാല്‍ അപ്പോള്‍ അത് തൂക്കിലേറ്റും. സാമ്രാജ്യത്തമുള്ളിടത്ത് യുദ്ധമുണ്ട് എന്നാണ് ലെനിന്‍ പറഞ്ഞത്.

ഇവിടെ ഇന്ന് ജനാധിപത്യത്തെ പുറംതള്ളി വളരുന്നത് കോര്‍പറേറ്റോക്രസിയാണ്. ജനാധിപത്യത്തിന്റെ നാലാംതൂണ്‍ ആയ മാധ്യമങ്ങള്‍ കോര്‍പറേറ്റോക്രസിയുടെ ആയുധമാവുകയാണ്. മൂലധന താല്‍പര്യങ്ങളുടെ ചുറ്റുമൊരു രക്ഷാകവചമാണ് അത് ഒരുക്കിയിരിക്കുന്നത്. ജീവന്‍രക്ഷാ മരുന്നുകളുടെ വിലവര്‍ധനയ്‌ക്കെതിരേ അര്‍ഹിക്കുന്ന പ്രതിഷേധം ഉയര്‍ന്നുവരുന്നില്ല! അതുപോലെ തന്നെ മറ്റു പല ജനവിരുദ്ധതകള്‍ക്കെതിരെയും.



cover-book-of-jha-ken



ഇന്ത്യന്‍ ജുഡീഷ്യറിക്കും അപചയം സംഭവിച്ചിട്ടില്ലേ. വധശിക്ഷാ വിഷയത്തില്‍?
ഒരു ന്യായാധിപന്‍ നിയമം മുടിനാരിഴ കീറി പരിശോധിച്ച് വധശിക്ഷ പാടില്ലെന്ന് വിധിച്ച കേസില്‍ അതേ നിയമത്തെ സൂക്ഷ്മമായി അപഗ്രഥിച്ച് പ്രതിരോധിക്കുന്നതിനു പകരം മഹാഭാരത കഥ പറഞ്ഞ് മറ്റൊരു ജഡ്ജി വധശിക്ഷ വിധിച്ചത് മാറിവരുന്ന ഇന്ത്യന്‍ സാഹചര്യത്തോട് കോടതികള്‍ അടുത്തുവരുന്നു എന്നതിനു തെളിവാകുകയാണോ? യാക്കൂബ് മേമന്‍ സംഭവത്തിലെ വിധിന്യായം 1996ല്‍ സുപ്രിം കോടതി ജഡ്ജി ജെ.എസ് വര്‍മ ഇന്ത്യ കൂടുതല്‍ ഹിന്ദുവല്‍ക്കരിക്കുന്നതിലൂടെയാണ് കൂടുതല്‍ സെക്കുലറാവുക എന്നു പറഞ്ഞതിനോട് ഒത്തുപോവുന്നു. കോടതിയും പതറുകയാണോ എന്ന് ജനങ്ങള്‍ ആശങ്കിക്കാന്‍ ഇത് പ്രേരകമാവുന്നു.

അന്ന് ജെ.എസ് വര്‍മ പറഞ്ഞത് ഇതാണ്: Hindus Needed To Stay True To their Faith In order to Be Secular. To Make India More Secular meant Making It More Hindu.

അഫ്‌സല്‍ ഗുരുവിനെ തൂക്കിയതോ?
നിയമം മാത്രം അടിസ്ഥാനമാക്കിയല്ല, പൊതുജന വികാരം നോക്കിയാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. അന്നു തന്നെ ലോകമെങ്ങുമുള്ള നിയമജ്ഞര്‍ ഇതിനെ ചോദ്യംചെയ്തിരുന്നു. ഇന്ത്യ വധശിക്ഷ ഉപേക്ഷിക്കണം. മേമനെ തൂക്കിലേറ്റിയപ്പോഴും നടപടിക്രമങ്ങള്‍ പാലിച്ചില്ല. മകളെ കാണാന്‍ അനുവദിച്ചില്ല. ഇന്ത്യയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കുകയായിരുന്നു ഭരണകൂടം എന്ന വിമര്‍ശനം കണ്ടില്ലെന്നു നടിക്കാന്‍ ഇനി കഴിയില്ല. ഇങ്ങനെയായാല്‍ ആരും കീഴടങ്ങാന്‍ തയ്യാറാവില്ല. അപ്പോള്‍ ഭീകരവാദത്തെ വളര്‍ത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. വംശഹത്യയില്‍ അറിഞ്ഞോ അറിയാതെയോ പങ്കെടുക്കുന്നവരുടെയും മാനവികത നഷ്ടമാവും.


അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ ഇരട്ട നീതി അല്ലേ?
അതെ. അസീമാനന്ദ, പ്രഗ്യാസിങ് ഠാക്കൂര്‍, ബാബു ബജ്രംഗി, മായാ കോഡ്‌നാനി തുടങ്ങിയ സംഘപരിവാര നേതാക്കളെ കൊടുംകുറ്റവാളികളെന്നു തെളിഞ്ഞിട്ടും ജാമ്യത്തില്‍ വിടുന്നു. അതേസമയം 10 വര്‍ഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞ് ഒടുവില്‍ നിരപരാധിയെന്നു കണ്ട് വിട്ടയക്കപ്പെട്ട മഅ്ദനി വീണ്ടും ജയിലില്‍ നരകിക്കുന്നു. യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ കാരണമായ ബോംബെ സ്‌ഫോടന പരമ്പരക്കു കാരണമായ ബോംബെ കലാപത്തില്‍ ബാല്‍ താക്കറെ ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരായി കണ്ടെത്തിയ ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ട് തള്ളി. അതിലെ പ്രതികള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ സാധിക്കുന്നു. സംജോധ, മലേഗാവ്, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ക്കു പിന്നിലെല്ലാം സംഘപരിവാര സംഘടനകളാണെന്നു തെളിഞ്ഞതാണ്. എന്നാല്‍ ഒന്നുമുണ്ടായില്ല! ഇത് ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്ന ആശങ്ക സൃഷ്ടിക്കുന്നു. ഗുജറാത്ത് വംശഹത്യ കേസില്‍ പലതും ഗുജറാത്തില്‍ നിന്നു മാറ്റാന്‍ കോടതിക്കു തന്നെ പറയേണ്ടിവന്നു. അവിടെ നിന്ന് നീതി നല്‍കാനാവുമെന്ന് അവര്‍ക്കു തന്നെ ഉറപ്പില്ലാത്ത അവസ്ഥ.


ഭീകരത പക്ഷേ, ഒരു സമുദായത്തിനു മേല്‍ അടിച്ചേല്‍പിക്കപ്പെടുന്നു?
തീര്‍ച്ചയായും. സപ്തംബര്‍ 11 ഭീകരതയുടെ ദിനമായി ലോകമെങ്ങും അനുസ്മരിക്കപ്പെടുമ്പോള്‍ എന്തുകൊണ്ട് ആഗസ്ത് 6 അതേപോലെ ഭീകരദിനമാവുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും നടന്നത് ലോക വ്യാപാരകേന്ദ്രത്തില്‍ നടന്നതിനെക്കാള്‍ എത്രയോ ഭീകരമായിരുന്നില്ലേ? അതിനൊക്കെ എത്രയോ മുമ്പായിരുന്നല്ലോ ഹിരോഷിമ. ഇവിടെ അധികാരമുള്ളവരാണ് എല്ലാം തീരുമാനിക്കുന്നത്. ഭീകരതക്ക് ഒരു പ്രത്യേക നിറവും വേഷവും കല്‍പിക്കപ്പെടുന്നു. താടിയും തലേക്കെട്ടും ഭീകരരുടേതാണെന്ന വാര്‍പ്പുമാതൃക. ജനാധിപത്യത്തിന്റെ കൂടി നിര്‍മിതിയാണ് ഭീകരത.


നരേന്ദ്രമോഡി ഇപ്പോള്‍ വികസന നായകനായാണല്ലോ ചിത്രീകരിക്കപ്പെടുന്നത്?
മോഡിയുടെ വംശഹത്യാ വിദഗ്ധനെന്ന മുഖം മറയ്ക്കാന്‍ ആപ്‌കോ വേള്‍ഡ് വൈഡും സംഘപരിവാരവും ചേര്‍ന്ന് നിര്‍മിച്ചെടുത്ത പരസ്യവാചകം മാത്രമാണത്. അറുനൂറിലേറെ കലാപങ്ങള്‍ ഈ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് നടന്നു. അതിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നാലേ മോഡിക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയൂ.

ഇന്ന് രാജ്യമെങ്ങും നടക്കുന്ന കാവിവല്‍ക്കരണത്തെ കുറിച്ച് എന്തു പറയുന്നു?
ടെലിവിഷന്‍ സീരിയലില്‍ മഹാഭാരതകഥയിലെ യുധിഷ്ഠിരനായി അഭിനയിച്ചു എന്ന യോഗ്യതയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിക്കപ്പെട്ട ഗജേന്ദ്ര ചൗഹാന് ഉള്ളത്. അങ്ങനെയെങ്കില്‍ ഭീഷ്മരും ദ്രോണരുമായി വേഷമിട്ടവരെ ഇന്ത്യന്‍ സേനയുടെ കമാന്റര്‍മാരാക്കേണ്ടേ? 1999ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് സീരിയലില്‍ ശ്രീരാമനായി അഭിനയിച്ചയാളെയാണ്. അത് പക്ഷേ, സ്ഥാനാര്‍ഥി മാത്രമാണ്. ജനത്തിനു തള്ളാം. ഇവിടെ നേരിട്ടുള്ള നിയമനമാണ്.

ആര്‍.എസ്.എസിന്റെ കീഴിലുള്ള വിദ്യാഭാരതി ജന. സെക്രട്ടറിയായ ദിനനാഥ് ബത്രയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖല കാവിവല്‍ക്കരിക്കുകയാണ്. ഫാഷിസം നല്ലതാണെന്നാണ് രാജസ്ഥാനിലെ സ്‌കൂളുകളില്‍ 12ാം ക്ലാസ് കുട്ടികളെ പഠിപ്പിക്കുന്നത്! ഉറുദു കലര്‍ന്ന ഹിന്ദി വാക്കുകള്‍ ഉ•ൂലനം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അവര്‍. ജാതിവ്യവസ്ഥ നല്ലതാണെന്നും പ്രചരിപ്പിക്കുന്നു.

അപ്പോള്‍ ശുഭസൂചനകള്‍ ഒന്നുമില്ല എന്നാണോ?
ഇടതുപക്ഷ മതനിരപേക്ഷ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ടില്ല. നിലയ്ക്കുകയുമില്ല എന്നതാണ് ഏറ്റവും വലിയ പ്രതീക്ഷ. യാക്കൂബ് മേമനെ തൂക്കിക്കൊന്ന സംഭവത്തെ തുടര്‍ന്ന് സുപ്രിം കോടതി ഡപ്യൂട്ടി രജിസ്ട്രാര്‍ അനൂപ് സുരേന്ദ്രനാഥ് രാജിവച്ചത് നല്ല മാതൃകയാണ്. ഗുജറാത്ത് വംശഹത്യയിലെ മോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച സഞ്ജീവ് ഭട്ട്, മോഡിക്കെതിരേ രംഗത്തുവന്ന ഗുജറാത്ത് മുന്‍ ഡി.ജി.പി ശ്രീകുമാര്‍ എന്നിവര്‍ ശുഭ സൂചനയാണ് നല്‍കുന്നത്. പലതരം പ്രതിസന്ധികള്‍ അടിച്ചേല്‍പിക്കാന്‍ ഭരണകൂടം ശ്രമിച്ചിട്ടും അതിനൊന്നും മുമ്പില്‍ പകയ്ക്കാതെ പീഡിതര്‍ക്കൊപ്പം നില്‍ക്കുന്ന ടീസ്ത സെറ്റില്‍വാദ്, ഹര്‍ഷ് മന്ദര്‍ മുതല്‍ നിരവധി പ്രക്ഷോഭ പ്രതിഭകള്‍, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, അവര്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍, അങ്ങനെ എത്രയെത്രയോ വെളിച്ചങ്ങള്‍.
Next Story

RELATED STORIES

Share it