വിശദീകരണവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ചു ഡിവിഷനുകള്‍ വീതം ഉണ്ടെങ്കില്‍ മാത്രം ഇംഗ്ലീഷ് അധ്യാപക തസ്തികയുണ്ടാക്കിയാല്‍ മതിയെന്ന ചട്ടമാണ് വിദ്യാഭ്യാസ വകുപ്പ് പാലിച്ചുവരുന്നതെന്നു വ്യക്തമാക്കി ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ മുഴുസമയ അധ്യാപകരെ നിയമിക്കാവുന്ന വിധം സ്റ്റാഫ് നിര്‍ണയ പുനഃക്രമീകരണം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പി എം അലി, തിരുവല്ല കല്ലൂപ്പാറ സ്വദേശി റെജി തോമസ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം.
2002ലെ നിയമപ്രകാരം അഞ്ചു ഡിവിഷനുകളില്‍ താഴെ മാത്രമുള്ള സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പ്രത്യേകം അധ്യാപകരെ നിയമിക്കേണ്ടതില്ല. ഇന്നുവരെ ഈ ഉത്തരവ് കോടതികളില്‍ ചോദ്യംചെയ്യപ്പെട്ടിട്ടില്ലെന്നും വിദ്യാഭ്യാസവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാതെ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ ഇംഗ്ലീഷും പഠിപ്പിക്കുന്ന രീതി പല സ്‌കൂളുകളിലും നിലവിലുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭാഷാപരമായ നിലവാരത്തകര്‍ച്ച ഉ ണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. പല സ്‌കൂളുകളിലും ഇംഗ്ലീഷിന് പ്രത്യേക അധ്യാപകരില്ല.
മൂന്നു ഡിവിഷനുകളിലായി ആഴ്ചയില്‍ 15 പിരീഡുകള്‍ വീതം ഒരു വിഷയത്തില്‍ പഠനം നടക്കുന്നുണ്ടെങ്കില്‍ ഈ വിഷയത്തില്‍ മുഴുസമയ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക അനുവദിക്കാമെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ഇംഗ്ലീഷിന്റെ കാര്യത്തില്‍ നടപ്പാക്കുന്നില്ല. ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിനെ കണക്കിലെടുത്ത് സ്റ്റാഫ് പാറ്റേണ്‍ പുനസ്സംഘടന നടക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മറ്റ് വിഷയങ്ങള്‍ക്കുള്ള പിരീഡുകളില്‍ നിന്നാണ് ഇംഗ്ലീഷ് ക്ലാസ് സമയം അടര്‍ത്തിയെടുക്കുന്നതെന്ന് സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു.
കൂടുതല്‍ അധ്യാപന സമയം അങ്ങനെ അടര്‍ത്തിമാറ്റി ഇംഗ്ലീഷ് അധ്യാപക തസ്തികയുണ്ടാക്കുമ്പോള്‍ മറ്റ് വിഷയങ്ങള്‍ എടുക്കുന്ന അധ്യാപകരുടെ അധ്യാപന സമയത്തെയും ജോലിയെയും ബാധിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ചട്ടപ്രകാരം ഭാഷാവിഭാഗത്തില്‍ ഇംഗ്ലീഷ് ഉള്‍പ്പെടുന്നില്ല. അതുകൊണ്ടാണ് ഇംഗ്ലീഷ് അധ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക നിയമം 2002 മുതല്‍ നിലവിലുള്ളതെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു. ഹരജി വീണ്ടും ഒരാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.

Next Story

RELATED STORIES

Share it