Kollam Local

വിവിപിഎടി വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന നാളെ പൂര്‍ത്തിയാകും

കൊല്ലം: പ്രിന്റര്‍ ഘടിപ്പിച്ച ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിന്റെ ആദ്യഘട്ട പരിശോധന നാളെ പൂര്‍ത്തിയാകുമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. താലൂക്ക് ഓഫിസിലെ സ്‌ട്രോങ് റൂം സന്ദര്‍ശിച്ച് അവിടെ നടക്കുന്ന ആദ്യഘട്ട പരിശോധന കലക്ടര്‍ടര്‍ വിലയിരുത്തി. പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ കൊല്ലം നിയമസഭാ നിയോജക മണ്ഡലത്തിലെ 154 പോളിങ് ബൂത്തുകളിലാണ് വി വിപിഎടി വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുക. രേഖപ്പെടുത്തുന്ന വോട്ടിന്റെ പ്രിന്റ് പുറത്തുവരികയും അത് വോട്ടര്‍ക്ക് നേരില്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്യാമെന്നതാണ് ഈ മെഷീനിന്റെ പ്രത്യേകത. വോട്ടിങ് ബട്ടണിലമര്‍ത്തിക്കഴിഞ്ഞാല്‍ ബാലറ്റ് യൂനിറ്റിന്റെ അടുത്ത് തന്നെ ഘടിപ്പിച്ചിരിക്കുന്ന പ്രിന്ററില്‍ തെര്‍മല്‍ പേപ്പറില്‍ പുറത്തുവരുന്ന പ്രിന്റ് ഏഴ് സെക്കന്റ് നേരത്തേക്ക് വോട്ടര്‍ക്ക് കാണാം. ഇതില്‍ സീരിയല്‍ നമ്പര്‍, പേര്, തിരഞ്ഞെടുപ്പ് ചിഹ്നം എന്നിവയുണ്ടാകാം. എട്ടാമത്തെ സെക്കന്റില്‍ തന്നെ പ്രിന്റ് ചെയ്ത പേപ്പര്‍ മെഷീനിനുള്ളിലെ സീല്‍ ചെയ്ത അറയിലേക്ക് വീഴും. ഒരു മെഷീനില്‍ 1500 ഓളം എണ്ണം പ്രിന്റ് വരുന്ന രീതിയിലാണ് സെറ്റ് ചെയ്യുന്നത്. ചെന്നൈയില്‍ നിന്നെത്തിയ ഡി ജെ റാവുവിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ എട്ട് സാങ്കേതിക വിദഗ്ധരാണ് ആദ്യഘട്ടപരിശോധന നടത്തുന്നത്. കൊല്ലം മണ്ഡലത്തിലുപയോഗിക്കാനുള്ള വിവിപിഎടി മെഷീനുകളുടെ പകുതിയിലേറെയും പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തി കഴിഞ്ഞു. ബാക്കിയുള്ളവയുടെ പരിശോധന നാളെ പൂര്‍ത്തിയാക്കും. ബീഹാറില്‍ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിവിപിഎടി മെഷീനുകള്‍ ഉപയോഗിച്ചിരുന്നു. ഇത്തവണ കേരളത്തിലെ 1650 പോളിങ് ബൂത്തുകളിലാണിവ ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it