ernakulam local

വിവിധ കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍



കൊച്ചി: എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളിലെ പ്രതികള്‍ അറസ്റ്റിലായി. തൃശ്ശൂര്‍ വളപ്പാട് മണപ്പുറം അസറ്റ് ഫിനാന്‍സ് ലിമിറ്റഡ് ബ്രാഞ്ചിലെ ഓപ്പറേഷന്‍ മാനേജര്‍ ദീപയുടെ പരാതിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കൊല്ലം കുണ്ടറ സ്വദേശി അനു(37) വിനെയാണ് അറസ്റ്റു ചെയ്തത്. മണപ്പുറം അസറ്റ് ഫിനാന്‍സ് ലിമിറ്റഡ് മറൈന്‍ ഡ്രൈവ് ബ്രാഞ്ചില്‍ നിന്നും ലോണ്‍ എടുത്തവര്‍ തിരികെ ബാങ്കില്‍ അടയ്ക്കുന്നതിനായി കളക്ഷന്‍ മാനേജരായ പ്രതിയെ ഏല്‍പിച്ച പണത്തില്‍നിന്ന് മൂന്നുലക്ഷംരൂപ ബാങ്കില്‍ അടയ്ക്കാതെ തട്ടിയെടുത്തതിനാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എമി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമ നോര്‍ത്ത് പറവൂര്‍ സ്വദേശി വടക്കേക്കര ആലംതുരുത്തില്‍ ഇലവത്തുങ്കല്‍ വീട്ടില്‍ ക്ലെമന്റ് വര്‍ഗീസിന് എംജിഎസ് അസോസിയേറ്റ്‌സിന്റെ ഡാല്‍മിയ റെഡിമിക്‌സ് മോര്‍ട്ടാര്‍ സിമന്റ് ഉല്‍പനം വില്‍പന നടത്തുന്നതിന് ബ്ലോക്ക്തലത്തില്‍ ഫ്രാഞ്ചെസി തുടങ്ങുന്നതിന് സഹായിക്കാമെന്നുപറഞ്ഞ് ഇയാളില്‍ നിന്നും പലതവണകളായി 31.50 ലക്ഷംരൂപ വാങ്ങിയശേഷം ഫ്രാഞ്ചെസി തരപ്പെടുത്തി കൊടുക്കാത്ത കാര്യത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയായ നിലമ്പൂര്‍ ചാണ്ടിക്കുന്ന് പുന്നക്കാടന്‍ വീട്ടില്‍ ഫൈസല്‍ പിടിയിലായത്.  ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സെന്‍ട്രല്‍ പോലിസ് സിഐ എ അനന്തലാലിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ പോലിസ് എസ്‌ഐ ജോസഫ് സാജന്‍, ധരീണീധരന്‍, എഎസ്‌ഐ അരുള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it