Flash News

വിവാഹം അസാധുവാക്കല്‍: 29ന് ഹൈക്കോടതി മാര്‍ച്ച്

വിവാഹം അസാധുവാക്കല്‍: 29ന് ഹൈക്കോടതി മാര്‍ച്ച്
X


കൊച്ചി: ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം 29ന്  ഹൈക്കോടതിയിലേക്ക് മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍  മാര്‍ച്ച് നടത്തുമെന്ന് മുസ്‌ലിം ഏകോപന സമിതി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി, കണ്‍വീനര്‍ വി കെ ഷൗക്കത്തലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇസ്‌ലാമിക വിധിപ്രകാരം സാധുവായ  വിവാഹമാണ് ഇസ്‌ലാം സ്വീകരിച്ച ഹാദിയയും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനും തമ്മില്‍ നടന്നത്. ഇവരുടെ വിവാഹം അസാധുവാക്കിയ ജസ്റ്റിസുമാരായ കെ സുരേന്ദ്രമോഹന്‍, എബ്രഹാം മാത്യു എന്നിവര്‍ നടത്തിയ വിധി പ്രസ്താവം  ഇസ്‌ലാമിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ഭരണഘടന ഉറപ്പു നല്‍കുന്ന  ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് അഖില എന്ന പെണ്‍കുട്ടി ഇസ്‌ലാമിക വിശ്വാസം സ്വീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നത്. കുട്ടിയുടെ പിതാവ് ഒന്നര വര്‍ഷം മുമ്പ്  നല്‍കിയ ഹേബിയസ്  കോര്‍പസ് ഹരജിയില്‍ ഇഷ്ടമുള്ള മതമനുസരിച്ച് ജീവിക്കാനും മതപഠനം നടത്താനും അനുമതി നല്‍കി ഹൈക്കോടതിയിലെ തന്നെ മറ്റൊരു ബെഞ്ച് വിധി പറഞ്ഞിട്ടുള്ളതാണ്. പിന്നീട് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഐഎസ് ബന്ധം ഉള്‍പ്പെടെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ഹാദിയയുടെ പിതാവ് വീണ്ടും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യുന്നത്. ഈ കേസിനെ തുടക്കം മുതല്‍ അസഹിഷ്ണുതയോടെയാണ് ജഡ്ജിമാരായ സുരേന്ദ്രമോഹനും എബ്രഹാം മാത്യുവും സമീപിച്ചിട്ടുള്ളതെന്നും അവര്‍ ആരോപിച്ചു. കാണാതായ വ്യക്തിയുടെ ശാരീരിക സാന്നിധ്യം  ഉറപ്പുവരുത്തുന്നതില്‍ കവിഞ്ഞ നിയമനടപടികളൊന്നും ഹേബിയസ് കോര്‍പസ് ഹരജിയില്‍  കോടതി സ്വീകരിക്കേണ്ടതില്ല. അതിനുപകരം യുക്തിസഹമല്ലാത്തതും നിയമപരമായി നിലനില്‍ക്കാത്തതുമായ ന്യായങ്ങള്‍ നിരത്തി യുവതിയുടെ വിവാഹ ബന്ധം പോലും അസാധുവാക്കിക്കൊണ്ടുള്ള വിചിത്രമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ഈ വിധി ഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനമാണ്. വിധി പ്രസ്താവം നടത്തിയ ജഡ്ജിമാരായ സുരേന്ദ്രമോഹനെയും എബ്രഹാം മാത്യുവിനെയും ഇംപീച്ച് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജാതിയോ മതമോ നോക്കാതെ നീതിയോടെയുള്ള വിധിയാണ് ജനം പ്രതീക്ഷിക്കുന്നത്. ഇസ്‌ലാമിക വിശ്വാസത്തെയും മത സ്വാതന്ത്ര്യത്തെയും കടന്നാക്രമിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു. സലിം കൗസരി, അനസ് റഹ്മാനി പങ്കെടുത്തു.
Next Story

RELATED STORIES

Share it