വിവാദ പ്രസ്താവന: മഹാരാഷ്ട്ര എജി രാജിവച്ചു

മുംബൈ: മറാത്ത്‌വാഡ മേഖലയ്ക്ക് സംസ്ഥാനപദവി വേണമെന്ന വിവാദ പ്രസ്താവന നടത്തിയ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറല്‍ ശ്രീഹരി അനെ രാജിവച്ചു. ചൊവ്വാഴ്ച രാവിലെ അനെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് രാജിക്കത്ത് കൈമാറുകയായിരുന്നു. മറാത്ത്‌വാഡയിലെ ജല്‍ന ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അനെ വിവാദപ്രസ്താവന നടത്തിയത്. വിദര്‍ഭ മേഖലയേക്കാള്‍ അനീതി അനുഭവിക്കുന്ന മറാത്ത്‌വാഡയ്ക്ക് സംസ്ഥാനപദവി ലഭിക്കുന്നതിനു ഡല്‍ഹിയില്‍ സമ്മര്‍ദം ചെലുത്തണമെന്നായിരുന്നു അനെ പറഞ്ഞത്. നേരത്തെ വിദര്‍ഭ സംസ്ഥാനത്തിനു വേണ്ടി ഹിതപരിശോധന നടത്തണമെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു.
അനെയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. അനെയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷ കക്ഷികളും നിയമസഭയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. അനെയെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ഇരുവിഭാഗവും വെവ്വേറെ പ്രമേയവും കൊണ്ടുവന്നു. അഡ്വക്കറ്റ് ജനറലിനെ പിരിച്ചുവിടുന്നതുവരെ മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുമെന്ന് ശിവസേന മുന്നറിയിപ്പു നല്‍കിയിരുന്നു. അനെ നേരത്തെ വിദര്‍ഭ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതായി ശിവസേന നേതാവ് രാംദാസ് കദം പറഞ്ഞു.
സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറല്‍ മറാത്ത്‌വാഡയ്ക്ക് പ്രത്യേക സംസ്ഥാനപദവി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഫഡ്‌നാവിസിന് മുഖ്യമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് ശിവസേന അഭിപ്രായപ്പെട്ടു. ശിവസേന മുഖപത്രമായ സാമ്‌നയും മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ് മുഖ്യമന്ത്രിയെ പക്ഷപാതിയെന്ന് വിശേഷിപ്പിച്ചപ്പോള്‍ ഫഡ്‌നാവിസ് അദ്ദേഹത്തിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അന്ന് തന്റെ സ്ഥാനത്തേയും അന്തസ്സിനെയും കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി മഹാരാഷ്ട്രയെ അപമാനിച്ച അനെക്കെതിരേ നടപടിയെടുക്കാത്തതെന്തുകൊണ്ടാണ് -സാമ്‌ന ചോദിച്ചു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് അനെയെ അഡ്വക്കറ്റ് ജനറലായി ബിജെപി സര്‍ക്കാര്‍ നിയമിച്ചത്. മുഖ്യമന്ത്രിയുടെയോ ഗവര്‍ണറുടെയോ ആവശ്യപ്രകാരമല്ല താന്‍ രാജിവച്ചതെന്ന് ശ്രീഹരി അനെ അറിയിച്ചു. അനെയുടെ രാജി സ്വീകരിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.
Next Story

RELATED STORIES

Share it