Editorial

വിശാല സഖ്യത്തിന് വിട്ടുവീഴ്ചകള്‍

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാലമായ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിനു വിട്ടുവീഴ്ചകള്‍ക്കു തയ്യാറാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം വ്യക്തമാക്കിയിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഇതുവരെയുള്ള പൊതുസമീപനത്തില്‍ നിന്നുള്ള വ്യക്തമായ മാറ്റമാണ് വര്‍ക്കിങ് കമ്മിറ്റിയുടെ നിലപാടില്‍ കാണുന്നത്. രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെ കാലത്ത് ഇതു പ്രായോഗികതയില്‍ ഊന്നിയ ഒരു നയസമീപനമാണ്. വളരെ സ്വാഗതാര്‍ഹമായ ഒരു മാറ്റവുമാണിത്.
മുന്‍കാലങ്ങളില്‍ രാഷ്ട്രീയസഖ്യങ്ങളുടെ പ്രശ്‌നം വരുമ്പോള്‍ ദേശീയതലത്തിലായാലും പ്രാദേശികതലത്തിലായാലും ഒരു വിട്ടുവീഴ്ചയും അംഗീകരിക്കുന്ന നിലപാട് കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി പ്രതിപക്ഷ കക്ഷികള്‍ വിഘടിച്ചുനില്‍ക്കുകയും അതിലൂടെ ബിജെപി എളുപ്പത്തില്‍ ജയിച്ചുകയറുകയുമായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും 31 ശതമാനം വോട്ട് വാങ്ങി ലോക്‌സഭയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ ബിജെപിയെ സഹായിച്ചതും ഇതേ അനൈക്യം തന്നെയായിരുന്നു. ഇന്നു കേന്ദ്രത്തില്‍ മാത്രമല്ല, മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ എത്തിയിരിക്കുകയാണ്. നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ ലോക്‌സഭ മാത്രമല്ല, രാജ്യസഭയും അവരുടെ പൂര്‍ണ നിയന്ത്രണത്തില്‍ വരാന്‍ അധികസമയം വേണ്ടിവരില്ല. അതു മനസ്സിലാക്കിക്കൊണ്ട് അയവേറിയ പുതിയ സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത് ആശ്വാസകരമാണ്.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം പ്രബലരായ നേതാക്കളെ തങ്ങളുടെ സഖ്യത്തില്‍ കൊണ്ടുവരാനുള്ള സാധ്യത ഇന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ബിജെപിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ പോലും അവരില്‍ നിന്ന് അകലുകയാണ്. മഹാരാഷ്ട്രയില്‍  ശിവസേനയും ബിജെപിയും ഇത്തവണ പരസ്പരം മല്‍സരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.  പ്രാദേശിക കക്ഷികളില്‍ മിക്കതും ബിജെപിയെ അല്ല കോണ്‍ഗ്രസ്സിനെയാണ് കൂടുതല്‍ വിശ്വാസ്യതയുള്ള സഖ്യകക്ഷിയായി ദേശീയതലത്തില്‍ കാണുന്നത്.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം, സീറ്റ് വിഭജനത്തിന്റെ വേളയിലും പിന്നീട് തിരഞ്ഞെടുപ്പിനു തയ്യാറെടുക്കുമ്പോഴും മന്ത്രിസഭാ രൂപീകരണസമയത്തുമൊക്കെ ഇനിയും ഒരുപാട് വിട്ടുവീഴ്ചകള്‍ വേണ്ടിവരും എന്നു തീര്‍ച്ചയാണ്. അതേസമയം, തങ്ങളുടെ അണികളെ സംതൃപ്തരാക്കി കൂടെ നിര്‍ത്താനുള്ള ഉത്തരവാദിത്തവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അധികാരവും പദവിയുമാണ് അണികളെയും പ്രാദേശികനേതാക്കളെയും കൂടെ ഉറപ്പിച്ചുനിര്‍ത്താനുള്ള ഒരേയൊരു വഴി. സ്വാഭാവികമായും വീണ്ടും അധികാരത്തിലേക്കു തിരിച്ചെത്തുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ജീവന്‍മരണ പ്രശ്‌നമാണ്.
ബിജെപിയെ തോല്‍പിക്കുക എന്നത് രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളവും പരമപ്രധാനമാണ്. അതിനാല്‍ ദേശീയതലത്തില്‍ സംഘപരിവാര-ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ വിശാലമായ സഖ്യത്തിനു പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ എല്ലാ കക്ഷികളും തയ്യാറാവേണ്ടതു തന്നെയാണ്.
Next Story

RELATED STORIES

Share it