വിവിധ ഡിപാര്‍ട്ട്‌മെന്റുകളില്‍ നൂറോളം അധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നൂറോളം അധ്യാപക തസ്തികയില്‍ സ്ഥിരനിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നു. ഇതുകാരണം ഒട്ടുമിക്ക പഠനവകുപ്പുകളിലും താല്‍ക്കാലിക അധ്യാപകരെ കൊണ്ടു പഠനം നടത്തുകയാണ് ചെയ്യുന്നത്.
സ്ഥിരം അധ്യാപകരുടെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷത്തോളമായി. ഇതിനാല്‍ പല പഠനവകുപ്പുകളും താളംതെറ്റിയ സ്ഥിതിയിലാണ്. അധ്യാപകരില്ലാത്തതിനാല്‍ റഷ്യന്‍, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ പഠനവകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി കഴിഞ്ഞ ദിവസം വാഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ സ്ഥിരം അധ്യാപകരില്ല. അവസാനത്തെ അധ്യാപകന്‍ കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. റഷ്യന്‍ പഠനവകുപ്പിലേക്കും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ വിളിച്ചിട്ടുണ്ട്.
അറബിക്, ഫോക്‌ലോര്‍ പഠനവകുപ്പുകളില്‍ ഓരോ സ്ഥിരം അധ്യാപകരാണുള്ളത്. വിവിധ പഠനവകുപ്പിലേക്ക് സ്ഥിരം അധ്യാപക നിയമനത്തിന് ഡോ. അബ്ദുസ്സലാം വിസിയായിരിക്കെ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍, നിയമന നടപടികള്‍ കോടതി കയറിയതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലുമായി.
Next Story

RELATED STORIES

Share it