Editorial

വിവാഹവിസ്മയം ബോധ്യപ്പെടുത്തുന്നത്

വ്യാഴാഴ്ച കേരളത്തില്‍ അത്യപൂര്‍വമായ ഒരു വിവാഹം നടന്നു. ഇരുപത്തഞ്ചോ മുപ്പതോ കോടി രൂപ ചെലവഴിച്ച് ജോധ്പൂര്‍ കൊട്ടാരത്തിന്റെ മാതൃകയില്‍ പ്രമുഖ ചലച്ചിത്ര കലാസംവിധായകന്‍ സാബു സിറിള്‍ ഒരുക്കിയതായിരുന്നു വിവാഹവേദി. വേദിയുടെ മധ്യഭാഗത്ത് വിരിഞ്ഞുനില്‍ക്കുന്ന വലിയ താമര. താമരക്കുള്ളില്‍ നൃത്തച്ചുവടുകളുമായി മഞ്ജു വാര്യര്‍. വരന്‍ കുതിരവണ്ടിയില്‍ കതിര്‍മണ്ഡപത്തിന് അടുത്തെത്തിയപ്പോള്‍ താമര മുകളിലേക്ക് ഉയര്‍ന്നു. താഴെ തെളിഞ്ഞുനിന്ന മണ്ഡപത്തില്‍ വച്ച് താലികെട്ട്. നൃത്തവും സംഗീതവും നിറഞ്ഞുനിന്ന ചടങ്ങുകള്‍. പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ മകളുടെ വിവാഹത്തിനാണ് കൊല്ലം ആശ്രാമം മൈതാനത്തില്‍ ഇങ്ങനെയൊരു വേദിയൊരുക്കുകയും കോടികള്‍ പൊടിച്ചുകളയുകയും ചെയ്തത്. കേരളം പശ്ചിമഘട്ടങ്ങളെയും അറബിക്കടലിനെയും കടന്നുമറിഞ്ഞു വളരുകയാണ്, ഒരു സംശയവുമില്ല.
ഈ ആഡംബര വിവാഹത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നേതൃപ്രമുഖരും വാണിജ്യ-വ്യവസായരംഗങ്ങളിലെ താരങ്ങളുമെല്ലാം സന്തോഷസാഗരത്തില്‍ നീന്തിത്തുടിച്ചതിനു ശേഷമാണ് തിരിച്ചുപോയത്. വിവാഹ ആര്‍ഭാടങ്ങള്‍ക്കെതിരായി നിരന്തരം പ്രസംഗിക്കുന്നവരാണ് ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കള്‍ മുഴുവനും. ആഡംബര വിവാഹങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത മുസ്‌ലിംലീഗിന്റെ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും പി കെ അബ്ദുറബ്ബും ചടങ്ങിനെത്തിയിരുന്നു. അടിസ്ഥാനവര്‍ഗ വികാരങ്ങള്‍ നെഞ്ചകത്തു കുടിയിരുത്തിയ ഇടതു-വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും ചടങ്ങിലുണ്ട്. ഇവര്‍ക്കാര്‍ക്കും ഈ വിവാഹവിസ്മയം സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന സന്ദേശം എത്ര മലീമസമാണ് എന്നതിനെക്കുറിച്ച് യാതൊരു ആലോചനയുമില്ലായിരുന്നു.
ഇത്തരം ആര്‍ഭാടങ്ങള്‍ക്കൊപ്പം തങ്ങളില്ലെന്നു പറയാനുള്ള ആര്‍ജവമുണ്ടായോ ഏതെങ്കിലുമൊരു ജനപ്രതിനിധിക്ക്? സ്വന്തം മകന്റെ വിവാഹം അതിലളിതമായി നടത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മാതൃക ഒരുവേളയെങ്കിലും ഓര്‍ത്തുവോ, ആര്‍ഭാട വിവാഹത്തില്‍ ആമോദത്തോടെ പങ്കെടുത്ത ഇവര്‍?
പണക്കൊഴുപ്പ് പ്രകടമാക്കിയിരുന്നില്ലെങ്കിലും കുറച്ചു മുമ്പ് നടന്ന സിപിഎം നേതാവ് എം എ ബേബിയുടെ മകന്റെ വിവാഹവും ഏതാണ്ട് ഇത്തരത്തിലുള്ള ഒന്നായിരുന്നു. പറയുമ്പോള്‍ ലളിതവിവാഹം. പക്ഷേ, സഖാവ് ബേബിയുടെ വിവാഹത്തിനു ക്ഷണിക്കപ്പെട്ടവരും അതില്‍ പങ്കെടുത്തവരും ആരൊക്കെയാണ്? കല-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നതങ്ങളില്‍ വിരാജിക്കുന്ന വരേണ്യവര്‍ഗമാണ് പങ്കെടുത്തവരിലേറെയും. തൊണ്ടു തല്ലുന്നവനും ചികിരി പിരിക്കുന്നവനും ഞാറു പറിക്കുന്നവനും പ്രവേശനമില്ലായിരുന്നു. ചടങ്ങില്‍ ബലികുടീരങ്ങളുടെ സ്മരണകളൊന്നും ഇരമ്പിയതേയില്ല.
രവി പിള്ളക്ക് രവി പിള്ളയുടെ വഴി, ബേബിക്ക് ബേബിയുടേതും. രണ്ടും കൂട്ടിമുട്ടുന്നത് വരേണ്യ സംസ്‌കാരത്തിലാണ്. ദൈവമേ, ഇത്തരം ആളുകള്‍ക്കാണല്ലോ രാജ്യം ദേശീയ ബഹുമതികള്‍ നല്‍കുന്നത്! ഇവരെയാണല്ലോ ജനം പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുത്ത് അയക്കുന്നത്!
Next Story

RELATED STORIES

Share it