വിവാദ ലേഖനത്തിനു പിന്നില്‍ കോണ്‍ഗ്രസ്സിലെ അസംതൃപ്തര്‍

മുംബൈ: ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സോണിയാ ഗാന്ധിയെയും കുറിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ അപകീര്‍ത്തിപരമായ ലേഖനങ്ങള്‍ വന്നതിനു പിറകില്‍ പാര്‍ട്ടിയിലെ അസന്തുഷ്ടരുടെ ഇടപെടല്‍ ഉണ്ടായതായി കോണ്‍ഗ്രസ് മുംബൈ മേഖലാ കമ്മിറ്റി. ലേഖനങ്ങള്‍ മുഖപത്രത്തില്‍ വന്നതും ഇവ പുറത്തായതും സംബന്ധിച്ചു പാര്‍ട്ടി നേതൃത്വം വിവരങ്ങള്‍ തേടിയിട്ടുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുംബൈ ഘടകം വിശദീകരണം നല്‍കിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇതുസംബന്ധിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചോ എന്ന ചോദ്യത്തിനു മുഖപത്രങ്ങളിലെ എഡിറ്റോറിയല്‍ കണ്ടന്റ് കോഡിനേറ്ററെ നീക്കംചെയ്തതോടെ എല്ലാം അവസാനിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ മുന്‍കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമായാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം വക്താവ് ആനന്ദ് ഗാവ്ഗില്‍ പറഞ്ഞു. നെഹ്‌റുവും സര്‍ദാര്‍ വല്ലഭായി പട്ടേലും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നു പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നു സംശയിക്കേണ്ടതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പത്രമായ കോണ്‍ഗ്രസ് ദര്‍ശനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെത്തുടര്‍ന്നു പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ കണ്ടന്റ് കോ-ഓഡിനേറ്റര്‍ സഞ്ജയ് നിരുപമിനെ തല്‍സ്ഥാനത്തുനിന്നു കഴിഞ്ഞദിവസം നീക്കിയിരുന്നു.ജവഹര്‍ലാല്‍ നെഹ്‌റുവും ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി കോണ്‍ഗ്രസ് ദര്‍ശനില്‍ വന്ന ലേഖനത്തില്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it