വിവിധ ഭക്ഷ്യോല്‍പാദന കേന്ദ്രങ്ങളില്‍ പരിശോധന; നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായ വിവിധ ഉല്‍പന്നങ്ങളില്‍ മായം കലരുന്നുണ്ടെന്നും ഗുണനിലവാരത്തില്‍ കുറവുണ്ടാവുന്നുവെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിര്‍ദേശം. ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ ആവശ്യ പ്രകാരമാണ് ഉല്‍പാദനകേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ജി ആര്‍ ഗോകുല്‍ ഐഎഎസ് ഉത്തരവിട്ടത്.
കറിപൗഡറുകള്‍, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ആട്ട, മൈദ, ഗോതമ്പ് എന്നിവയില്‍ മായം കലരുന്നുണ്ടെന്ന പരാതി പൊതുജനങ്ങളില്‍ നിന്ന് നിരന്തരമായുണ്ടായ സാഹചര്യത്തിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്നലെ 23 വന്‍കിട ഉല്‍പാദക യൂനിറ്റുകള്‍ പരിശോധിച്ചു. ഇതില്‍ നാലു സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് 15,000 രൂപ പിഴയീടാക്കുകയും ചെയ്തു.
ഗുണനിലവാര പരിശോധനയ്ക്കായി കറിമസാലകളുടെ 11 സ്റ്റാറ്റിയൂട്ടറി സാംപിളുകളും 20 സര്‍വൈലന്‍സ് സാംപിളുകളും ശേഖരിച്ചിട്ടുണ്ട്.
കൂടാതെ കാസര്‍കോട് ജില്ലയിലെ നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന മിഥിലാജ് റസ്റ്റോറന്‍ഡ് ആന്റ് കാറ്ററിങ് സര്‍വീസും കാഞ്ഞങ്ങാട് ഹോസ്പിറ്റലിനു സമീപം പ്രവര്‍ത്തിക്കുന്ന അക്ഷയ് ബേക്കറിയും ലൈസന്‍സ് ഇല്ലാത്തതിനാലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തില്‍പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടി.
ഇതുവരെ സംസ്ഥാനത്താകെ 146 വന്‍കിട ഉല്‍പാദക യൂനിറ്റുകള്‍ പരിശോധിച്ചു. ഇതില്‍ 30 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും 18 സ്ഥാപനങ്ങള്‍ക്ക് പിഴയിനത്തില്‍ 1,71,000 രൂപ ഈടാക്കുകയും ചെയ്തു.
ഗുണനിലവാര പരിശോധനയ്ക്കായി കറിമസാലകളുടെ 101 സ്റ്റാറ്റിയൂട്ടറി സാംപിളുകളും 217 സര്‍വൈലന്‍സ് സാംപിളുകളും ശേഖരിച്ചു.
Next Story

RELATED STORIES

Share it