വിവാദ ഭൂമി ഇടപാട്‌: വിശ്വാസികള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാവുന്നു; കോലം കത്തിച്ചതിനെതിരേ ഒരു വിഭാഗം രംഗത്ത്‌

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അതിരൂപതയിലെ വിശ്വാസികള്‍ക്കിടയില്‍ ചേരിപ്പോര് വീണ്ടും രൂക്ഷമാവുന്നു.
വിഷയത്തില്‍ ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അതിരൂപതാ ആസ്ഥാനത്തിനു മുമ്പില്‍ ഒരു വിഭാഗം വിശ്വാസികളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) പ്രവര്‍ത്തകര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ചതിനെതിരേ അല്‍മായ സംഘടനകളുടെ മുന്‍കാല നേതാക്കളായ ഒരു വിഭാഗം രംഗത്ത്. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെ അതിരൂപതയിലെ വിവിധ ഒൗദ്യോ ഗിക അല്‍മായ സംഘടനകളുടെ നേതൃത്വത്തിലുള്ളവരും മു ന്‍കാല നേതാക്കളുമടക്കം 50ഓളം പേരാണു രംഗത്തെത്തിയിരിക്കുന്നത്. അതിരൂപതാ ആസ്ഥാനത്തിനു മുമ്പില്‍ കര്‍ദിനാളിന്റെ കോലം കത്തിച്ചത് ഹീനമായ നടപടിയാണെന്ന് ഇവര്‍ പറഞ്ഞു.
എഎംടി എന്ന അനൗദ്യോ ഗിക സംഘടനയുടെ മറവില്‍ ഏതാനും പേര്‍ ചേര്‍ന്നു നടത്തിയ കോലം കത്തിക്കല്‍ സഭയിലെ പ്രശ്‌നങ്ങള്‍ തീരരുതെന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചിലരുടെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും ഇവര്‍ ആരോപിച്ചു. കര്‍ദിനാളിന്റെ കോലം കത്തിച്ച് സഭയില്‍ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ നടപടികള്‍ വച്ചുപൊറുപ്പിക്കാനാവില്ല. കര്‍ദിനാളിന്റെ കോലം കത്തിച്ചതിലൂടെ കത്തിയമര്‍ന്നത്  വിശുദ്ധമായ പൗരോഹിത്യ സങ്കല്‍പവും 50 ലക്ഷം വിശ്വാസികളുടെ ആത്മാഭിമാനവുമാണെന്നും ഇവര്‍ പറഞ്ഞു. സഭയിലെ പ്രശ്‌നങ്ങള്‍ക്ക് ക്രിസ്തീയമായ രീതിയില്‍ പരിഹാരം കാണുകയാണു വേണ്ടത്. അഞ്ചോ ആറോ പേരു മാത്രമുള്ള എഎംടി എന്ന സഭാവിരുദ്ധ സംഘം അക്രമവും കലാപവും ആഹ്വാനം ചെയ്യുന്നതിലൂടെ അതിരൂപതയിലെ വിശ്വാസി സമൂഹത്തെ അപമാനിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. എഎംടിക്കാരെ ചിലര്‍ പ്രോല്‍സാഹിപ്പിക്കുന്നതു കുട്ടിക്കുരങ്ങന്‍മാരെക്കൊണ്ടു ചുടുചോറ് വാരിക്കുന്നതുപോലെയാണ്. കര്‍ദിനാളിന്റെ കോലം കത്തിച്ചതിനെതിരായ പ്രതിഷേധം മെത്രാന്‍മാരെ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പനയെ തുടര്‍ന്ന് അതിരൂപത വന്‍ കടക്കെണിയിലാണെന്നും ഈ സാഹചര്യത്തില്‍ ഭൂമി ഇടപാടില്‍ ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  സ്ഥാന ത്യാഗം ചെയ്യണമെന്നുമാവശ്യപ്പെട്ട് നാളുകളായി എഎംടി പ്രവര്‍ത്തകര്‍ സമരത്തിലാണ്. സമരത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ കഴിഞ്ഞദിവസമാണ് എംഎംടി പ്രവര്‍ത്തകര്‍ അതിരൂപതാ ആസ്ഥാനത്തിനു മുമ്പില്‍ കര്‍ദിനാളിന്റെ കോലം കത്തിച്ചത്. കര്‍ദിനാള്‍ സ്ഥാനത്ത് നിന്നു മാറാതെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ ഒരു പൊതുപരിപാടിയിലും അദ്ദേഹത്തെ പങ്കെടുപ്പിക്കില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it