വിവാദ ഭൂമി വില്‍പന വ്യാജ കത്ത് പ്രചാരണം; പോലിസ് അന്വേഷണം തുടങ്ങി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പനയടക്കമുള്ള വിഷയങ്ങളില്‍ തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ കത്ത് പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിരൂപത സഹായ മെത്രാന്‍ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സൈബര്‍ പോലിസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
''ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളില്‍ എന്റെ യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന്  ആദ്യമേ  തന്നെ  അറിയിക്കട്ടെ'' എന്നാണ് മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ പേരില്‍ പ്രചരിക്കുന്ന കത്തിന്റെ തുടക്കം. ''നമ്മുടെ അതിരൂപതയിലെ ഏതാനും ചില വൈദികര്‍ അധികാരസ്ഥാനത്തിരിക്കുന്ന ചില വ്യക്തികളുടെ ഒത്താശയോടെ സഭാധ്യക്ഷനെയും  അതിരൂപതയെയും താറടിച്ചുകാണിക്കാനുള്ള കുല്‍സിത ശ്രമങ്ങളില്‍ ഓരോരുത്തരും ജാഗരൂഗരായിരിക്കുക. പ്രാദേശിക വാദത്തിന്റെയും ആരാധനാക്രമ തര്‍ക്കങ്ങളുടെയും വിദ്വേഷസര്‍പ്പം വൈദികരെ തെരുവിലിറക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചപ്പോള്‍ തോറ്റത് കാല്‍വരിയില്‍ ചൊരിഞ്ഞ കര്‍ത്താവിന്റെ ദിവ്യനിണമാണ്.
പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പോലും ഇതേവരെ ഐക്യത്തില്‍ എത്തിച്ചേരാനായിട്ടില്ല. സഭാപിതാക്കന്മാരുടെയും സിനഡിന്റെയും നിര്‍ദേശങ്ങളെ അവഗണിച്ച് പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന തരത്തിലുള്ള ബലിയര്‍പ്പണമാണ് ഇന്ന് നമ്മുടെ അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നിരത്തി അവരെ സമൂഹമധ്യത്തില്‍ അവഹേളിക്കാനൊരുങ്ങുമ്പോള്‍ നമ്മള്‍ സ്വയം തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. ശത്രുവിനെ ഏതുവിധേനയും നിലംപരിശാക്കാന്‍ കോടതിവ്യവഹാരത്തിലേക്കും തെരുവുതര്‍ക്കങ്ങളിലേക്കും കാര്യങ്ങള്‍ നീക്കുന്നവര്‍ എത്ര ഉന്നതസ്ഥാനത്തിരിക്കുന്നവരായാലും ദൈവതിരുമുമ്പില്‍ ഉത്തരം പറയേണ്ടതായി വരും.
സമാധാനത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതിന് എനിക്കെതിരേ അധിക്ഷേപങ്ങള്‍ വരെ ഉന്നയിക്കുകയുണ്ടായി. അര്‍ഹമല്ലാത്ത സ്ഥാനമാനങ്ങള്‍ വളഞ്ഞ വഴികളിലൂടെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നവര്‍ തകര്‍ക്കുന്നത് അനേകം തലമുറകളിലൂടെ സമ്പാദിച്ച വിശ്വാസത്തിന്റെ കെട്ടുറപ്പാണ്...'' എന്നിങ്ങനെയാണ് കത്തിന്റെ ഉള്ളടക്കം. എന്നാല്‍, കത്ത് വ്യാജമാണെന്ന് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. ജനങ്ങളെയും വൈദികരെയും തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it