Alappuzha local

വിശപ്പുരഹിത കേരളം പദ്ധതി: ആലപ്പുഴയ്ക്ക് 40.89 ലക്ഷം അനുവദിച്ചു

വിശപ്പുരഹിത കേരളം പദ്ധതി: ആലപ്പുഴയ്ക്ക് 40.89 ലക്ഷം അനുവദിച്ചുആലപ്പുഴ: ആലപ്പുഴ നഗരസഭാ പ്രദേശത്ത് വിശപ്പു രഹിത കേരളം പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍   40.89 ലക്ഷം രൂപ അനുവദിച്ച് ഉത്തരവു ലഭിച്ചതായി ജില്ലാ കലക്ടര്‍ ടി വി അനുപമ അറിയിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കലക്‌ട്രേറ്റില്‍ ചേര്‍ന്നു.  രണ്ടു നേരത്തെ ഭക്ഷണം ആവശ്യമുള്ള  അശരണരായ 215 പേരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.മതിയായ അന്വേഷണം നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തിട്ടുള്ളത്. സന്നദ്ധ സംഘടനാ വാളണ്ടിയര്‍മാരുടെ സഹായത്തോടെ  ഇവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കും. ഇതിനാവശ്യമായ അഞ്ഞൂറോളം സ്റ്റീല്‍ കാസറോളുകള്‍ വാങ്ങി നല്‍കുന്നതിനുള്ള സന്നദ്ധത രാമ വര്‍മ്മ ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, വൈഎംസിഎ ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. ഭക്ഷണം പാചകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളുള്ള അടുക്കള സ്ഥാപിക്കുന്നതിന് പദ്ധതിയില്‍ തുക വകയിരുത്തിട്ടുണ്ട്. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടത്തി അടുക്കള നിര്‍മ്മിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതുവരെ ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിന്   പി.കൃഷ്ണ പിള്ള സ്മാരക ട്രസ്റ്റിന്റെ  സഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കുന്നതിന് തുറക്കുന്ന കേന്ദ്രത്തിലും ഇവര്‍തന്നെ ഭക്ഷണം എത്തിച്ചു നല്‍കും. ഭക്ഷണം വിളമ്പി നല്‍കുന്നതിന് കുടുംബശ്രീയെ    ചുമതലപ്പെടുത്താനാണ് നീക്കം. വാര്‍ഡടിസ്ഥാനത്തില്‍ വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട്  വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍ ഹരിപ്രസാദിനെ കലക്ടര്‍  ചുമതലപ്പെടുത്തി. വിശപ്പു രഹിത കേരളം പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ജനുവരി മൂന്നാം വാരത്തോടെ  ജില്ലയില്‍ തുടക്കമാകും.
Next Story

RELATED STORIES

Share it