വിവാദ വ്യവസ്ഥകളോട് വിയോജിച്ച് കമ്മീഷന്‍

കൊച്ചി: തുറമുഖത്തിനായി ഏറ്റെടുത്തു നല്‍കിയ ഭൂമി പണയപ്പെടുത്തുന്നതിന് അദാനി ഗ്രൂപ്പിന് അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതിയിലെ വിവാദ വ്യവസ്ഥകള്‍ക്ക് കമ്മീഷന്റെ രൂക്ഷവിമര്‍ശനം. തുറമുഖ പദ്ധതിക്കായി ആവശ്യമായതിലേറെ ഭൂമി ഏറ്റെടുത്തെന്നും പദ്ധതിച്ചെലവ് രണ്ടുവര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിലേറെ വര്‍ധിപ്പിച്ചതിന് ന്യായീകരണമില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസത്തെ സിറ്റിങില്‍ എജിയുടെ കണ്ടെത്തലുകള്‍ പലതും അബദ്ധങ്ങളാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ തുറമുഖ നിര്‍മാണ പദ്ധതിയെ പരിഗണിച്ചതാണ് കമ്മീഷന്റെ വിമര്‍ശനത്തിനിടയാക്കിയത്. ഇന്നലത്തെ സിറ്റിങില്‍ കമ്പനിയുടെ വിശദീകരണം കേള്‍ക്കുന്നതിനിടയിലാണ് കമ്മീഷന്‍ പദ്ധതിയിലെ വിവാദ വ്യവസ്ഥകള്‍ ന്യായീകരിക്കാവുന്നതല്ലെന്ന നിരീക്ഷണം നടത്തിയത്.
ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍മാണക്കമ്പനിക്കായി നിര്‍വഹിച്ചു. അതിനു പുറമേയാണ് തുറമുഖം ഉള്‍പ്പെടെയുള്ള സ്ഥലം പണയപ്പെടുത്തി വായ്പയെടുക്കാമെന്ന വ്യവസ്ഥയും. എന്നാല്‍, ഈ സൗകര്യം ദുര്‍വിനിയോഗം ചെയ്യരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുമില്ല. തുറമുഖ നിര്‍മാണ പദ്ധതി തയ്യാറാക്കിയത് അമേരിക്കന്‍ കമ്പനിയായ എയ്‌കോം ആണ്. 2013ല്‍ 691 കോടിയായിരുന്ന പദ്ധതിച്ചെലവ് 2015ല്‍ 934 കോടിയായി. ഇത് എന്തുകൊണ്ടാണെന്നു വിശദമാക്കാന്‍ കമ്പനിയുടെ മുന്‍ എംഡിയോടും കേരളത്തിന്റെ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസിനോടും കമ്മീഷന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നും തുറമുഖ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറികൂടിയായ ജെയിംസ് വര്‍ഗീസ് വിശദീകരിച്ചു. പദ്ധതി സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ ഏജന്‍സിയായ എയ്‌കോമി—ന്റെ റിപോര്‍ട്ടുകളെല്ലാം ഹാജരാക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതേസമയം, കമ്മീഷന്റെ നിരീക്ഷണങ്ങള്‍ വാര്‍ത്തകളായി മാധ്യമങ്ങളില്‍ വരുന്നത് നിയന്ത്രിക്കണമെന്ന് സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടെങ്കിലും ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ തയ്യാറായില്ല. കമ്മീഷന്റെ അഭിപ്രായം റിപോര്‍ട്ടിലാവും ഉണ്ടാവുകയെന്നും സിറ്റിങിനിടെ നടത്തുന്ന നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും വാര്‍ത്തകളാവുന്നത് സ്വാഭാവികമാണെന്നും ചെയര്‍മാന്‍ വിശദമാക്കി. സിറ്റിങ് ഇന്നും തുടരും.
Next Story

RELATED STORIES

Share it