വിവാദ ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെതിരേ കേസ്

കണ്ണൂര്‍: കന്യാമറിയത്തിന്റെ ഉടലിനൊപ്പം സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ മുഖംവച്ച് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റിട്ട സംഭവത്തില്‍ പോലിസ് കേസെടുത്തു. ആരോപണവിധേയനായ അരുണിനെതിരെയാണ്
ഐപിസി 295(എ) പ്രകാരം പേരാവൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അരുണിനെ സിപിഎമ്മും ഡിവൈഎഫ്‌ഐയും തള്ളിപ്പറയുകയും മതവികാരം ആളിക്കത്തിക്കുന്ന വിധത്തില്‍ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മനോരമയ്ക്കു വക്കീല്‍ നോട്ടീസ് അയച്ചതിനും തൊട്ടുപിന്നാലെയാണ് പോലിസ് നടപടി. സംഭവത്തില്‍ നേരത്തെ പേരാവൂര്‍ പോലിസും സൈബര്‍ സെല്ലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സൈബര്‍ സെല്‍ റിപോര്‍ട്ട് പേരാവൂര്‍ പോലിസിന് ലഭിച്ചില്ലെന്നാണു സൂചന.
അരുണിന്റെ മൊബൈല്‍ ഫോണ്‍വിളികള്‍ സംബന്ധിച്ചും ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പ്രൊഫൈലുകളുടെ ഉപയോഗം സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ശരത് ചന്ദ്രന്‍ നല്‍കിയ പരാതിയിലാണു നടപടി. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. അതിനിടെ, നിരുത്തരവാദപരമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നു യുവജനസംഘടനകള്‍ക്കും പാര്‍ട്ടി അണികള്‍ക്കും സിപിഎം നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it