Kollam Local

വിവാഹ കമ്പോളത്തില്‍ സ്ത്രീ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി മാറുന്നു: എം ആര്‍ ജയഗീത

പന്മന: സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും തൂക്കം കൂടുമ്പോള്‍ വിവാഹ കമ്പോളത്തില്‍ സ്ത്രീ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി മാറിപ്പോകുന്നുവെന്ന് എഴുത്തുകാരി എം ആര്‍ ജയഗീത പറഞ്ഞു.

അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കേരള പുലയര്‍ മഹാ സഭ കുറ്റിവട്ടം ഠൗണ്‍ ശാഖ സംഘടിപ്പിച്ച സ്ത്രീ പക്ഷ സമ്മേളനമായ പെണ്ണറിവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഉയര്‍ന്ന വിദ്യാഭ്യാസവും ആയോധന കലാ അറിവുകള്‍ കൊണ്ട് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. പണ്ടത്തെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനും അനാചാര മറക്കുടയ്ക്കുളളില്‍ നിന്ന് പുറത്ത് കടക്കാനും സാധിച്ചത് കയ്‌പ്പേറിയ ജീവിത അനുഭവങ്ങളും അവര്‍ സ്വാംശീകരിച്ചെടുത്ത ആശയ പ്രബുദ്ധതയുമായിരുന്നു. വര്‍ത്തമാന കാല സ്ത്രീക്ക് നഷ്ടമായത് ആശയ പ്രബുദ്ധതയും സ്വത്വ ബോധവുമാണ്. എത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാന്‍ സ്ത്രീ സമൂഹം മാനസികമായ കരുത്ത് കൈവരിക്കണമെന്നും ജയഗീത പറഞ്ഞു. ചടങ്ങില്‍ ശാഖാ പ്രസിഡന്റ് വി സോമരാജന്‍ അധ്യക്ഷത വഹിച്ചു. സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്ന സാമൂഹിക വ്യവസ്ഥിതിക്ക് മാറ്റം ഉണ്ടാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദിവ്യ ദേവകി അഭിപ്രായപ്പെട്ടു. സെക്രട്ടറി എ വി കുഞ്ഞുമോന്‍, രാജു പെരിങ്ങാല, വൈ മണിലാല്‍, കൊണ്ടോടിയില്‍ മണികണ്ഠന്‍, സൂരജ് ലാല്‍ മംഗലത്ത്, സുഭാഷ് വടക്കും തല, കെ സി അനില്‍കുമാര്‍, റാണി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it