വിവാഹ വെബ്‌സൈറ്റുകളില്‍ പേര് ചേര്‍ക്കാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് വേണം

ന്യൂഡല്‍ഹി: വൈവാഹിക വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. വഞ്ചന, അശ്ലീല ഫോട്ടോകള്‍, വിവരങ്ങള്‍ ദുരുപയോഗം ചെയ്യല്‍ എന്നിവ തടയുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര ഐടി, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന യുവതീയുവാക്കള്‍ വെബ് പോര്‍ട്ടലുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്നു കാണിക്കണം. ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിദേശികള്‍ പാസ്‌പോര്‍ട്ടാണു കാണിക്കേണ്ടത്. ഉപഭോക്താവിന്റെ പ്രൊഫൈല്‍ ആക്ടീവ് ആക്കുന്നതിനു മുമ്പ് യുവതീയുവാക്കളുടെ പേരുകളും മറ്റു വിവരങ്ങളും വെബ്‌സൈറ്റ് അധികൃതര്‍ കര്‍ശനമായി പരിശോധിച്ച് ശരിയാണോയെന്ന് ഉറപ്പുവരുത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരുടെ പ്രാദേശിക വിലാസം ടെലിഫോണ്‍ വഴി പരിശോധിക്കണം. തെറ്റാണെന്നു ബോധ്യമായാല്‍ ഉടന്‍ ആ ഉപഭോക്താവിന്റെ പ്രൊഫൈല്‍ സസ്‌പെന്‍ഡ് ചെയ്യുകയും പോലിസിനെ അറിയിക്കുകയും വേണം. വെബ്‌സൈറ്റ് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി, 'ഇതു തികച്ചും വിവാഹബന്ധം ലക്ഷ്യമാക്കി ഉണ്ടാക്കിയ വെബ്‌സൈറ്റാണെന്നും ചാറ്റിങ്, അശ്ലീല പ്രചാരണം തുടങ്ങിയവ ലക്ഷ്യമല്ല' എന്ന മുന്നറിയിപ്പ് വെബ്‌സൈറ്റിന്റെ മുഖപേജില്‍ എല്ലാവരും ശ്രദ്ധിക്കുന്ന വിധത്തില്‍ നല്‍കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഇത്തരം വെബ്‌സൈറ്റുകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ രണ്ടാം വകുപ്പില്‍ പെടുന്നതാണ്. അതിനാല്‍ വൈവാഹിക പോര്‍ട്ടലുകളിലെ കേസുകള്‍ ഇതുപ്രകാരം നേരിടുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it