Flash News

വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ പന്തലില്‍ വച്ച് പിടികൂടി ; തട്ടിപ്പിനിരയാക്കിയത് അഞ്ചിലധികം യുവാക്കളെ



പന്തളം: അഞ്ചിലധികം യുവാക്കളെ വിവാഹ തട്ടിപ്പിനിരയാക്കിയ യുവതിയെ വിവാഹപ്പന്തലില്‍ വച്ച് പോലിസ് പിടികൂടി. കൊട്ടാരക്കര ഷിബുവിലാസത്തില്‍ വി ശാലിനിയാണ്(32) അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്പലത്ത് മണ്ണാറയ്ക്കല്‍ വീട്ടിലാണ് താമസം. കുളനട ഉള്ളന്നൂര്‍ വിളയാടിശേരില്‍ ക്ഷേത്രത്തില്‍ 12ഓടെ വിവാഹച്ചടങ്ങ് പൂര്‍ത്തിയായ ശേഷം രണ്ടോടെയാണ് പോലിസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. സമീപവാസിയായ യുവാവിനെ പത്രപരസ്യം നല്‍കിയാണ് ഇവര്‍ കുടുക്കിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് യുവാവ് പത്രപരസ്യം കാണുന്നത്. സഹോദരന്റെ ഭാര്യയാണെന്നു പറഞ്ഞാണ് ഒരു യുവതി യുവാവുമായി ഫോണില്‍ ആദ്യം സംസാരിച്ചത്. വിവരങ്ങള്‍ പറഞ്ഞ ശേഷം മറ്റൊരു ഫോണില്‍ നിന്ന് ശാലിനി യുവാവുമായി ബന്ധപ്പെടുകയും നേരില്‍ കാണണമെന്നും ആവശ്യപ്പെട്ടു. ഇതുപ്രകാരം മണ്ണാറശാല ക്ഷേത്രത്തിലെത്തിയ ഇരുവരും പരസ്പരം കാണുകയും ബന്ധുക്കളുമായി ആലോചിച്ച ശേഷം വിവാഹം നടത്താമെന്ന് യുവാവ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, വിവാഹം ഉടന്‍ വേണമെന്ന് ശാലിനി ആവശ്യപ്പെട്ടെങ്കിലും യുവാവ് വഴങ്ങിയിരുന്നില്ല.  പിന്നീട് ഇന്നലെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഉച്ചയോടെ വിവാഹം നടന്നു. എന്നാല്‍, സമാനരീതിയില്‍ കബളിപ്പിക്കപ്പെട്ട കിടങ്ങന്നൂര്‍ സ്വദേശിയായ ഒരു യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി എസ് അഭിലാഷ്, സുഹൃത്തായ വി മനു എന്നിവര്‍ ശാലിനിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലിസില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞ് നേരത്തെ തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍ സ്വദേശിയും സ്ഥലത്തെത്തി. ഇതിനിടെ യുവതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. അടൂര്‍ ഡിവൈഎസ്പി എസ് റഫീക്കിന്റെ നിര്‍ദേശപ്രകാരം സിഐ ആര്‍ സുരേഷ്, എസ്‌ഐ എസ് സനൂജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമെത്തി ശാലിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന എല്‍എല്‍എം ബിരുദധാരിയായ തനിക്ക് അടുത്ത സമയത്ത് ഹൈക്കോടതിയില്‍ ജോലി ലഭിച്ചെന്നു ശാലിനി യുവാവിനോട് പറഞ്ഞിരുന്നു. ഏകദേശം 50 പവനോളം സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ ധരിച്ചിരുന്നതായി പോലിസ് പറഞ്ഞു. വിവാഹശേഷം രണ്ടോ€ മൂന്നോ ദിവസം മാത്രം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയും പിന്നീട് സ്വര്‍ണവും പണവുമടക്കം  മോഷ്ടിച്ച് രക്ഷപ്പെടടുകയുമാണ് യുവതിയുടെ രീതി. സമാനരീതിയില്‍ അഞ്ചോളം യുവാക്കളെ ഇവര്‍ കബളിപ്പിച്ചിട്ടുള്ളതായും പോലിസ് പറയുന്നു. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it