വിവാദ പ്രസ്താവന; വിശദീകരണവുമായി അഫ്രീദി

വിവാദ പ്രസ്താവന; വിശദീകരണവുമായി അഫ്രീദി
X
Afridi_2774387f

കൊല്‍ക്കത്ത: ഇന്ത്യയെ പുകഴ്ത്തിപ്പറഞ്ഞത് വിവാദമായതോടെ വിശദീകരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ശാഹിദ് അഫ്രീദി രംഗത്ത്. ജന്‍മനാടിനെ ഇകഴ്ത്തിക്കാണിക്കുകയെന്ന ലക്ഷ്യത്തോടെയെല്ല താന്‍ ഇങ്ങനെ പറഞ്ഞതെന്നും ഇന്ത്യയോടുള്ള ബഹുമാനം കാണിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അഫ്രീദി വ്യക്തമാക്കി.
''ഞാന്‍ പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റന്‍ മാത്രമല്ല. പാകിസ്താനിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധി കൂടിയാണ്. കാര്യങ്ങളെ പോസിറ്റീവായി കാണുന്ന ഒരാളാണെങ്കില്‍ എന്റെ പ്രസ്താവനയില്‍ കുഴപ്പമുള്ളതായി തോന്നില്ല. എന്നാല്‍ ഏതു കാര്യ വും നെഗറ്റീവായി കാണുന്നവര്‍ക്ക് ഞാന്‍ പറഞ്ഞത് തെറ്റായി തോന്നാം.
പാകിസ്താനിലെ ആരാധകരേക്കാള്‍ മുകളിലാണ് എനിക്ക് ഇന്ത്യയിലെ ആരാധകര്‍ എന്ന് പ്രസ്താവന കൊണ്ട് അര്‍ഥമില്ല. പാകിസ്താന്‍ തന്നെയാണ് എനിക്ക് ഏറ്റവും പ്രധാനം. കാരണം ജന്‍മം കൊണ്ട് ഞാനൊരു പാകിസ്താന്‍കാരനാണ്''- അഫ്രീദി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
''ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ പോസിറ്റീവായി മറുപടി നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്. കാരണം ഞാന്‍ എന്തു തന്നെ പറഞ്ഞാലും അതു ലോകം മുഴുവന്‍ കേള്‍ക്കുമെന്നറിയാം. അതുകൊണ്ടു തന്നെ വളരെ പോസിറ്റീവായി ഇന്ത്യയില്‍ കളിക്കുന്നതിനെക്കുറിച്ച് ഞാന്‍ പ്രതികരിക്കുകയായിരുന്നു.
ഞങ്ങളുടെ മുന്‍ താരങ്ങളായ വ സീം അക്രം, വഖാര്‍ യൂനുസ്, ഇന്‍സിമാമുല്‍ ഹഖ് ഇവരില്‍ ആരുമാവട്ടെ എല്ലാവരും ഇന്ത്യയെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. കാരണം ക്രിക്കറ്റിനെ ജീവനു തുല്യം സ്‌നേഹിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇംറാന്‍ ഭായിയോട് (ഇംറാന്‍ ഖാന്‍) ചോദിച്ചുനോക്കൂ. ക്രിക്കറ്റ് ഇന്ത്യക്കാര്‍ക്ക് മതമാണെന്ന് അദ്ദേഹം മറുപടി നല്‍കും''- താരം വിശദമാക്കി.
ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ തമ്മില്‍ ഐക്യവും സ്‌നേഹവും കൊണ്ടുവരാന്‍ ക്രിക്കറ്റിനു സാധിക്കുമെന്ന് ലോകത്തെ അറിയിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ആരാധകരില്‍ നിന്നു ലഭിച്ചതുപോലെ സ്‌നേഹം തനിക്ക് ജന്‍മനാട്ടില്‍ നിന്നു പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന അഫ്രീദിയുടെ പ്രസ്താവനയാണ് വിവാദമായത്. പാകിസ്താനിലെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ ജന്‍മനാടിനോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് അഫ്രീദിക്കു നോട്ടീസയച്ചപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് താരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it