Districts

വിശാലഹിന്ദു ഐക്യം സ്ഥാപിതതാല്‍പ്പര്യക്കാരുടേത്: എന്‍.എസ്.എസ്.

സ്വന്തം പ്രതിനിധി
ചങ്ങനാശ്ശേരി: ഉറച്ച മതേതര കാഴ്ചപ്പാടുള്ള കേരളത്തില്‍ വിശാലഹിന്ദു ഐക്യം പറഞ്ഞുനടക്കുന്നത് ഒരുപറ്റം സ്ഥാപിത താല്‍പ്പര്യക്കാരാണെന്നും അതില്‍ പങ്കുചേരാന്‍ തങ്ങളെ കിട്ടില്ലെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍.എസ്.എസിന്റെ കീഴിലുള്ള ഹ്യൂമെന്‍ റിസോഴ്‌സ് സംസ്ഥാന സമ്മേളനം പെരുന്നയിലെ പ്രതിനിധിഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടെയും വാലാവാന്‍ എന്‍.എസ്.എസിനെ കിട്ടില്ല. ഇപ്പോള്‍ ഹൈന്ദവ ഐക്യം പറയുന്നവര്‍ ഹൈന്ദവര്‍ക്കുവേണ്ടി എന്തു ചെയ്‌തെന്ന് വ്യക്തമാക്കണം. ഹിന്ദുക്കള്‍ക്കെതിരേ ഉണ്ടായിട്ടുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കാനും സംരക്ഷിക്കാനും എന്‍.എസ്.എസ്. മാത്രമാണ് കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും മുന്നോട്ടുവന്നിട്ടുള്ളത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് ഹിന്ദുവിന്റേതാണെന്ന നിലപാടാണ് ഹിന്ദുഐക്യം പറയുന്നവര്‍ സ്വീകരിച്ചത്. ചിലര്‍ സര്‍ക്കാരിന്റേതാണെന്നും പറഞ്ഞുനടന്നു.

എന്നാല്‍, ആ സ്വത്ത് പത്മനാഭസ്വാമിയുടേതാണെന്ന നിലപാടായിരുന്നു എന്‍.എസ്.എസിന്റേത്. എന്‍.എസ്.എസിന് ഒരു മതത്തിന്റെ ഭാഗമാവാന്‍ സാധ്യമല്ല. മന്നത്ത് പത്മനാഭന്റെ ലക്ഷ്യം മതേതരത്വമാണ്. അത് കാത്തുസൂക്ഷിച്ചുതന്നെയാവും എന്‍.എസ്.എസ്. മുന്നോട്ടുപോവുക. അത് സംഘടനയുടെ പ്രഖ്യാപിത നയവുമാണ്. മറ്റു സമുദായങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്നത് മന്നത്തുപത്മനാഭന്‍ മുന്നോട്ടുവച്ച ആശയമാണ്. മതേതരത്വവും ജനാധി—പത്യത്തോടൊപ്പം രാജ്യപുരോഗതിയുമാണ് എന്‍.എസ്.എസിന്റെ ലക്ഷ്യം. മറ്റു മതങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ സാമൂഹിക നീതിക്കുവേണ്ടിയാണ് എന്‍.എസ്.എസ്. നിലകൊള്ളുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it