വിശുദ്ധനും രാജാവുമെല്ലാമായി ഈത്തപ്പഴ മേള തുടങ്ങി

കോഴിക്കോട്: വിശുദ്ധ റമദാന്റെ വരവറിയിച്ച് കോഴിക്കോടന്‍സിന്റെ അഞ്ചാമത് ഈത്തപ്പഴ മേള തുടങ്ങി. വിശുദ്ധ ഈത്തപ്പഴമെന്നറിയപ്പെടുന്ന സൗദിയിലെ അല്‍-അജ്‌വ മുതല്‍ കാരക്കയിലെ രാജാവ് എന്നറിയപ്പെടുന്ന ജോര്‍ദാനില്‍ നിന്നുള്ള മെഡ്‌ജോള്‍ വരെ 40ഓളം ഇനങ്ങളാണ് മേളയിലുള്ളത്. 90 രൂപ വിലയുള്ള ഇറാഖി കാരയ്ക്ക മുതല്‍ 5,250 രൂപ വിലയുള്ള അല്‍അജ്‌വ വരെ വിവിധ വിലയിലും വലിപ്പത്തിലുമുള്ള കാരക്കകള്‍ മേളയിലുണ്ട്. അല്‍അജ്‌വ കുങ്കുമം, ബദാം, ഏലം, തേന്‍ തുടങ്ങിയവ ചേര്‍ത്ത് പ്രത്യേകം തയ്യാര്‍ ചെയ്തതാണ്.
മദീനയുടെ പ്രത്യേക ഭാഗത്ത് മാത്രം കണ്ടുവരുന്ന മുസ്‌ലിം ലോകത്തിന് പ്രിയങ്കരമായ വിശുദ്ധ കാരക്കയെന്നറിയപ്പെടുന്ന അല്‍-അജ്‌വയ്ക്ക് 1,900 രൂപയാണ് വില. മെജോള്‍ 1,500 രൂപയ്ക്കും അല്‍ജീരിയന്‍ കാരയ്ക്ക 4,00 രൂപയ്ക്കും ലഭിക്കും.
വിപണിയില്‍ സാധാരണമായ ഒമാന്‍, ഇറാന്‍, യുഎഇ കാരക്കകള്‍ 120-180 രൂപ യ്ക്കാണ് വില്‍ക്കുന്നത്. തുണീസ്യന്‍ കാരക്കയ്ക്ക് 350, ഇറാന്‍ കാരക്കയ്ക്ക് 200 രൂപയുമാണ് വില. സൗദി, ജോര്‍ദാന്‍, ഇറാന്‍, അല്‍ജീരിയ, തുണീസ്യ, ഇറാഖ് എന്നിവിടങ്ങളിലേതുള്‍പ്പെടെ അപൂര്‍വ ഇനം ഈത്തപ്പഴങ്ങള്‍ പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടുന്നു.
വളരെ ചെറിയ കുരുവോട് കൂടിയതും എന്നാല്‍ വലിപ്പത്തില്‍ മുമ്പനുമായ അംബര്‍, ഇറാനിയന്‍ ഹാര്‍മണി, ഫറാജി, ഇഫ്താര്‍, ഈജിപ്തില്‍ നിന്നുള്ള ഗോള്‍ഡന്‍ വാലി, ഈത്തപ്പഴങ്ങളിലെ താരങ്ങളായ സഅ്ദി, അജ്‌വ ബാഗ്, സഫാവി, കിമിയ, ഫര്‍ദ്, ജസീറ, ബറാരി, മബ്‌റൂം എന്നിവ മേളയെ സമ്പന്നമാക്കുന്നു. ഉണക്ക കാരക്കയും മേളയിലുണ്ട്.
കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 13 വരെയാണ് മേള. രാവിലെ 10മുതല്‍ രാത്രി 8വരെയാണ് മേള. മേളയില്‍നിന്നുള്ള ലാഭവിഹിതം മെഡിക്കല്‍ കോളജിലെ സാന്ത്വന ചികില്‍സാ കേന്ദ്രത്തിന് സംഭാവനയായി നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it