വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാവാനില്ല; കള്ളത്തരങ്ങള്‍ ഒളിപ്പിക്കാന്‍ നീക്കമെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: വിശാല ഹിന്ദു ഐക്യത്തിന്റെ മറവില്‍ കള്ളത്തരങ്ങള്‍ ഒളിപ്പിക്കാനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
ഹിന്ദു സമുദായങ്ങളുടെ ഐക്യത്തിലൂടെ ഇതിനുള്ള ശക്തിയാര്‍ജിക്കുക എന്ന ലക്ഷ്യമാണ് ചിലര്‍ക്കുള്ളത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി താലൂക്ക് യൂനിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 102ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈന്ദവന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. അതിനു വിശാലഹിന്ദു ഐക്യത്തില്‍ പങ്കാളിയാവണമെന്ന അഭിപ്രായം എന്‍എസ്എസിനില്ല. ഹൈന്ദവന്റെ പൊതുവായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എസ്എസ് എന്നും പ്രതിജ്ഞാബദ്ധമാണ്. ആ ചുമതല മറ്റാരേക്കാള്‍ കൂടുതല്‍ ഇന്നോളം നിര്‍വഹിച്ചിട്ടുമുണ്ട്. അതു തുടരുകയും ചെയ്യും. വിശാല ഹിന്ദു ഐക്യത്തിന്റെ ഭാഗമായി നിന്നു പ്രവര്‍ത്തിക്കാന്‍ എന്‍എസ്എസിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അനുവദിക്കുന്നില്ല.
സമുദായാംഗങ്ങളുടെ കൂട്ടായ്മയിലൂടെയാണ് എന്‍എസ്എസ് കരുത്താര്‍ജിച്ചത്. 102 വര്‍ഷം വരെ ഒറ്റയ്ക്കു മുന്നേറിയ എന്‍എസ്എസിന് മറ്റാരുടെയും പിന്തുണ ആവശ്യമില്ല. എന്‍എസ്എസ് സമുദായാംഗങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുകയോ മല്‍സരിക്കുകയോ ചെയ്യുന്നതിന് ആര്‍ക്കും വിലക്കില്ല. അതിന് എന്‍എസ്എസിന്റെ ലേബല്‍ ഉപയോഗിക്കാന്‍ പാടില്ല. എന്‍എസ്എസ് ആരുടെയും രാഷ്ട്രീയത്തിനെതിരല്ലെന്നും, അവരുടെ രാഷ്ട്രീയം എന്‍എസ്എസിനും എതിരാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച എന്‍ഡിപി എന്ന രാഷ്ട്രീയ പരീക്ഷണം വിജയിച്ചില്ല. എംഎല്‍എമാരെയും മന്ത്രിമാരെയും ഒട്ടേറെ പദവികളും ലഭിച്ചെങ്കിലും സ്ഥാനമാനങ്ങള്‍ നേടിയവര്‍ സ്വാര്‍ഥലാഭത്തിനു വേണ്ടി അത് വിനിയോഗിക്കുകയാണുണ്ടായത്. ഇതോടെ രാഷ്ട്രീയപ്പാര്‍ട്ടി വേണ്ടെന്ന നിലപാടിലേക്ക് എന്‍എസ്എസ് മാറിച്ചിന്തിക്കുകയായിരുന്നു. എന്‍എസ്എസിന് രാഷ്ട്രീയമില്ല. എന്നാല്‍, രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും സമദൂര നിലപാടാണുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ ശരിദൂര നിലപാട് സ്വീകരിക്കേണ്ടിവന്നിട്ടുണ്ടെങ്കില്‍ അത് സാമൂഹികനീതിക്കു വേണ്ടിയാണ്.
സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുകയെന്നത് എന്‍എസ്എസിന്റെ നയമാണ്. അത് കൃത്യമായും എന്‍എസ്എസ് നിര്‍വഹിക്കുന്നുണ്ട്. അതുകൊണ്ട് എന്‍എസ്എസ് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കോ മതത്തിനോ സമുദായത്തിനോ എതിരാണെന്നോ പ്രത്യേകിച്ച് ആരോടെങ്കിലും അടുപ്പമുണ്ടെന്നോ അര്‍ഥമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it