palakkad local

വിവാഹ രജിസ്‌ട്രേഷന്‍: തദ്ദേശ സ്വയം ഭരണ വകുപ്പ് ജനങ്ങളെ വട്ടം കറക്കുന്നു

എം വി വീരാവുണ്ണി

പട്ടാമ്പി: തദ്ദേശ സ്വയം ഭരണ വകുപ്പില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വരുന്നവരെ അകാരണമായി ഉദ്യോഗസ്ഥര്‍ വട്ടം കറക്കുന്നതായി പരാതി. കോമണ്‍ മാരേജ് ആക്ടിനെ പറ്റിയോ സ്‌പെഷല്‍ മാരേജ് ആക്ടിനെ പറ്റിയോ ജീവനക്കാര്‍ക്ക് മതിയായ ധാരണ ഇല്ലാത്തതാണ് അപേക്ഷകരെ വട്ടം കറക്കാന്‍ വഴിവയ്ക്കുന്നത്.
കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചിരിക്കുന്ന നിയമങ്ങള്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും അംഗീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു മോണിറ്ററിങ് സംവിധാനം ഇല്ലാത്തതാണ് ഈ വക കുഴപ്പങ്ങള്‍ക്കെല്ലാം കാരണമാകുന്നത്. നമ്മുടെ നാട്ടില്‍ സാധാരണ രണ്ട് രിതിയിലുള്ള കല്ല്യാണങ്ങളാണ് നടക്കുന്നത്. സാമുദായിക ആചാര പ്രകാരം പരമ്പരാകൃത രീതിയിലും മിശ്രവിവാഹിതര്‍ ചെയ്യുന്ന സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരവും.
ഇവയില്‍ തൊണ്ണൂറ്റഞ്ച് ശതമാനത്തിലധികവും സാമുദായിക രീതിയില്‍ അമ്പലങ്ങളില്‍ നിന്നോ ചര്‍ച്ച്, മുസ്‌ലിം പള്ളികളിലെ മതപുരോഹിതന്‍മാരുടെ കാര്‍മികത്വത്തിലോ ആണ്. അതിനാല്‍ ദേവാലയ പരിപാലന കമ്മിറ്റികളുടെ സീലും ഒപ്പും വച്ച സാക്ഷ്യപത്രവും ഹാജരാക്കിയാല്‍ പോലും അധികമായി പല തെളിവുകളും ഫോട്ടോയും ആവശ്യപ്പെടുന്നതായും ആക്ഷേപമുണ്ട്.
പ്രായപൂര്‍ത്തി ആയവരാണെന്ന് സ്‌കൂള്‍, കോളജ് സര്‍ട്ടിഫിക്കറ്റ്, വധൂവരന്‍മാരുടെ ഫോട്ടോ, കല്ല്യാണ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, രേഖകളാണ് അപേക്ഷാ ഫോറത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. 2008 ആഗസ്ത് 29 ന് ഇറങ്ങിക്കിയ മാരേജ് ആക്ടിലും 2014 ജൂലൈ 21, 2015 ഫെബ്രുവരി 7ന് ഇറക്കിയ പരിഷ്‌കരിച്ച നിയമത്തിലും ഇവ വ്യക്തമായി പറയുന്നുണ്ട്. പക്ഷേ ഈ വക ഉത്തരവുകളൊന്നും കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്ത് - മുന്‍സിപ്പാലിറ്റി ജീവനക്കാരുടെ സമീപനമാണ് ജനങ്ങളെ ക്രൂശിക്കുന്നത്. കല്ല്യാണ മണ്ഡപക്കാരുടെ സാക്ഷ്യപത്രവും മണ്ഡപത്തിന്റെ ഫോട്ടോയും വധൂവരന്‍മാര്‍ താലികെട്ടുന്ന ഫോട്ടോയും ചില ജീവനക്കാര്‍ ആവശ്യപ്പെടുന്നു. അതിലുപരി സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ പറയുന്ന പോലെ രണ്ട് സാക്ഷികളേയും റജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കാന്‍ നിര്‍ബന്ധിക്കുന്നതായും പരാതിക്കാര്‍ പറയുന്നു. ചില മത വിഭാഗങ്ങള്‍ക്ക് ഫോട്ടോ എടുക്കാന്‍ പോലും വിലക്കുള്ളപ്പോഴാണ് ജീവനക്കാരുടെ ഇത്തരം ക്രൂര വിനോദം. ഇത്തരം അധിക നിബന്ധനകളൊന്നും തദ്ദേശ സ്വയംഭരണ വകുപ്പ് നിഷ്‌കര്‍ച്ചിട്ടില്ലെന്നാണ് കോമണ്‍ മാരേജ് വിഭാഗത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞത്.
ജില്ലാ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയാല്‍ പരിഹരിക്കാവുന്ന കാര്യമാണെങ്കിലും ഉദ്യോഗസ്തര്‍ തമ്മിലുള്ള ആശയവിനിമയമില്ലായ്മയാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.
Next Story

RELATED STORIES

Share it