വിവിധ കേസുകളിലെ പ്രതി ചാലക്കുടിയില്‍ പിടിയില്‍

ചാലക്കുടി: പാലക്കാട് ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതിയായ മണ്ണാര്‍ക്കാട് കരിമ്പുഴ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മൊയ്തുണ്ണി എന്നറിയപ്പെടുന്ന സലീമിനെ (37) ചാലക്കുടി പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ പിടികൂടി.
തിങ്കളാഴ്ച വൈകീട്ട് ചാലക്കുടിയില്‍ വച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ ഒരാള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നറിഞ്ഞെത്തിയ പോലിസ് സംഘം ചോദ്യംചെയ്യവേ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സ് റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്‌തെങ്കിലും മനോദൗര്‍ബല്യമുള്ളയാളെപ്പോലെ അഭിനയിച്ച സലീം കൃത്യമായ വിവരങ്ങള്‍ പോലിസിനു നല്‍കിയില്ല. കോട്ടയത്തെ ഒരു ഹോട്ടലില്‍ ജോലിക്കാരനാണെന്നും ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് വന്നതാണെന്നും മറ്റുമാണ് ആദ്യം പോലിസിനോട് പറഞ്ഞത്. ക്രിമിനല്‍ പ്രതികളെ സംബന്ധിച്ച പോലിസിന്റെ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ ഇയാളുടെ യഥാര്‍ഥ പേരും വിലാസവും കണ്ടെത്തുകയും പോലിസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഇയാളുടെ കേസുകളെ സംബന്ധിച്ച വിവരങ്ങളും മറ്റും ശേഖരിക്കുകയുമായിരുന്നു.
വിശദമായ ചോദ്യംചെയ്യലി ല്‍ കോങ്ങാട്, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട് മുതലായ സ്‌റ്റേഷനുകളില്‍ പലതരത്തിലുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തിരുവല്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കോങ്ങാട് പോലിസിന് കൈമാറി.

Next Story

RELATED STORIES

Share it