Flash News

വിവാദ പ്രസംഗം : മണിക്കെതിരായ ഹരജികള്‍ ഹൈക്കോടതി തള്ളി



കൊച്ചി: മൂന്നാറിലെ പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങും ജസ്റ്റിസ് രാജാ വിജയരാഘവനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിക്കെതിരേ മുഖ്യമന്ത്രി നേരിട്ടു നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടു പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ്  ഹരജി സമര്‍പ്പിച്ചത്. മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു. നിര്‍ദേശം നല്ലതാണെങ്കിലും അത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍ പെടുന്നതാണ്. ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം പൊതുപ്രവര്‍ത്തകരുടെ സംസാരം സഭ്യമാവണമെന്നു ഹൈക്കോടതി നിരീക്ഷിച്ചു.  ഭരണഘടനാപരമായ കാര്യങ്ങളില്‍ കോടതി ഇടപടെുന്നില്ലെന്നും ഈ കേസില്‍ സത്യപ്രതിജ്ഞാലംഘനം നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.  മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തിയ സമരവുമായി ബന്ധപ്പെട്ട് മന്ത്രി എം എം മണി അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗമാണ്് വിവാദമായത്. തുടര്‍ന്ന് മന്ത്രി മണിക്കെതിരേ മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടന്നിരുന്നു. വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം എം മണിക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഡി ബിനു മന്ത്രിയുടെ  പ്രസംഗത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. മണിയുടെ പ്രസംഗം വിശദമായി പരിശോധിച്ച പോലിസ്, പ്രസംഗം കേട്ടവരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിക്കെതിരേ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കി പരാതി തള്ളിക്കളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it