വിവാദ പ്രസ്താവന; മന്ത്രിമാര്‍ക്കെതിരേ രാജ്‌നാഥ് സിങ്

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരേ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പ്രസ്താവന നടത്തുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഹരിയാനയില്‍ ദലിത് കുടുംബത്തിലെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തെ പട്ടിയെ കല്ലെറിയുന്നതിനോട് ഉപമിച്ച മന്ത്രി വി കെ സിങിന്റെ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് രാജ്‌നാഥ് സിങിന്റെ താക്കീത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ മന്ത്രിമാര്‍ ജാഗ്രത പാലിക്കണം. പറഞ്ഞതിനു ശേഷം പ്രസ്താവന വളച്ചൊടിച്ചതാണെന്നു പറഞ്ഞു തലയൂരാനാവില്ലെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പു നല്‍കി.
തങ്ങള്‍ ഭരണകക്ഷിയുടെ പ്രവര്‍ത്തകരാണെന്നും ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രിമാര്‍ സ്വയം മനസ്സിലാക്കണം. എന്തെങ്കിലും പറയുന്നതിനു മുമ്പ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. അനവസരത്തിലുള്ള പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ സംയമനം പാലിക്കേണ്ടതുണ്ടെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. ദലിത് കുട്ടികളുടെ മരണത്തില്‍ വി കെ സിങും ഉത്തരേന്ത്യക്കാരെ അധിക്ഷേപിച്ചു മന്ത്രി കിരണ്‍ റിജിജുവും നടത്തിയ പ്രസ്താവനകള്‍ സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാട്ടിറച്ചി നിരോധനം, ദാദ്രി കൊലപാതകം, ഫരീദാബാദിലെ കുട്ടികളുടെ മരണം തുടങ്ങി സര്‍ക്കാര്‍ പ്രതിരോധത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് മന്ത്രിമാര്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത്.
അതിനിടെ, ദലിത് വിരുദ്ധ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി വി കെ സിങിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പോലിസില്‍ പരാതി നല്‍കി.
എസ്‌സി-എസ്ടി നിയമം അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയും വി കെ സിങിന്റെ രാജി ആവശ്യപ്പെട്ടു.
ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയ സിങിനെ ജയിലില്‍ അടയ്ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. സിങിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം. പ്രധാനമന്ത്രി അതിനു തയ്യാറാകുന്നില്ലെങ്കില്‍ അംബേദ്കര്‍ക്കു സ്മാരകം നിര്‍മിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ദലിത് വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമാക്കിയുള്ളതാണെന്നു വ്യക്തമാകുമെന്നും മായാവതി മുന്നറിയിപ്പു നല്‍കി.
വി കെ സിങിന്റെ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു ദേശീയ പട്ടികജാതി കമ്മീഷന്‍ ഗാസിയാബാദ് എസ്എസ്പിക്ക് നോട്ടീസ് അയച്ചു. എസ്‌സി-എസ്ടി നിയമപ്രകാരം മന്ത്രിക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നാണ് നോട്ടീസില്‍ ചോദിക്കുന്നത്.
ഹരിയാനയില്‍ ദലിത് കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം 'സംഭവം ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാരിന്റെ പരാജയമാണോ' എന്നു ചോദിച്ചപ്പോള്‍ 'വല്ലവരും നായയെ കല്ലെറിഞ്ഞാല്‍ അതെങ്ങനെ കേന്ദ്രസര്‍ക്കാരിന്റെ കുറ്റമാകും' എന്നാണ് മുന്‍ കരസേനാ മേധാവി കൂടിയായ ജനറല്‍ വി കെ സിങ് മറുപടി പറഞ്ഞത്.
ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, ഉത്തരേന്ത്യക്കാര്‍ നിയമലംഘനം ആസ്വദിക്കുന്നവരാണെന്ന വിവാദ പരാമര്‍ശം നടത്തിയത്.
Next Story

RELATED STORIES

Share it