ernakulam local

വിവാഹവേദിയില്‍നിന്ന് വധൂവരന്മാര്‍ നേരെ വോട്ട് ചെയ്യാനെത്തി

പറവൂര്‍: വിവാഹവേദിയില്‍നിന്ന് വധൂവരന്മാര്‍ നേരെ വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയത് കൗതുകമായി. പറവൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കരയിലെ ബൂത്തുകളിലാണ് രണ്ട് നവവധൂവരന്മാര്‍ വോട്ടുചെയ്യാനെത്തിയത്.
മാല്യങ്കര മണലില്‍ ശ്യാമ വരന്‍ വരന്‍ രാഹുലുമൊത്താണ് ബൂത്തിലെത്തിയത്. രാഹുലിന് വോട്ട് കൊടുങ്ങല്ലൂരിലാണ്. മാല്യങ്കര പുല്ലാര്‍ക്കാട്ട് ഗോപിയുടെ മകള്‍ നീതു വരന്‍ മേത്തല കണ്ടുരുത്തി രാകേഷിനെയും കൂട്ടിയാണ് വോട്ടുചെയ്യാനെത്തിയത്. തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളിയില്‍ വിവാഹിതരായ ഫ്രാന്‍സിസും മേഘയും തൊട്ടടുത്തുള്ള ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി.
വൈപ്പിന്‍: കതിര്‍മണ്ഡപത്തി ല്‍നിന്ന് ഇറങ്ങി ആദ്യമെത്തിയ വധു വോട്ടു ചെയ്യാനെത്തിയത് പോളിങ് ബൂത്തില്‍. എളങ്കുന്നപ്പുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 113-ാം നമ്പര്‍ ബൂത്തിലാണ് വിവാഹവേഷത്തില്‍ വരനൊപ്പമെത്തിയ വധു വോട്ട് ചെയ്തു മടങ്ങിയത്.
എളങ്കുന്നപ്പുഴ പുക്കാട്ടെ എല്‍ഡിഎഫ് പ്രവര്‍ത്തകനായ ചെറുപുള്ളിപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണന്റെ മകള്‍ ഗ്രീഷ്മയാണ് തന്റെ വിവാഹദിനത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയത്. വരന്‍ തളിക്കുകളം സ്വദേശി സജീവും കൂടെയുണ്ടായിരുന്നു.
മട്ടാഞ്ചേരി: വിവാഹത്തിന്റെ തിരക്കൊന്നും തന്റെ കന്നി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതില്‍ ജെംസിയക്ക് തടസ്സമായില്ല.
വരന്‍ ബെന്‍സീറിന്റെ പിന്തുണ കൂടി ലഭിച്ചതോടെ തന്റെ കന്നി വോട്ട് രേഖപ്പെടുത്തി ജെംസിയ ജനാധിപത്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫോര്‍ട്ട്‌കൊച്ചി കല്‍വത്തിയില്‍ മജീദിന്റെ മകള്‍ ജെംസിയയാണ് നിക്കാഹ് കഴിഞ്ഞ ഉടന്‍ വരനുമൊത്ത് ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പതിമൂന്നാം നമ്പര്‍ ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചത്. ഇന്നലെ പതിനൊന്നരയ്ക്ക് മട്ടാഞ്ചേരി മാളിയേക്കല്‍ ഹാളിലായിരുന്നു പനയപ്പിള്ളി സ്വദേശി അഷറഫിന്റെ മകന്‍ ബെന്‍സീറും ജെംസിയയും തമ്മിലുള്ള വിവാഹം. തന്റെ കന്നി വോട്ട് രേഖപ്പെടുത്തണമെന്ന ആഗ്രഹം ജെംസിയ മുന്നോട്ട് വച്ചപ്പോള്‍ ബെന്‍സീറും കുടുംബവും സമ്മതം നല്‍കി. നിക്കാഹ് കഴിഞ്ഞ ഉടന്‍ ഇവര്‍ പോളിങ് ബൂത്തിലേക്ക് പോവുകയായിരുന്നു. ബെന്‍സീറാവട്ടെ തന്റെ വോട്ട് പനയപ്പിള്ളി മുജാഹിദ് സ്‌കൂളിലെ അറുപത്തിയൊന്നാം നമ്പര്‍ ബൂത്തില്‍ വധുവുമായിയെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ടിടിസി പാസായിരിക്കുകയാണ് ജെംസിയ. ബംഗഌരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ് ബെന്‍സീര്‍.
പള്ളുരുത്തി: നിക്കാഹ് കഴിഞ്ഞ് പുതുമണവാളന്‍ മനാഫിനൊപ്പം റസിയ പോളിങ് ബൂത്തിലെത്തി വോട്ടു രേഖപെടുത്തി. പള്ളുരുത്തി തങ്ങള്‍നഗറില്‍ താമസിക്കുന്ന നാസറിന്റെ മകള്‍ റസിയ കന്നിവോട്ട് വിവാഹദിനത്തില്‍ ചെയ്യാനായതിന്റെ ആവേശത്തിലാണ്.
താജ് ഓഡിറ്റോറിയത്തിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ചടങ്ങുകള്‍ കഴിഞ്ഞതോടെ നവദമ്പതികള്‍ എന്‍എസ്എസ് സ്‌കൂളിലെ 135ാം നമ്പര്‍ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്.
Next Story

RELATED STORIES

Share it