kozhikode local

വിവാഹവാഗ്ദാനം നല്‍കി പോലിസുകാരന്‍ പണവും സ്വര്‍ണവും തട്ടിയെടുത്തതായി ആരോപണം

കോഴിക്കോട്: കൊടുവള്ളിയില്‍ വിവാഹ മോചിതയായ സ്ത്രീയോട് വിവാഹ വാഗ്ദാനം നടത്തി പോലിസുകാരന്‍ 50,000 രൂപയും മൂന്നു പവനും തട്ടിയെടുത്തതായി ആരോപണം. കൊടുവള്ളി സ്വദേശി സൈനബയാണ് കൊടുവള്ളി സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പോലിസുകാരനെതിരേ പരാതിയുമായി രംഗത്ത് എത്തിയത്. വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമായ തന്നോട് അടുപ്പം കാണിച്ച പോലിസുകാരന്‍ വിവാഹം കഴിക്കാമെന്ന് വാക്കു നല്‍കുകയും പണവും സ്വര്‍ണവും വാങ്ങി വഞ്ചിക്കുകയുമായിരുന്നുവെന്ന് സൈനബ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പോലിസുകാരനുമായുള്ള ബന്ധത്തിന്റെ പേരില്‍ മക്കള്‍ തന്നെ ഉപേക്ഷിക്കുകയും ത്വരീഖത്തുകാര്‍ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് പണവും സ്വര്‍ണവും ആവശ്യപ്പെട്ട് നന്‍മണ്ടയില്‍ പോലിസുകാരന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ വിവാഹിതനാണെന്നും നാലു കുട്ടികളുടെ പിതാവാണെന്നും മനസ്സിലായത്. ഇതുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ല. മാത്രമല്ല, പോലിസുകാരന്റെ വീട് ആക്രമിച്ചെന്ന പേരില്‍ അയാളുടെ ഭാര്യ തനിക്കെതിരേ ബാലുശ്ശേരി പോലിസില്‍ പരാതി നല്‍കുകയും തന്നെ അറസ്റ്റ് ചെയ്ത് 18 ദിവസം റിമാന്റ് ചെയ്യുകയും ചെയ്‌തെന്ന് സൈനബ ആരോപിച്ചു.
2015ല്‍  പരാതി ചൂണ്ടിക്കാണിച്ച് വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈഎസ്പിക്കു മുന്നില്‍ ഹാജരായപ്പോള്‍ തികഞ്ഞ പരിഹാസവും അവഗണനയുമാണ് നേരിട്ടത്. പോലിസുകാരനെതിരായ പരാതിയായതിനാല്‍ തനിക്ക് നീതി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it