വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് സുപ്രിംകോടതി റദ്ദാക്കി. മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 158 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്.
സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്നും ഭാര്യയുടെ യജമാനനല്ല ഭര്‍ത്താവെന്നുമുള്ള നിരീക്ഷണങ്ങള്‍ നടത്തിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ സുപ്രിംകോടതി ബെഞ്ച് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ എം ഖാന്‍വില്‍കറും ഒറ്റ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍, ബെഞ്ചിലെ മറ്റംഗങ്ങളായ ഇന്ദു മല്‍ഹോത്രയും ആര്‍ എഫ് നരിമാനും ഡി വൈ ചന്ദ്രചൂഡും പ്രത്യേക ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. എന്നാല്‍, ഐപിസിയിലെ 497ാം വകുപ്പ് റദ്ദാക്കുന്നതിനോട് ബെഞ്ചിലെ എല്ലാ അംഗങ്ങളും യോജിച്ചു. വിവാഹേതരബന്ധത്തിന്റെ പേരില്‍ കേസെടുക്കാന്‍ വ്യവസ്ഥയുള്ള ക്രിമിനല്‍ നടപടിക്രമത്തിലെ (സിആര്‍പിസി) 198 (2) വകുപ്പും സുപ്രിംകോടതി റദ്ദാക്കി.
ഐപിസി 497 മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 14, 15, 21 വകുപ്പുകള്‍ക്ക് എതിരാണെന്നാണ് 243 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിവാഹമോചനത്തിന് വിവാഹേതര ബന്ധം ഒരു കാരണമായി പരിഗണിക്കാം. എന്നാല്‍, അത് ക്രിമിനല്‍ കുറ്റമാക്കാനാവില്ല. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ പങ്കാളിക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുക്കാവുന്നതാണ്. പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേല്‍പ്പിക്കുന്നതാണ്. ഇത് തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നു. പുരുഷനും സമൂഹവും ആവശ്യപ്പെടുന്നതുപോലെ പ്രവര്‍ത്തിക്കണമെന്ന് സ്ത്രീകളെ നിര്‍ബന്ധിക്കാനാവില്ല. ഒരു പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
സ്ത്രീകള്‍ക്ക് ലൈംഗിക തിരഞ്ഞെടുപ്പിലെ പരമാധികാരം വെടിയേണ്ടിവരുന്നതാണ് ഈ വകുപ്പെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിന്യായത്തില്‍ വ്യക്തമാക്കി. വിവാഹം ആരുടെയും സ്വയംനിര്‍ണയാധികാരം കവര്‍ന്നെടുക്കുന്നത് ആവരുതെന്നും വിധിയില്‍ പറയുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണ് 497 വകുപ്പ് എന്നാണ് ജസ്റ്റിസ് നരിമാന്റെ വിധിയില്‍ പറയുന്നത്. ഈ നിയമത്തിലെ വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇന്ദു മല്‍ഹോത്ര വിധിയില്‍ പറയുന്നു.
വിവാഹത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും പൊതുനന്മയ്ക്കും വേണ്ടി വകുപ്പ് നിലനിര്‍ത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. 497ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ ജോസഫ് ഷൈനാണ് അഭിഭാഷകരായ കാളീശ്വരം രാജ്, എം എസ് സുവിദത്ത് എന്നിവര്‍ മുഖേന ഹരജി നല്‍കിയത്.

ഐപിസി 497ാം വകുപ്പ്

തന്റെ ഭാര്യ പരപുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷനെ പ്രോസിക്യൂട്ട് ചെയ്യാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പാണ് 497. വകുപ്പു പ്രകാരം പുരുഷന് മാത്രമാണ് ശിക്ഷ ലഭിക്കുക. ഇതേ നിയമപ്രകാരം പരസ്ത്രീബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരേ ഭാര്യക്ക് നിയമനടപടി സ്വീകരിക്കാന്‍ അവകാശമില്ല. ഭര്‍ത്താവ് അവിവാഹിതയായ സ്ത്രീയുമായി ബന്ധപ്പെടുന്നതിനെയും വകുപ്പ് കണക്കിലെടുക്കുന്നില്ല. അഞ്ചു വര്‍ഷം വരെ തടവും പിഴയുമാണ് 497 വകുപ്പില്‍ ശിക്ഷ.

Next Story

RELATED STORIES

Share it