ernakulam local

വിവാഹമോചന കേസ്; അഭിഭാഷകന്‍ വഞ്ചിച്ചെന്ന് വീട്ടമ്മയുടെ പരാതി



കാക്കനാട്: വിവാഹമോചന കേസില്‍ എതിര്‍കക്ഷിയോടൊപ്പം ചേര്‍ന്ന് വഞ്ചിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ബാര്‍ കൗണ്‍സിലിനോട് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ് ഉത്തരവിട്ടു. പാലാരിവട്ടം സ്വദേശിയായ വീട്ടമ്മയും ഭര്‍ത്താവുമായി നാലു വര്‍ഷമായി അകന്നു കഴിയുകയാണ്. 2013 മുതല്‍ തൃശൂര്‍ കുടുംബ കോടതിയില്‍ വിവാഹമോചന കേസ് നടക്കുന്നു.  വിവാഹമോചനത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് ഭര്‍ത്താവും എതിര്‍ഭാഗം അഭിഭാഷകനും ഭീഷണിപ്പെടുത്തുകയാണെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ഇതിനിടെ വീട്ടമ്മയുടെ അഭിഭാഷകന്‍ എതിര്‍ഭാഗം അഭിഭാഷകനുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നും കേസ് സിറ്റിങ് പലതവണ തന്നെ അറിയിക്കാതെ നടത്തിയതായും പരാതിയില്‍ പറയുന്നു. തന്നെ അറിയിക്കാതെ കേസ് തീര്‍പ്പാക്കാനായി സ്വന്തം അഭിഭാഷകന്‍ വഞ്ചിച്ചുവെന്ന് ബോധ്യമായതോടെ വീട്ടമ്മ തൃശൂരിലുള്ള അഭിഭാഷകന്റെ വക്കാലത്ത് ഒഴിയുകയും ഹൈക്കോടതിയിലെ അഭിഭാഷകനെ വക്കാലത്ത് ഏല്‍പ്പിക്കുകയും ചെയ്തു. തന്നെ അറിയിക്കാതെ കേസ് നടത്തിയതിന് ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകളും വീട്ടമ്മയുടെ കൈയിലുണ്ട്. 2000 രൂപ അഭിഭാഷകന്‍ കൈപ്പറ്റിയതായും വീട്ടമ്മ പറയുന്നു. നേരിട്ട് ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കാന്‍ ഭയമുള്ളതിനാലാണ് ഇവര്‍ മനുഷ്യാവകാശ കമ്മീഷനു മുന്നിലെത്തിയത്. രണ്ടു ഭാഗത്തെയും അഭിഭാഷകര്‍ക്കെതിരേ അന്വേഷണം നടത്താന്‍ ബാര്‍ കൗണ്‍സിലിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചെങ്കിലും മുന്‍ കൊച്ചി ഡിസിപിയും ഇപ്പോള്‍ തൃശൂര്‍ റൂറല്‍ എസ്പിയുമായ യതീഷ് ചന്ദ്രയ്ക്ക് ഹാജരാവാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നതിനാല്‍ കേസ് അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപമുള്ള ഒലീവ് ഫല്‍റ്റ് കോംപ്ലക്‌സില്‍ നിന്നും സമീപത്തെ തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ച പരാതിയില്‍ അടുത്ത സിറ്റിങ്ങില്‍ ഫ്‌ളാറ്റിന്റെ ബില്‍ഡറോട് ഹാജരാവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഫഌറ്റ് സമുച്ചയത്തിനു സമീപമുള്ള ഹോട്ടലില്‍ നിന്നുള്ള മലിനജലവും തോട്ടിലേക്കാണ് ഒഴുക്കുന്നത്. ഇത് പരിസരവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നതായി കമ്മീഷന്‍ വിലയിരുത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 36 പരാതികളാണ് കമ്മീഷനു മുന്നിലെത്തിയത്. മൂന്നു കേസുകള്‍ തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it