Flash News

വിശാലഹിന്ദു ഐക്യം പറയുന്നത് സ്ഥാപിത താല്‍പര്യക്കാര്‍: എന്‍.എസ്.എസ്

ചങ്ങനാശ്ശേരി: ഉറച്ച മതേരത കാഴ്ചപ്പാടുള്ള കേരളത്തില്‍ വിശാലഹിന്ദു ഐക്യം പറഞ്ഞു നടക്കുന്നത് ഒരുപറ്റം സ്ഥാപിതതാല്‍പര്യക്കാരാണെന്നും അതില്‍ പങ്കുചേരാന്‍ തങ്ങളെ കിട്ടില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.എന്‍.എസ്.എസിന്റെ കീഴിലുള്ള ഹ്യുമെന്‍ റിസോഴ്‌സ് സംസ്ഥന സമ്മേളനം പെരുന്നയിലെ പ്രതിനിധിഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ഹൈന്ദവ ഐക്യം പറയുന്നവര്‍ ഹൈന്ദവര്‍ക്കുവേണ്ടി എന്തു ചെയ്തുവെന്ന് വ്യക്തമാക്കണം.ഹിന്ദുക്കള്‍ക്കെതിരെ ഉണ്ടായിട്ടുള്ള പലപ്രശ്‌നങ്ങളും പരിഹാരിക്കാനും സംരക്ഷിക്കാനും എന്‍.എസ്.എസ് മാത്രമാണ് കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും മുന്നോട്ടുവന്നിട്ടുള്ളത്.ശബരിമലയിലെ മകരവിളക്കിനെ സംബന്ധിച്ച് സമൂഹത്തില്‍ ചര്‍ച്ചവന്നപ്പോള്‍ സത്യം തിരിച്ചറിഞ്ഞ് അത് മനുഷ്യര്‍ കത്തിക്കുന്നതാണെന്ന ഉറച്ച നിലപാടാണ് എന്‍.എസ്.എസ.് എടുത്തത്. ആദിവാസികളുടെ ആചാരവുമായി ബന്ധപ്പെട്ടാണ് അത് അവിടെ കത്തിക്കുന്നത്. ഇന്ന് ആദിവാസികള്‍  ആ ഭാഗത്ത് ഇല്ലാതായപ്പോള്‍ ദേവസ്വം ബോര്‍ഡും കെ.എസ്.ഇ.ബിയും പോലീസും ചേര്‍ന്നാണ് അത് നിര്‍വ്വഹിക്കുന്നത്.ഇത് ഹിന്ദുക്കള്‍ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതും വിശ്വിസിക്കുന്നത്. ഇക്കാര്യം എന്‍.എസ്.എസ്. തുറന്നുപറയാന്‍ തയ്യാറായതോടെ പ്രശ്‌നം അവസാനിച്ചു. ഗുരുവായൂര്‍ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് 100 മീറ്റര്‍ ചുറ്റളവിലെ സ്ഥലമെടുപ്പിനുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇപ്പോള്‍ ഹിന്ദുഐക്യം പറയുന്നവര്‍ മിണ്ടിയില്ല. ഈ സ്ഥലമെടുപ്പിനു പിന്നില്‍ മുസ്ലീംങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അത് തിരിച്ചറിഞ്ഞ്് നടപടികളുമായി മുന്നോട്ടുപോയത് എന്‍.എസ്.എസ് ആയിരുന്നു. ഒടുവില്‍ സ്ഥലമെടുപ്പ് സര്‍ക്കാരിനു നിര്‍ത്തിവക്കേണ്ടിവന്നു-അദ്ദേഹം പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് ഹിന്ദുവിന്റെതാണെന്ന നിലപാടാണ് ഹിന്ദുഐക്യം പറയുന്നവര്‍ സ്വീകരിച്ചത്. ചിലര്‍ സര്‍ക്കാരിന്റെതാണെന്നും പറഞ്ഞുനടന്നു. എന്നാല്‍ ആ സ്വത്ത് പത്മനാഭസ്വാമിയുടേതാണെന്ന നിലപാടായിരുന്നു എന്‍.എസ്.എസിന്റേത്.അത് ശരിയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ദുര്‍ഗാഷ്ടമി നാളില്‍ അവധി പ്രഖ്യാപിക്കണമെന്ന ആദ്യംപറഞ്ഞതും എന്‍.എസ്.എസ് ആണ്.അവിടേയും ഹിന്ദു ഐക്യക്കാരെ കണ്ടില്ല. എന്‍.എസ് എസിന് ഒരു മതത്തിന്റെ ഭാഗമാകാന്‍ സാധ്യമല്ല.ഹൈന്ദവമതത്തിലെ പ്രധാന ഘടകമാണ് നായര്‍.മന്നത്തിന്റെ ലക്ഷ്യം മതേതരത്വമാണ്.അത് കാത്തു സൂക്ഷിച്ചുതന്നെയാകും എന്‍.എസ്.എസ് മുന്നോട്ടു പോകുക. അത് സംഘടനയുടെ പ്രഖ്യാപിത നയവുമാണ്. മറ്റു സമുദായങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകരുതെന്നത് മന്നത്തുപത്മനാഭന്‍ മുന്നോട്ടുവച്ച ശക്തമായ ആശയമാണ്. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടേയും വാലാകാന്‍ എന്‍.എസ്.എസിനെ കിട്ടില്ല.മതേതരത്വംവും ജനാധിപപത്യത്തോടൊപ്പം രാജ്യപുരോഗതിയുമാണ് എന്‍.എസ്.എസിന്റെ ലക്ഷ്യം.മറ്റു മതങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ സാമൂഹ്യ നീതിക്കുവേണ്ടിയാണ് എന്‍.എസ്.എസ് നിലകൊള്ളുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it