വിവാദ ഫേസ്ബുക്ക് ഗ്രൂപ്പ്: അന്വേഷണം ഗള്‍ഫിലേക്കും

തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിക്കെതിരായ അന്വേഷണം ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് പോലിസ്. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്വദേശത്തും വിദേശത്തുമായി നിരവധി മദ്യസല്‍കാരങ്ങളും ഡിജെ പാര്‍ട്ടികളും നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിച്ചത്. ഗ്രൂപ്പിന് പിന്നില്‍ ചില മദ്യക്കമ്പനികള്‍ക്കും അരാജക സംഘങ്ങള്‍ക്കും ബന്ധമുള്ളതായി പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്.
അതിനിടെ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരേ പോലിസ് നടപടി കൂടുതല്‍ കര്‍ശനമാക്കി. ഗ്രൂപ്പ് സ്ഥാപകരായ അജിത്തിനെയും ഭാര്യയെയും കൂടാതെ അഡ്മിന്‍ പാനലിലെ മറ്റ് 37പേര്‍ക്കെതിരെയും കേസെടുക്കാന്‍ പോലിസ് തീരുമാനിച്ചു. മതസ്പര്‍ധ വളര്‍ത്തല്‍, മദ്യപാനത്തിന് പ്രോല്‍സാഹനം നല്‍കല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ അനധികൃത മദ്യവില്‍പ്പനയടക്കമുള്ള ഗുരുതര വകുപ്പുകളും പോലിസ് ചേര്‍ത്തു.
മദ്യപാനം പ്രചരിപ്പിക്കാന്‍ കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിന് ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചുവരികയാണ്്. അജിത്തും ഭാര്യയും ഒളിവിലാണെന്നാണ് പോലിസിന്റെ വിശദീകരണം.
കേസെടുത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
അജിത് കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളും വിദേശ യാത്രാവിവരങ്ങളും എക്‌സൈസ് പരിശോധിക്കും. ഗ്രൂപ്പ് വഴി ഇവര്‍ സാമ്പത്തികനേട്ടമുണ്ടാക്കിയെന്നാണ് എക്‌സൈസ് വിലയിരുത്തല്‍.
അജിത്കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കായി ടിക്കറ്റ് വച്ച് മദ്യസല്‍ക്കാരം നടത്തിയതിനുള്ള തെളിവുകള്‍ എക്‌സൈസ് കണ്ടെത്തിയിരുന്നു. മദ്യം സൗജന്യമായി നല്‍കുന്ന പാര്‍ട്ടികളും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. പേജ് മരവിപ്പിക്കാന്‍ ഫേസ്ബുക്കിന് കത്തുനല്‍കാനും അധികൃതര്‍  തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it